കൊച്ചി - 14 ദിവസം പ്രായമായ കുഞ്ഞിനെ വെള്ളം നിറച്ച ബക്കറ്റില്‍ ഇട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച അമ്മയ്ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. മാനസിക പിരിമുറുക്കംമൂലം പ്രസവത്തിനു ശേഷവും അമ്മ മാനസികരോഗ ചികിത്സയില്‍ തുടരുന്നതിനാല്‍ ജസ്റ്റിസ് സോഫി തോമസ് കുഞ്ഞിന്റെ സംരക്ഷണം തല്‍ക്കാലം പിതാവിന് അനുവദിച്ചു. ശിശുക്ഷേമ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുട്ടിയുടെ സംരക്ഷണ ചുമതല പിതാവിന് നല്‍കിയത്.
പ്രസവശേഷം മാതാവ് മാനസിക പിരിമുറുക്കത്തിലാണെന്നും മനോരോഗ ചികിത്സയിലാണെന്നും ഹരജിക്കാരന്റെ അഭിഭാഷകന്‍ പറഞ്ഞു. അമ്മക്ക് ഇത്തരമൊരു സംഭവത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നാണ് വാദം. പരാതിക്കാരനായ പിതാവും കുടുംബാംഗങ്ങളുമാണ് കുഞ്ഞിനെ ഇപ്പോള്‍ പരിപാലിക്കുന്നതെന്നും വാദത്തില്‍ പറയുന്നു. കുഞ്ഞിന്റെ ക്ഷേമം കണക്കിലെടുത്താണ് പാലക്കാട് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ കോടതി സ്വമേധയാ പ്രതിയാക്കിയത്. അമ്മ ചികിത്സയിലാണെന്നും കുഞ്ഞിന്റെ സംരക്ഷണ ചുമതല ഇപ്പോള്‍ അമ്മയെ ഏല്‍പ്പിക്കുന്നത് സുരക്ഷിതമല്ലെന്നും ശിശുക്ഷേമ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
മാതാവ് ചികിത്സയില്‍ കഴിയുന്നതിനാല്‍ കുട്ടിയുടെ സംരക്ഷണ ചുമതല കോടതി പിതാവിന് നല്‍കി. രണ്ട് മാസത്തിലൊരിക്കല്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ആനുകാലിക അന്വേഷണം നടത്തി റിപ്പോര്‍ട്ടുകള്‍ കോടതിയില്‍ സമര്‍പ്പിക്കാനും നിര്‍ദ്ദേശിച്ചു. ഇതനുസരിച്ച് അമ്മക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.