മുംബൈ - രഞ്ജി ട്രോഫിയിലെ ലീഗ് മത്സരങ്ങളുടെ അവസാനം ഇന്ത്യന്‍ ക്രിക്കറ്റില്‍ യുഗാന്ത്യമായി. വര്‍ഷങ്ങളായി ആഭ്യന്തര ക്രിക്കറ്റില്‍ ടീമുകളുടെ മുന്നണിപ്പോരാളികളായിരുന്ന നാലു പേര്‍ ഒരു ദിനം വിരമിച്ചു. നാലു പേരും ഇന്ത്യന്‍ കുപ്പായമിട്ടവരാണ്. ഒരാള്‍ ബംഗാളിലെ മുന്‍ സ്‌പോര്‍ട്‌സ് മന്ത്രിയായിരുന്നു.
ഝാര്‍ഖണ്ഡിന്റെ വരുണ്‍ ആരണ്‍, സൗരഭ് തിവാരി, വിദര്‍ഭയുടെ ഫൈസ് ഫസല്‍, ബംഗാള്‍ നയാകന്‍ മനോജ് തിവാരി എന്നിവരാണ് വിരമിച്ചത്.
സൗരഭ് 2008 ല്‍ വിരാട് കോലിയുടെ കീഴില്‍ അണ്ടര്‍-19 ലോകകപ്പ് നേടിയ ടീമിലെ അംഗമായിരുന്നു. സീനിയര്‍ ഇന്ത്യക്കു വേണ്ടി മൂന്ന് ഏകദിനം കളിക്കാനേ സാധിച്ചുള്ളൂ. കോലിയുടെ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഉള്‍പ്പെടെ നിരവധി ഐ.പി.എല്‍ ടീമുകളുടെ കുപ്പായമിട്ടിരുന്നു. രാജസ്ഥാനെതിരെയായിരുന്നു അവസാന രഞ്ജി മത്സരം, ആദ്യ ഇന്നിംഗ്‌സില്‍ 42 റണ്‍സ് നേടി.
വരുണ്‍ ഒരുകാലത്ത് ഇന്ത്യയിലെ ഫാസ്റ്റസ്റ്റ് ബൗളറായിരുന്നു. രാജസ്ഥാനെതിരായ അവസാന മത്സരത്തിലും അഞ്ച് വിക്കറ്റെടുത്തു. 2011 ല്‍ ഒരു മാസത്തിനിടയിലാണ് വരുണ്‍ ഏകദിനങ്ങളിലും ടെസ്റ്റിലും അരങ്ങേറിയത്. ഒമ്പത് ടെസ്റ്റും ഒമ്പത് ഏകദിനങ്ങളും കളിച്ചു. പരിക്കുകളെത്തുടര്‍ന്നാണ് പുറത്തായത്. ആരണിന്റെ ബൗണ്‍സര്‍ ഓള്‍ഡ് ട്രഫോഡ് ടെസ്റ്റില്‍ സ്റ്റുവാര്‍ട് ബ്രോഡിന്റെ ഹെല്‍മറ്റിന്റെ ഗ്രില്ലിനിടയിലൂടെ മൂക്ക് തകര്‍ത്തിരുന്നു.
ഫൈസ് ഫസല്‍ ഒരു ഏകദിനമേ ഇന്ത്യക്ക് കളിച്ചിട്ടുള്ളൂ. അതില്‍ അര്‍ധ ശതകം നേടിയിരുന്നു, സിംബാബ്‌വെക്കെതിരെ 55 നോട്ടൗട്ട്. 30 കഴിഞ്ഞ ഒരു ബാറ്റര്‍ ഇന്ത്യക്കു വേണ്ടി അരങ്ങേറിയത് 16 വര്‍ഷത്തിനിടയിലാദ്യമായിരുന്നു. രാജ്യത്തിന് വേണ്ടി കളിച്ച ഒരേയൊരു മത്സരത്തില്‍ അര്‍ധ ശതകം നേടിയ മറ്റാരും ഇന്ത്യന്‍ ക്രിക്കറ്റില്‍ ഇല്ല. ഇന്റര്‍നാഷനല്‍ ക്രിക്കറ്റില്‍ തന്നെ മറ്റു രണ്ടു പേരെയുള്ളൂ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ വിദര്‍ഭയുടെ ടോപ്‌സ്‌കോററായാണ് വിരമിക്കുന്നത്. ഹരിയാനക്കെതിരെയായിരുന്നു അവസാന മത്സരം.
ഏറ്റവും നിര്‍ഭാഗ്യവാനായ കളിക്കാരനായാണ് മനോജ് തിവാരി അറിയപ്പെടുന്നത്. 2006-07 സീസണില്‍ ആക്രമണ ബാറ്റിംഗിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ മനോജ് തിവാരി ബംഗ്ലാദേശിനെതിരെ അടുത്ത വര്‍ഷം ഏകദിനത്തില്‍ അരങ്ങേറേണ്ടതായിരുന്നു. തലേന്ന് പരിശീലനത്തില്‍ ഗുരുതരമായി പരിക്കേറ്റു. 2008 ലാണ് ഒടുവില്‍ അരങ്ങേറിയത്. ബ്രിസ്‌ബെയ്‌നില്‍ പകരക്കാരനായി വന്നിറങ്ങിയതിന്റെ ക്ഷീണം മാറും മുമ്പെ പ്ലേയിംഗ് ഇലവനിലെത്തി. ബ്രെറ്റ് ലീയുടെ എക്‌സ്പ്രസ് പെയ്‌സില്‍ വഷം കെട്ടു. അടുത്ത കളിക്കായി മൂന്നു വര്‍ഷം കാത്തിരിക്കേണ്ടി വന്നു. അതില്‍ ഓപണര്‍ക്ക് പകരക്കാരനായതിനാല്‍ ഓപണറുടെ വേഷം കെട്ടേണ്ടി വന്നു. 12 ഏകദിനങ്ങളും മൂന്ന് ട്വന്റി20യും കളിച്ചു. മമതാ ബാനര്‍ജി മന്ത്രിസഭയില്‍ സ്‌പോര്‍ട്‌സ് മന്ത്രിയായിരുന്നു അടുത്ത കാലം വരെ. കേരളത്തിനെതിരെയായിരുന്നു അവസാന രഞ്ജി മത്സരം.