ഹോങ്കോംഗ് - ഇന്റര്‍ മയാമി ക്ലബ്ബിന്റെ പ്രി സീസണ്‍ പര്യടനത്തില്‍ ഹോങ്കോംഗിലെ കളിയില്‍ ഇറങ്ങാതിരുന്നത് രാഷ്ട്രീയ കാരണങ്ങളാലാണെന്ന വാദം നിഷേധിച്ച് ലിയണല്‍ മെസ്സിയുടെ വീഡിയൊ. രണ്ടാഴ്ച കഴിഞ്ഞാണ് സോഷ്യല്‍ മീഡിയയില്‍ മെസ്സി രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയൊ പോസ്റ്റ് ചെയ്തത്. ഹോങ്കോംഗിനെ ബോധപൂര്‍വം അപമാനിക്കാന്‍ വേണ്ടിയാണ് മെസ്സി കളിക്കാതിരുന്നതെന്ന് ഹോങ്കോംഗിലും മെയിന്‍ലാന്റ് ചൈനയിലും വലിയ പ്രചാരണം അരങ്ങേറിയിരുന്നു. തുടര്‍ന്ന് നേരത്തെ നിശ്ചയിച്ച അര്‍ജന്റീനയുടെ രണ്ട് സൗഹൃദ മത്സരങ്ങള്‍ ചൈന റദ്ദാക്കി. ആഫ്രിക്കന്‍ കപ്പ് ഫൈനലിലെത്തിയ സെനഗല്‍, നൈജീരിയ ടീമുകളുമായാണ് ചൈനയില്‍ മെസ്സിയുടെ അര്‍ജന്റീന കളിക്കേണ്ടിയിരുന്നത്.
ഈ മാസം നാലിനാണ് ഹോങ്കോംഗിലെ പ്രാദേശിക ടീമിനെതിരെ ഇന്റര്‍ മയാമി കളിച്ചത്. സൗദി അറേബ്യയുള്‍പ്പെടെ സ്ഥലങ്ങളില്‍ ഇന്റര്‍ മയാമി നടത്തിയ പ്രി സീസണ്‍ പര്യടനത്തില്‍ ടീമിന്റെ ഏക ജയവും അതിലായിരുന്നു. എന്നാല്‍ ആ കളിയില്‍ പൂര്‍ണ സമയവും മെസ്സി റിസര്‍വ് ബെഞ്ചിലായിരുന്നു. ഇത് പ്രതിഷേധക്കൊടുങ്കാറ്റ് ഇളക്കിവിട്ടു. അതെത്തുടര്‍ന്ന് ജപ്പാനില്‍ വിസല്‍ കോബെയുമായുള്ള കളിയില്‍ മെസ്സി അര മണിക്കൂര്‍ ഇറങ്ങി. ഹോങ്കോംഗിലും ചൈനയിലും ഇത് രോഷത്തിന്റെ എരിതീയില്‍ എണ്ണയൊഴിക്കലായി. ടിക്കറ്റ് തുക തിരിച്ചു നല്‍കേണ്ടി വന്നു.
അതോടെയാണ് ചൈനയുടെ ഔദ്യോഗിക പത്രം ഗ്ലോബല്‍ ടൈംസ് നിശിതമായ വിമര്‍ശനവുമായി രംഗത്തു വന്നത്. ഹോങ്കോംഗിനെ അപമാനിക്കാനുള്ള രാഷ്ട്രീയ അജണ്ടയുള്ള ബാഹ്യശക്തികളുടെ കരു ആവുകയായിരുന്നു മെസ്സി എന്ന് അവര്‍ ആരോപിച്ചു. എല്ലാവര്‍ക്കും ബോധ്യമായ കാരണങ്ങളാലാണ് അര്‍ജന്റീനയുടെ കളികള്‍ റദ്ദാക്കുന്നതെന്നും അവര്‍ വിശദീകരിച്ചു.
സ്പാനിഷ് ഭാഷയിലുള്ള വീഡിയോയിലാണ് ഈ ആരോപണങ്ങള്‍ മെസ്സി നിഷേധിക്കുന്നത്. പ്രചരിക്കുന്ന വാര്‍ത്തകള്‍ അസത്യമാണെന്നും എത്രയോ തവണ താന്‍ ചൈന സന്ദര്‍ശിച്ചിരുന്നുവെന്നും മെസ്സി ചൂണ്ടിക്കാട്ടി. സൗദിയില്‍ റിയാദ് സീസണ്‍ കപ്പില്‍ അല്‍ഹിലാലിനെതിരെ കളിച്ചപ്പോള്‍ പരിക്കുണ്ടായി, അന്നസ്‌റിനെതിരെ അവസാന വേളയിലാണ് ഇറങ്ങിയത്. ഹോങ്കോംഗിലെ മത്സരത്തിന്റെ തലേന്ന് പരിശീലനം കാണാന്‍ വന്നവര്‍ക്കു മുന്നിലും കളിക്കാന്‍ ശ്രമിച്ചു. അത് പരിക്ക് വഷളാക്കി. അതിനാലാണ് കളിക്കാതിരുന്നത്. എല്ലാ ശ്രമവും നടത്തിയിട്ടും സാധിക്കാതിരുന്നതിനാലാണ് വിട്ടുനിന്നത്. പരിക്ക് ഭേദമായതിനാലാണ് ജപ്പാനില്‍ പിന്നീട് കളിച്ചത്. ചൈനയുമായി തനിക്ക് വേറിട്ട ബന്ധമാണെന്നും മെസ്സി പറഞ്ഞു.
പ്രി സീസണ്‍ പര്യടനം ഇന്റര്‍ മയാമിയെ സംബന്ധിച്ചിടത്തോളം വലിയ തിരിച്ചടിയായി. സൗദിയില്‍ അല്‍ഹിലാലിനോടും അന്നസ്‌റിനോടും കനത്ത തോല്‍വി വാങ്ങി. മേജര്‍ ലീഗ് സോക്കറിനെക്കാള്‍ സൗദി ലീഗ് എത്രയോ മുന്നിലാണെന്ന ക്രിസ്റ്റിയാനൊ റൊണാള്‍ഡോയുടെ വാദം ശരി വെക്കുന്നതായി ഫലത്തില്‍ ആ മത്സരങ്ങള്‍.