ഇന്ത്യന്‍ കമ്പനികള്‍ സൗദിയില്‍ റീജ്യനല്‍ ആസ്ഥാനങ്ങള്‍ തുറക്കുന്നു

റിയാദ് - പ്രാദേശിക വിപണിയിലെ നിക്ഷേപാവസരങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിന് സൗദിയില്‍ റീജ്യനല്‍ ആസ്ഥാനങ്ങള്‍ തുറക്കാന്‍ വ്യത്യസ്ത മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ആറു വന്‍കിട ഇന്ത്യന്‍ കമ്പനികള്‍ താല്‍പര്യം പ്രകടിപ്പിച്ചു. സൗദിയില്‍ റീജ്യനല്‍ ആസ്ഥാനങ്ങള്‍ തുറക്കാന്‍ നിരവധി ബഹുരാഷ്ട്ര കമ്പനികള്‍ മുന്നോട്ടുവരുന്ന പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ കമ്പനികളും ഈ പാത പിന്തുടരുന്നത്. ഏറ്റവുമൊടുവില്‍ പാരീസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന, ലോകത്തെ ഏറ്റവും വലിയ സ്വതന്ത്ര ഫിനാന്‍ഷ്യല്‍ അഡൈ്വസറി ഗ്രൂപ്പ് ആയ റോത്‌സ്‌ചൈല്‍ഡ് ആന്റ് കമ്പനിയാണ് സൗദിയില്‍ റീജ്യനല്‍ ആസ്ഥാനം തുറക്കുമെന്ന് പ്രഖ്യാപിച്ചത്. 
കഴിഞ്ഞ ദിവസം റിയാദില്‍ ഫെഡറേഷന്‍ ഓഫ് സൗദി ചേംബേഴ്‌സ് ആസ്ഥാനത്തു ചേര്‍ന്ന സൗദി, ഇന്ത്യ ബിസിനസ് ഫോറത്തില്‍ സൗദിയില്‍ റീജന്യനല്‍ ആസ്ഥാനങ്ങള്‍ തുറക്കാനുള്ള വ്യവസ്ഥകളും മാനദണ്ഡങ്ങളും ഇന്ത്യന്‍ സംഘം വിലയിരുത്തി. ഫോറത്തില്‍ 100 ലേറെ കമ്പനികള്‍ പങ്കെടുത്തു. സൗദിയില്‍ റീജ്യനല്‍ ആസ്ഥാനങ്ങള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വിശകലനം ചെയ്യാന്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി പ്രസിഡന്റും മഹീന്ദ്ര ആന്റ് മഹീന്ദ്ര ഗ്രൂപ്പ് സി.ഇ.ഒയും എം.ഡിയുമായ ഡോ. അനീസ് ഷായുടെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ സംഘം സൗദി നിക്ഷേപ മന്ത്രാലയത്തെ സമീപിക്കുന്നുണ്ട്. 
സേവനങ്ങള്‍, വ്യവസായം, ആരോഗ്യം, കാര്‍ഷികം, പെട്രോളിയം, ഗ്യാസ് എന്നിവ അടക്കമുള്ള മേഖലകളില്‍ സൗദിയില്‍ നിക്ഷേപം പ്രോത്സാഹിപ്പിക്കാന്‍ സൗദി, ഇന്ത്യ ബിസിനസ് കൗണ്‍സില്‍ പ്രവര്‍ത്തിക്കുന്നതായി കൗണ്‍സില്‍ പ്രസിഡന്റ് അബ്ദുല്‍ അസീസ് അല്‍ഖഹ്താനി പറഞ്ഞു. സൗദിയിലേക്ക് നിക്ഷേപങ്ങള്‍ ആകര്‍ഷിക്കാനാണ് കൗണ്‍സില്‍ മുഖ്യ ശ്രദ്ധ നല്‍കുന്നത്. ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്തുന്നതില്‍ നിന്ന് സൗദി വ്യവസായികളെ കൗണ്‍സില്‍ നിരുത്സാഹപ്പെടുത്തുന്നതായി ഇത് അര്‍ഥമാക്കുന്നില്ല. മികച്ച അവസരങ്ങളും ഉയര്‍ന്ന നേട്ടങ്ങളുമുള്ള സാഹചര്യങ്ങളില്‍ ഇന്ത്യയില്‍ സൗദി വ്യവസായികള്‍ നടത്തുന്ന നിക്ഷേപങ്ങളും പ്രധാനമാണ്. 
സൗദിയില്‍ പ്രാദേശിക, വിദേശ നിക്ഷേപകര്‍ക്ക് നല്‍കുന്ന പ്രോത്സാഹനങ്ങള്‍ തുല്യതയില്ലാത്തതാണ്. എന്നാല്‍ ഇന്ത്യയില്‍ നിക്ഷേപകര്‍ക്കുള്ള പ്രോത്സാഹനങ്ങള്‍ എല്ലാവര്‍ക്കും പൊതുവായുള്ളതാണ്. ഇന്ത്യയില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ആഗ്രഹിക്കുന്ന സൗദി വ്യവസായികള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രവേശിക്കുന്നതിനു മുമ്പായി നിയമങ്ങള്‍ ഉറപ്പുവരുത്തുകയും നിയമ വിദഗ്ധരുടെ സഹായം ഉറപ്പാക്കുകയും വേണം. 2022 ല്‍ സൗദി, ഇന്ത്യ വ്യാപാര വിനിമയം 52.4 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. 2021 നെ അപേക്ഷിച്ച് 2022 ല്‍ ഉഭയകക്ഷി വ്യാപാരത്തില്‍ 51 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി. ഇന്ത്യയില്‍ ഏറ്റവുമധികം നിക്ഷേപങ്ങള്‍ നടത്തിയ രാജ്യങ്ങളുടെ പട്ടികയില്‍ 17-ാം സ്ഥാനത്താണ് സൗദി അറേബ്യ. ഇന്ത്യയില്‍ സൗദി നിക്ഷേപകര്‍ 3.2 ബില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങള്‍ നടത്തിയിട്ടുണ്ട്. സൗദിയില്‍ വ്യത്യസ്ത മേഖലകളില്‍ ഇന്ത്യന്‍ വ്യവസായികള്‍ രണ്ടു ബില്യണ്‍ ഡോളറിന്റെ നിക്ഷേപങ്ങളും നടത്തിയിട്ടുണ്ടെന്ന് അബ്ദുല്‍ അസീസ് അല്‍ഖഹ്താനി പറഞ്ഞു. ഗ്രാഫൈറ്റ് ഖനന മേഖലയിലും അനുബന്ധ വ്യവസായങ്ങളിലും സൗദി, ഇന്ത്യ സഹകരണ കരാറില്‍ ഒപ്പുവെക്കുന്നതിന് സൗദി, ഇന്ത്യ ബിസിനസ് ഫോറം സാക്ഷ്യം വഹിച്ചു. 
 

Latest News