രാജ്‌കോട് - ഇംഗ്ലണ്ടിനെതിരെ തുടര്‍ച്ചയായി രണ്ടാമത്തെ സെഞ്ചുറിയടിച്ചതോടെ യശസ്വി ജയ്‌സ്വാളിന് പുതിയ പേര് വീണിരിക്കുകയാണ് -ജയ്‌സ്‌ബോള്‍. ബസ്‌ബോള്‍ എന്ന ഇംഗ്ലണ്ടിന്റെ ആക്രമണതന്ത്രത്തിന് ഇന്ത്യയുടെ മറുപടിയായി ജയ്‌സ്‌ബോള്‍. 12 സിക്‌സറടങ്ങുന്നതാണ് ജയ്‌സ്വാളിന്റെ ഇരട്ട ശതകം. വസീം അക്രമിന് മാത്രമേ ഒരു ഇന്നിംഗ്‌സില്‍ ഇത്രയധികം സിക്‌സറുകള്‍ സാധിച്ചിട്ടുള്ളൂ.
ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പെയ്‌സ്ബൗളര്‍ ജെയിംസ് ആന്‍ഡേഴ്‌സിനെ മൂന്നു തവണ സിക്‌സറിനുയര്‍ത്തിയതാണ് താന്‍ ഏറ്റവും ആസ്വദിച്ചതെന്ന് ജയ്‌സ്വാള്‍ പറഞ്ഞു.
ഏഴ് ടെസ്റ്റില്‍ മൂന്നു തവണ ജയ്‌സ്വാള്‍ സെഞ്ചുറി കടന്നു. അരങ്ങേറ്റ ടെസ്റ്റിലായിരുന്നു ആദ്യം. വെസ്റ്റിന്‍ഡീസിനെതിരെ. ഒരു പരമ്പരയില്‍ ഇരുപതിലേറെ സിക്‌സറടിക്കുന്ന ആദ്യ കളിക്കാരനാണ്. വിനോദ് കാംബ്ലിയും ഡൊണാള്‍ഡ് ബ്രാഡ്മാനും മാത്രമേ ഇതിനെക്കാള്‍ ചെറുപ്രായത്തില്‍ രണ്ട് ഇരട്ട ശതകം നേടിയിട്ടുള്ളൂ. തുടര്‍ച്ചയായി രണ്ട് ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടാന്‍ ഇന്ത്യക്കാരില്‍ സാധിച്ചത് കാംബ്ലിക്കും വിരാട് കോലിക്കും മാത്രം.