ആലപ്പുഴ- ബി. ജെ. പിയുടെ പ്രലോഭനങ്ങളില്‍ വീഴുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് സി. പി. ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം എം. പി. സി. പി. ഐ ജില്ലാ പ്രവര്‍ത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മോഡി വിരുന്നിന് വിളിച്ചാല്‍ രോമാഞ്ചം ഉണ്ടാകുന്ന യു. ഡി. എഫ് എം. പിമാര്‍ പോലുമുണ്ട്. പണച്ചാക്ക് കൊണ്ടും ഇ. ഡിയെ കാണിച്ചും നിരവധി കോണ്‍ഗ്രസ് എം. പിമാരെ ബി. ജെ. പി പ്രലോഭനങ്ങളില്‍ വീഴ്ത്തി. മുഖ്യമന്ത്രിമാര്‍ ഉള്‍പ്പടെയുള്ള ഉന്നത കോണ്‍ഗ്രസ് നേതാക്കള്‍ ഇന്ന് ബി. ജെ. പി പാളയത്തിലാണ്. കോണ്‍ഗ്രസിന് ബി. ജെ. പിയാകാന്‍ അധികനേരം വേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എല്‍. ഡി. എഫിന്റെ വിജയം തടയാന്‍ കോണ്‍ഗ്രസ്- ബി. ജെ. പി അപ്രഖ്യാപിത കൂട്ടുകെട്ടുകള്‍ എപ്പോഴും ഉണ്ടാകാറുണ്ട്. തെരഞ്ഞെടുപ്പ് സമയത്തുള്ള മോഡിയുടെ ഗ്യാരണ്ടി ജനങ്ങളെ പറ്റിക്കാനാണ്. ഇതിന് മുന്‍പുള്ള തെരഞ്ഞെടുപ്പുകളില്‍ എല്ലാവര്‍ക്കും വീട്, എല്ലാവര്‍ക്കും തൊഴില്‍, കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന വില എന്നിവയെല്ലാം മോഡിയുടെ ഗ്യാരണ്ടിയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ ജയിച്ചു കഴിഞ്ഞപ്പോള്‍ ഇവയെല്ലാം മറന്നു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് മുന്നില്‍ അജയ്യനല്ല മോഡിയെന്നും അദ്ദേഹം പറഞ്ഞു.
ദേശീയ കൗണ്‍സില്‍ അംഗം ടി. ടി. ജിസ്മോന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ടി. ജെ. ആഞ്ചലോസ് സ്വാഗതം പറഞ്ഞു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി പി. പി. സുനീര്‍, കൃഷി മന്ത്രി പി. പ്രസാദ്, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിമാരായ പി. വി. സത്യനേശന്‍, എസ്. സോളമന്‍, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ ജി. കൃഷ്ണപ്രസാദ്, വി. മോഹന്‍ദാസ്, ദീപ്തി അജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.