ആലപ്പുഴ- ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയപ്പോൾ ആലപ്പുഴ സി.പി.എമ്മിൽ പരിഹാരക്രിയകൾ. കഴിഞ്ഞ പാർട്ടി സമ്മേളന കാലത്തെ വിഭാഗീതയുടെ പേരിൽ തരംതാഴ്ത്തുകയും മാറ്റി നിർത്തുകയും ചെയ്ത നേതാക്കളെയെല്ലാം അവരവരുടെ പഴയ തട്ടകത്തിലേക്ക് കൊണ്ടുവന്നും പിരിച്ചുവിട്ട ഏരിയാ കമ്മിറ്റികൾ വേഗത്തിൽ പുനസംഘടിപ്പിച്ചുമാണ് പരിഹാരക്രിയകൾ നടത്തിയിരിക്കുന്നത്. യാതൊരു വിഭാഗീയതയും ഇനി ഉണ്ടാകരുതെന്ന മുന്നറിയിപ്പ് നൽകി പരിഹാരക്രിയകൾക്ക് നേതൃത്വം നൽകിയത് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനാണ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ മറ്റിടങ്ങൾ മുഴുവൻ കൈവിട്ടപ്പോഴും ഒപ്പം നിന്ന ആലപ്പുഴ ഇത്തവണയും എന്തുവിലകൊടുത്തും നിലനിർത്തണമെന്ന സന്ദേശം കൈമാറിയാണ് ഗോവിന്ദൻ മാസ്റ്റർ വിഭാഗീയതയുടെ മുന ഒടിക്കുകയാണെന്ന് ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തിൽ പറഞ്ഞത്.
ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് ഒഴിവാക്കിയിരുന്ന പി.പി. ചിത്തരഞ്ജൻ എം.എൽ.എ, എം. സത്യപാലൻ എന്നിവരെ തിരികെ എടുക്കുകയും ജില്ലയിലെ വിവിധ കമ്മിറ്റികളിലായി പാർട്ടി നടപടിയുടെ ഭാഗമായി തരംതാഴ്ത്തുകയും ഒഴിവാക്കുകയുമൊക്കെ ചെയ്തിരുന്ന നാൽപ്പതോളം പേരെ തിരികെ നിയമിക്കുകയും ചെയ്തു. വിഭാഗീയതയുടെ പേരിൽ പിരിച്ചുവിട്ട ഹരിപ്പാട്, ആലപ്പുഴ ഏരിയാ കമ്മിറ്റികൾ പുനസംഘടിപ്പിക്കുകയും ചെയ്തു. ഹരിപ്പാട്ട് സി. പ്രസാദിനെയും ആലപ്പുഴയിൽ അജയ് സുധീന്ദ്രനും ഏരിയാ സെക്രട്ടറിമാരാകും. തരംതാഴ്ത്തിയതിന്റെ പേരിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളെ ബാധിക്കരുതെന്ന ലക്ഷ്യത്തോടെയാണ് തിടുക്കപ്പെട്ട് പുനസംഘടനാ നടത്തിയിരിക്കുന്നത്. സംസ്ഥാന സമിതി അംഗങ്ങളായ പി.കെ ബിജു, ടി.പി രാമകൃഷ്ണൻ എന്നിവരുടെ അന്വേഷണറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ജൂണിലാണ് പാർട്ടി നേതാക്കൾക്കെതിരേ ജില്ലയിൽ അച്ചടക്ക നടപടി സ്വീകരിച്ചത്.
എന്നാൽ, വിഭാഗീയത വെടിഞ്ഞ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ ശ്രദ്ധ ചെലുത്തുന്നതിന് തരംതാഴ്ത്തപ്പെട്ടവരെ ഉയർത്തണമെന്ന നിർദേശത്തെത്തുടർന്നാണ് സംസ്ഥാന സെന്ററിന്റെ തീരുമാനപ്രകാരം ജില്ലാ സെക്രട്ടേറിയറ്റ് കൂടി പുനസംഘടന നടത്തിയിരിക്കുന്നത്. എം.വി ഗോവിന്ദനുപുറമെ സംസ്ഥാന സമിതി അംഗങ്ങളായ ഡോ. ടി.എം തോമസ് ഐസക്ക്, സി.എസ് സുജാത എന്നിവരും പങ്കെടുത്തിരുന്നു. ഇതേ യോഗത്തിലാണ് സിറ്റിംഗ് എം.പി എ.എം. ആരിഫിനെ വീണ്ടും സ്ഥാനാർഥിയാക്കാനുള്ള നിർദേശം ഉയർന്നതും ജില്ലാ സെക്രട്ടേറിയറ്റ് അംഗീകരിച്ചതും. ആരിഫിന്റെയല്ലാത്ത മറ്റൊരു പേരും ജില്ലാ നേതൃയോഗത്തിൽ ഉയർന്നില്ല. ജില്ലാ നേതൃതീരുമാനം ഇനി സംസ്ഥാന സെന്റിൽ റിപ്പോർട്ട് ചെയ്യും.