Sorry, you need to enable JavaScript to visit this website.

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിന് നാളെ കിക്കോഫ്

മേഘാലയ x സര്‍വീസസ്
ബുധന്‍ രാവിലെ 7.30
അസം x കേരളം
ബുധന്‍ ഉച്ച 12.00
ഗോവ x അരുണാചല്‍
ബുധന്‍ വൈകു: 4.30
(സൗദി സമയം)


ഇറ്റാനഗര്‍ - പ്രാഥമിക റൗണ്ടില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട കേരളം സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടില്‍ ബുധനാഴ്ച പോരാട്ടം തുടങ്ങുന്നു. അസമുമായാണ് കേരളത്തിന്റെ പോരാട്ടം. ഗ്രൂപ്പ് ഡി-യില്‍ ഒന്നാം സ്ഥാനക്കാരായി ഫൈനല്‍ റൗണ്ടിലെത്തിയ ടീമാണ് അസം. റെയില്‍വേസും രാജസ്ഥാനും ചണ്ഡീഗഢും ബിഹാറും ഹിമാചല്‍പ്രദേശുമടങ്ങുന്ന ഗ്രൂപ്പില്‍ അവര്‍ അഞ്ച് കളിയും ജയിച്ചു. 20 ഗോളടിച്ചു, ഒരെണ്ണം പോലും വഴങ്ങിയില്ല. അതേസമയം കേരളം കഷ്ടിച്ചാണ് മികച്ച രണ്ടാം സ്ഥാനക്കാരിലൊന്നായി മുന്നേറിയത്. ഗ്രൂപ്പ് എ-യിലെ അവസാന മത്സരത്തില്‍ ഗോവയോട് ടീം തോല്‍ക്കുകയായിരുന്നു. 
ഇത്തവണ പുതിയ രൂപത്തിലാണ് ഫൈനല്‍ റൗണ്ട്. 12 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി മത്സരിക്കുന്നു. ഓരോ ഗ്രൂപ്പില്‍ നിന്നും നാല് വീതം ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും. 
തിരുവനന്തപുരത്തിന്റെ മധ്യനിര താരം നിജോ ഗില്‍ബെര്‍ട്ടിന്റെ നേതൃത്വത്തിലാണ് കേരളം ഇറങ്ങുന്നത്. തുടര്‍ച്ചയായി മൂന്നാം തവണ ടീമിലെത്തുന്ന നിജോ 2022ല്‍ സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലും അംഗമായിരുന്നു. എറണാകുളത്ത് നിന്നുള്ള പ്രതിരോധ താരം സഞ്ജു ജി ആണ് ഉപനായകന്‍. സതീവന്‍ ബാലന്‍ മുഖ്യ പരിശീലകന്‍.പ്രാഥമിക റൗണ്ട് കളിച്ച കേരളാ ടീമില്‍ മൂന്ന് മാറ്റങ്ങളുണ്ട്. ബിജേഷ് ബാലനും കെ. ജുനൈനും പരിക്കേറ്റതിനാല്‍ വിട്ടുനില്‍ക്കുകയാണ്. കണ്ണൂരില്‍ കഴിഞ്ഞ ദിവസം അവസാനിച്ച കേരളാ പ്രീമിയര്‍ ലീഗിലെ മികച്ച കളിക്കാരനായ മുഹമ്മദ് മഹ്ദിയെ ടീമിലെടുക്കാനുദ്ദേശിച്ചെങ്കിലും മിഡ്ഫീല്‍ഡര്‍ക്ക് പരിക്കേറ്റു. പ്ലേയിംഗ് ഇലവനിലെത്തേണ്ട കളിക്കാരനായിരുന്നു മഹ്ദിയെന്ന് കോച്ച് സതീവന്‍ ബാലന്‍ പറഞ്ഞു. പകരം അഖില്‍ ചന്ദ്രനും ഗിഫ്റ്റി ഗ്രേഷ്യസിനും സഫ്‌നീദിനും അവസരം നല്‍കി. സഫ്‌നീദാണ് ടീമിലെ ഏക പുതുമുഖം. 
ഇരുപത്തിരണ്ടംഗ ടീമില്‍ ആറു പേര്‍ കെ.എസ്.ഇ.ബിയില്‍ നിന്നാണ്. കേരളാ പോലീസില്‍ നിന്ന് മൂന്നു പേരുണ്ട്. കേരളാ യുനൈറ്റഡും മൂന്നു പേരെ ടീമിലേക്ക് സംഭാവന ചെയ്യുന്നു. ഈസ്റ്റ്ബംഗാള്‍, കേരള വര്‍മാ കോളേജ്, തൃശൂര്‍, ഗോകുലം കേരള, ബ്ലാക്ക്‌ഹോഴ്‌സ് എഫ്.സി, റിയല്‍ മലബാര്‍, ബാസ്‌കൊ, വയനാട് യുനൈറ്റഡ്, മുത്തൂറ്റ് എഫ്.എ എന്നീ ക്ലബ്ബുകളില്‍ നിന്നാണ് മറ്റു കളിക്കാര്‍.
