പാലക്കാട്- ഡി.വൈ.എഫ്.ഐ വനിതാ നേതാവിന് നേരെ ലൈംഗികാത്രിക്രമണം നടത്തിയെന്ന് ആരോപണം നേരിടുന്ന ഷൊർണൂർ എം.എൽ.എ പി.കെ ശശിയെ സംരക്ഷിച്ചുവെന്ന ആരോപണത്തിൽ സി.പി.എം പ്രതിസന്ധിയിൽ. നിയമപരവും ധാർമികവുമായ പ്രതിസന്ധിയാണ് ഇക്കാര്യത്തിൽ പാർട്ടി നേരിടുന്നത്. സ്ത്രീ പീഡന പരാതികൾ ലഭിച്ചാൽ അത് യഥാസമയം പോലീസിന് കൈമാറണമെന്നാണ് നിയമം. നേരത്തെ സമാനമായ പല കേസുകളിലും സി.പി.എം ഇക്കാര്യം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ, പി.കെ ശശിക്കെതിരെ പോളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ടിന് പരാതി ലഭിച്ചിട്ടും അക്കാര്യം പോലീസിനെ അറിയിക്കാതെ നേരെ സംസ്ഥാന സമിതിക്ക് കൈമാറുകയാണ് ബൃന്ദ കാരാട്ട് ചെയ്തത്. ഇത് വൻ ആരോപണത്തിന് ഇടയായതോടെ ഇത്തരത്തിൽ പരാതി ലഭിച്ചിട്ടില്ലെന്ന വിശദീകരണവുമായി പോളിറ്റ് ബ്യൂറോ രംഗത്തെത്തി. അതേസമയം, പരാതി ലഭിച്ചിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. പാരാതിയിൽ പാർട്ടി സ്വീകരിക്കേണ്ട നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ ലൈംഗീക പീഡന കേസിൽ കുറ്റകരമായ കാര്യം ഒരാൾ ചെയ്തുവെന്ന് ബോധ്യപ്പെട്ടാൽ അക്കാര്യം ഉടൻ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറണമെന്നാണ് നിയമം. ഇക്കാര്യം നിയമവിദഗ്ദരും ചൂണ്ടികാണിക്കുന്നു. കോടിയേരി തന്നെ പരാതി ലഭിച്ചുവെന്ന് വ്യക്തമാക്കിയ സഹചര്യത്തിൽ കേസെടുക്കണമെന്നും ഇവർ വാദിക്കുന്നു. ലൈംഗീക പീഡനങ്ങളെ രാഷ്ട്രത്തിനെതിരായ കുറ്റകൃത്യം എന്ന നിലയിൽ കൂടി കാണുന്ന സംവിധാനമാണ് രാജ്യത്തുള്ളതെന്നും അതിനാൽ സി.പി.എം പ്രശ്‌നത്തിന്റെ ഗൗരവം മനസിലാക്കണമെന്നും വിവിധ കോണുകളിൽനിന്ന് ആവശ്യം ഉയരുന്നുണ്ട്.
പാർട്ടി ഓഫീസിൽവെച്ച് തന്നോട് അപമര്യാദയായി പെരുമാറിയെന്നും പിന്നീട് പലപ്പോഴും ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞുവെന്നുമാണ് യുവതിയുടെ പരാതി. ശല്യം അസഹീനയമായപ്പോഴാണ് ദേശീയ നേതൃത്വത്തിന് പരാതി നൽകിയത്. എന്നാൽ നടപടി ഇല്ലാതായതോടെ സംസ്ഥാന കമ്മിറ്റിക്കും പരാതി നൽകി. ഇക്കാര്യം കോടിയേരി ബാലകൃഷ്ണൻ സ്ഥിരീകരിച്ചു. ആരോപണത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ടെന്നാണ് ശശി തിരിച്ചടിക്കുന്നത്. തന്റെ ജീവിതം തുറന്നപുസ്തകമാണെന്നും അത് എല്ലാവർക്കും അറിയാമെന്നും പി.കെ ശശി പ്രതികരിച്ചു.