മലപ്പുറം-സംവരണത്തിന്‍റെ കാര്യത്തിൽ പല പാർട്ടികൾക്കും ഉറച്ച അഭിപ്രായമില്ലെന്ന് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. ശിഹാബ് തങ്ങൾ പഠന ഗവേഷണ കേന്ദ്രവും മലപ്പുറം ഗവ: കോളജ് യൂണിയനും സംയുക്തമായ സംഘടിപ്പിച്ച സംവരണ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംവരണ കാര്യത്തിൽ അഭിപ്രായമുണ്ടെന്ന് പറയുകയും തീരുമാനത്തോടടുക്കുമ്പോൾ അഴകൊഴമ്പൻ നിലപാട് എടുക്കുകയും ചെയ്യുന്നവരാണ് മിക്ക പാർട്ടികളും. രാജ്യത്ത് നിലനിൽക്കുന്ന പിന്നോക്കാവസ്ഥ സാമ്പത്തികമല്ല, ജാതി അടിസ്ഥാനത്തിലുള്ളതാണ്. അത് മാറാൻ സമയമെടുക്കും. സാമ്പത്തിക സംവരണം കൊണ്ടുവന്നത് സംവരണാനുകൂല്യം ഇല്ലായ്മ ചെയ്യാനാണെന്നും അത്തരത്തിലുള്ള പലതരം കളികൾ തുടർന്നും നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
സംവരണത്തോട് മതിപ്പില്ലാത്തവരാണ് രാജ്യം ഭരിക്കുന്നത്. അതുകൊണ്ടുതന്നെ സംവരണത്തിനുവേണ്ടിയുള്ള ശബ്ദം ഉറക്കേ ഉയരേണ്ട കാലമാണിത്. പിന്നോക്കവിഭാഗങ്ങൾ കൂടുതലായി വോട്ടുചെയ്യുന്ന രാഷ്ട്രീയ പാർട്ടികളാണ് ജാതി സെൻസസ് എന്ന ആവശ്യം ഇപ്പോൾ ഉയർത്തികൊണ്ടുവന്നത്. എന്നാൽ, ഇക്കാര്യത്തിൽ അവർക്ക് ഉറച്ചുനിൽക്കാനോ തീരുമാനമെടുപ്പിക്കാനോ കഴിഞ്ഞില്ല. ഇപ്പോഴും അത് ചർച്ച ചെയ്യുന്ന സ്ഥിതിയാണ്. സംവരണത്തിന്‍റെ കാര്യത്തിലും ജാതി സെൻസസ് വിഷയത്തിലും ഉറച്ച നിലപാടുള്ള മുസ്ലിംലീഗ് ഈ ആവശ്യമുന്നയിച്ചുള്ള പ്രക്ഷോഭവുമായി ശക്തിയുക്തം മുന്നോട്ടുപോകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ശിഹാബ് തങ്ങൾ പഠന കേന്ദ്രം ചെയർമാൻ എ.കെ. സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. പി. ഉബൈദുല്ല എം.എൽ.എ, പ്രിൻസിപ്പൽ ഡോ. പി ഖദീജ, പഠനകേന്ദ്രം ഡയറക്ടർ അബ്ദുല്ല വാവൂർ, ഡോ. സൈനുൽ ആബിദ്കോട്ട, പി.വി. അഹമ്മദ് സാജു, ഡോ. പി. ബഷീർ, യൂണിയൻ ചെയർമാൻ മുഹമ്മദ് ഫവാസ്, എ.എം. അബൂബക്കർ എന്നിവർ പ്രസംഗിച്ചു. വി.ആർ. ജോഷി, ഡോ. പി.നസീർ, ഡോ. അമൽ സി. രാജൻ എന്നിവർ വിഷയം അവതരിപ്പിച്ചു.