Sorry, you need to enable JavaScript to visit this website.

കലോത്സവമടക്കം ഒരു വര്‍ഷത്തേക്ക് ആഘോഷങ്ങള്‍ ഒഴിവാക്കി സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം- പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ രാജ്യാന്തര ചലച്ചിത്രോത്സവം ഉള്‍പ്പെടെ വിവിധ വകുപ്പുകളുടെ കീഴിലുള്ള കലോത്സവങ്ങളും യുവജനോത്സവങ്ങളും ഒരു വര്‍ഷത്തേക്ക് ഒഴിവാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി.
ടൂറിസം വകുപ്പിന്റേത് ഉള്‍പ്പെടെ എല്ലാ വകുപ്പുകളുടെയും ആഘോഷങ്ങളും റദ്ദാക്കിയിട്ടുണ്ട്. അമേരിക്കയിലേക്കു പോകുന്നതിനു മുന്‍പ് മുഖ്യമന്ത്രി നല്‍കിയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി. രാജ്യാന്തര ചലച്ചിത്രോത്സവ നടത്തിപ്പു സംബന്ധിച്ചു മന്ത്രി എ.കെ.ബാലന്‍ ഇന്നു ചലച്ചിത്ര അക്കാദമി അധികൃതരുടെ യോഗം വിളിച്ചിരിക്കെയാണ് ഉത്തരവിറങ്ങിയത്.
സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നതു പോലെ സംസ്ഥാന സ്‌കൂള്‍ കലോത്സവം മാറ്റി വെക്കാന്‍ വിദ്യാഭ്യാസ വകുപ്പു തീരുമാനിച്ചിട്ടില്ലെന്നു പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ചൊവ്വാഴ്ച രാവിലെ വിശദീകരണക്കുറിപ്പ് ഇറക്കിയിരുന്നു. തൊട്ടു പിന്നാലെയാണ് പൊതുഭരണ വകുപ്പിന്റെ ഉത്തരവിറങ്ങിയത്.
ആലപ്പുഴ നെഹ്‌റു ട്രോഫി വള്ളം കളി നടത്തണമെന്ന അഭിപ്രായത്തില്‍ ചില മന്ത്രിമാര്‍ മുന്നോട്ടു പോകുന്നതിനിടെയാണ് ആഘോഷം വിലക്കിയത്. ടൂറിസം വകുപ്പിനു കീഴിലുള്ള സമാനമായ എല്ലാ ആഘോഷ പരിപാടികള്‍ക്കും ഒരു വര്‍ഷത്തെ വിലക്കുണ്ട്. ഇതിനു വേണ്ടി നീക്കി വച്ച തുക വകുപ്പു മേധാവികള്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കു സംഭാവന ചെയ്യണമെന്നു പൊതുഭരണ പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവില്‍ പറയുന്നു.

Latest News