തിരുവനന്തപുരം - പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുകയാണെന്ന് ആരോപണം ഉന്നയിക്കുന്ന ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇതിനകം ചെലവഴിച്ച പണത്തിന്റെ കണക്ക് കേട്ടാല്‍ ആരും ഒന്ന് ഞെട്ടിപ്പോകും. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണ്ണറായി ചുമതലയേറ്റ നാല് വര്‍ഷത്തിനിടെ അദ്ദേഹം ചെലവഴിച്ചത് 45 കോടി രൂപയാണെന്നാണ് കണക്ക്. യാത്രായിനത്തില്‍ മാത്രം ഒരു കോടി 60 ലക്ഷം രൂപ ഇതിനകം ഗവര്‍ണ്ണര്‍ ചെലവഴിച്ചു കഴിഞ്ഞു. ഒരു ടെലിവിഷന്‍ ചാനലാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്.
ജസ്റ്റിസ് പി സദാശിവം ഗവര്‍ണറായ 2014 മുതല്‍ 2019 വരെയുള്ള അഞ്ച് വര്‍ഷം ആകെ രാജ്ഭവന്‍ ചെലവഴിച്ചത് 33 കോടി 27 ലക്ഷം രൂപയാണ്. ആരിഫ് മുഹമ്മദ് ഖാന്‍ ഗവര്‍ണറായി തുടരവെ 2019 മുതല്‍ 2023 വരെയുള്ള നാല് വര്‍ഷത്തിനിടെ 44 കോടി 87 ലക്ഷം രൂപ ചെലവഴിച്ച് കഴിഞ്ഞു. പി സദാശിവത്തെ അപേക്ഷിച്ച് 11 കോടി 60 ലക്ഷം രൂപയാണ് നാല് വര്‍ഷത്തിനിടെ മാത്രം ആരിഫ് മുഹമ്മദ് ഖാന്റെ കാലത്ത് രാജ്ഭവന്‍ അധികമായി ചെലവഴിച്ചത്.
ഗവര്‍ണര്‍മാരുടെ ധന സഹായത്തിന്റെ ചെലവുകളിലും വര്‍ധനവുണ്ട്. സദാശിവത്തിന്റെ കാലത്ത് ആകെ 19 ലക്ഷത്തി 53,000 രൂപയാണ് സഹായ ധനമായി കൊടുത്തത്. ആരിഫ് മുഹമ്മദ് ഖാന്‍ നാല് വര്‍ഷത്തിനിടെ തന്നെ 71 ലക്ഷത്തി 99,000 രൂപ കൊടുത്തുകഴിഞ്ഞു. സദാശിവത്തെ അപേക്ഷിച്ച് 50 ലക്ഷത്തിലധികം രൂപയാണ് ഈ ഇനത്തില്‍ അധിക ചെലവ് വന്നിരിക്കുന്നത്.