ഏറ്റവും കൂടുതല്‍ കളിക്കാര്‍ മലപ്പുറം ജില്ലയില്‍ നിന്നാണ് ആറു പേര്‍. കെ. മുഹമ്മദ് അസ്ഹര്‍, പി.പി. മുഹമ്മദ് നിഷാദ്, പി.പി. മുഹമ്മദ് സഫ്‌നീദ്, എന്‍.പി അക്ബര്‍ സിദ്ദീഖ്, ബി. നരേഷ്, ഇ.കെ രിസവാന്‍ അലി എന്നിവര്‍. പാലക്കാടും എറണാകുളവും തിരുവനന്തപുരവും മൂന്നു പേരെ വീതം സംഭാവന ചെയ്യുന്നു. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി നായകനായിരുന്ന സഫ്‌നീദാണ് ടീമിലെ ഏക പുതുമുഖം. 
അരുണാചല്‍ പ്രദേശ്, മേഘാലയ, ഗോവ, അസം, സര്‍വിസസ് ടീമുകള്‍ ഉള്‍പ്പെടുന്ന പ്രയാസകരമായ ഗ്രൂപ്പ് എയിലാണ് കേരളം. 
ഗോള്‍കീപ്പര്‍മാര്‍: മുഹമ്മദ് അസ്ഹര്‍ കെ (മലപ്പുറം, കേരളാ പോലീസ്), മുഹമ്മദ് നിഷാദ് പി.പി (മലപ്പുറം, ഈസ്റ്റ്ബംഗാള്‍), സിദ്ധാര്‍ഥ് രാജീവന്‍ നായര്‍ (കോഴിക്കോട്, കേരളാ യുനൈറ്റഡ്).
പ്രതിരോധനിര: ബെല്‍ജിന്‍ ബോല്‍സ്റ്റര്‍ (തിരുവനന്തപുരം, കെ.എസ്.ഇ.ബി), ഷിനു ആര്‍ (തിരുവനന്തപുരം, കെ.എസ്.ഇ.ബി), സഞ്ജു ജി (കേരളാ പോലീസ്), നിഥിന്‍ മധു (കേരളാ യുനൈറ്റഡ്), അഖില്‍ ജെ.ചന്ദ്രന്‍ (എറണാകുളം, ഗോകുലം കേരള), മുഹമ്മദ് സലീം (കോട്ടയം, കെ.എസ്.ഇ.ബി), സുജിത് വി.ആര്‍ (തൃശൂര്‍, കേരള വര്‍മ), ശരത് കെ.പി (തൃശൂര്‍, കേരള വര്‍മ).
മധ്യനിര: നിജോ ഗില്‍ബെര്‍ട്ട് (തിരുവനന്തപുരം, കെ.എസ്.ഇ.ബി), അര്‍ജുന്‍ വി (കോഴിക്കോട്, കെ.എസ്.ഇ.ബി), ജിതിന്‍ ജി (പാലക്കാട്, ബ്ലാക്ക് ഹോഴ്‌സ്), അക്ബര്‍ സിദ്ദീഖ് എന്‍.പി (മലപ്പുറം, വയനാട് യുനൈറ്റഡ്), മുഹമ്മദ് സഫ്‌നീദ് (മലപ്പുറം, റിയല്‍ മലബാര്‍), റിസ്‌വാന്‍ അലി ഇ.കെ (കണ്ണൂര്‍, കേരളാ യുനൈറ്റഡ്), അബ്ദു റഹീം (ഇടുക്കി, ബാസ്‌കൊ), ഗിഫ്റ്റി ഗ്രേഷ്യസ് (വയനാട്, കെ.എസ്.ഇ.ബി).
മുന്നേറ്റനിര: സജീഷ് ഇ (കേരളാ പോലീസ്), മുഹമ്മദ് ആഷിഖ് എസ് (പാലക്കാട്, ഗോകുലം കേരള), നരേഷ് ബി (മലപ്പുറം, മുത്തൂറ്റ് എഫ്.എ) മറ്റു ഒഫീഷ്യലുകള്‍: പി.കെ അസീസ് (അസി.കോച്ച്), ഹര്‍ഷല്‍ റഹ്മാന്‍ (ഗോള്‍കീപ്പര്‍ കോച്ച്), പി.എം സുധീര്‍കുമാര്‍ (മാനേജര്‍), റോഡ്രിഗസ് നെല്ലിശേരി (ഫിസിയോതെറാപിസ്റ്റ്).
ഇറ്റാനഗറിനടുത്ത യൂപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. ഇത്തവണ ഫഌ്‌ലൈറ്റിലും മത്സരങ്ങളുണ്ട്. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. പരിശീലനത്തിനായി മൂന്ന് ഗ്രൗണ്ട് സജ്ജമാക്കിയിട്ടുണ്ട. ഇതാദ്യമായാണ് അരുണാചല്‍പ്രദേശ് ഒരു പ്രധാന ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. 
ഫൈനല്‍ റൗണ്ട് വലിയ വെല്ലുവിളിയാവുമെന്ന് കേരളാ കോച്ച് സതീവന്‍ ബാലന്‍ കരുതുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഏറെ മുകളിലാണ് അരുണാചല്‍. അതിനാല്‍ കളിക്കാര്‍ ശ്വാസം കിട്ടാതെ പെട്ടെന്ന് തളരും. കൃത്രിമ പുല്ലുള്ള ഗ്രൗണ്ടിലാണ് കളി. അരുണാചലിലെ ഭക്ഷണരീതികളും ദക്ഷിണേന്ത്യന്‍ ടീമുകള്‍ക്ക് പരിചിതമല്ലാത്തതായിരിക്കും കോച്ച് ചൂണ്ടിക്കാട്ടി. പ്രതിസന്ധികളുമായി എളുപ്പം ഇണങ്ങുകയും ക്ഷമയോടെ പൊരുതകയുമാണ് വേണ്ടതെന്ന് കോച്ച ഓര്‍മിപ്പിച്ചു. 

Latest News