തിരുവനന്തപുരം - തിരുവനന്തപുരം ചാക്കയില്‍ അന്യ സംസ്ഥാന ദമ്പതികളുടെ മകളായ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടു പോയെന്ന് സംശയിക്കുന്ന ആളുടെ രേഖാചിത്രം പോലീസ് തയ്യാറാക്കി. രണ്ടു വയസുകാരിയുടെ സഹോദരന്റെ മൊഴിയിലാണ് ചിത്രം തയ്യാറാക്കിയത്. എന്നാല്‍ വ്യക്തതയില്ലാത്ത വിവരണവും പ്രായം കൃത്യമായി പറയാത്തതും കാരണം പോലീസ് രേഖാചിത്രം പുറത്തു വിട്ടില്ല. കുട്ടിയെ കാണാതായ ഇന്നലേയും വളരെ അവ്യക്തമായിരുന്നു സഹോദരന്‍മാരുടെ മൊഴി. റോഡരികിലെ ടെന്റില്‍ ബീഹാര്‍ സ്വദേശികളായ മാതാപിതാക്കളോടും സഹോദരങ്ങളോടുമൊപ്പം കിടന്നുറങ്ങുകയായിരുന്ന രണ്ടു വയസ്സുകാരി മേരിയെ ഞായറാഴ്ച അര്‍ധ രാതിയോടെ കാണാതാകുകയായിരുന്നു. സ്‌കൂട്ടറിലെത്തിയവര്‍ കുട്ടിയെ കൊണ്ടുപോകുകയാണുണ്ടായതെന്നാണ് സഹോദരന്‍ നല്‍കിയ മൊഴി. ഇന്നലെ രാത്രിയോടെ ഓടയില്‍ നിന്നാണ് കുട്ടിയെ കണ്ടു കിട്ടിയത്. പോലീസ് കുട്ടിയ്ക്കായി നാടു മുഴുവന്‍ അരിച്ചുപെറുക്കിയതോടെ തട്ടിക്കൊണ്ടു പോയവര്‍ നിവൃത്തിയില്ലാതെ കുട്ടിയെ ഉപേക്ഷിക്കുകയാണുണ്ടായതെന്നാണ് പോലീസ് കരുതുന്നത്.
അതേസമയം, രണ്ട് വയസുകാരിയുടെ തിരോധാനത്തില്‍ കൂടുതല്‍ അന്വേഷണവുമായി മുന്നോട്ട് പോവുകയാണ് പൊലീസ്. കുട്ടിയെ കണ്ടെത്തിയ സ്ഥലത്ത് ശാസ്ത്രീയ പരിശോധന നടത്താനാണ് പോലീസ് തീരുമാനം. അതേസമയം, കുട്ടിയില്‍ നിന്നും ചോദിച്ചറിയുന്ന കാര്യങ്ങളും കേസില്‍ നിര്‍ണായകമാകും.
നിലവില്‍ എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലുള്ള കുഞ്ഞിന് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്ന് മെഡിക്കല്‍ സംഘം അറിയിച്ചു. 24 മണിക്കൂര്‍ നിരീക്ഷണത്തിന് ശേഷം ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷം കുഞ്ഞിനെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്ജ് ചെയ്യും. കുട്ടിയുടെ മാനസികാരോഗ്യം വീണ്ടെടുക്കുന്നതിന് അടക്കം ഊന്നല്‍ നല്‍കിയിട്ടുണ്ട്. ചികിത്സ തുടരുമെന്നാണ് ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. കുഞ്ഞിനെ സി ഡബ്ല്യു സി സംരക്ഷണകേന്ദ്രത്തിലേക്ക് മാറ്റുന്നത് അടക്കം വിശദമായ കൂടിയാലോചനകള്‍ നടത്തുമെന്ന് അന്വേഷണസംഘം വ്യക്തമാക്കി.