പാലക്കാട്- ഷൊര്‍ണൂര്‍ എം.എല്‍.എ പി.കെ. ശശിക്കെതിരായ ലൈംഗിക അതിക്രമ പരാതി സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. മണ്ണാര്‍ക്കാട് പാര്‍ട്ടി ഓഫിസില്‍ വെച്ച് എം.എല്‍.എ തനിക്കെതിരെ അതിക്രമത്തിനു ശ്രമിച്ചെന്നാണ് ഡി.വൈ.എഫ്.ഐ ജില്ലാ കമ്മിറ്റി അംഗമായ യുവതിയുടെ പരാതി. പരാതി ഒഴിവാക്കാന്‍ തനിക്ക് ഒരു കോടി രൂപയും ഡി.വൈ.എഫ്.ഐയില്‍ ഉന്നത സ്ഥാനവും വാഗ്ദാനം ചെയ്തതായും സി.പി.എം നേതൃത്വത്തിനു നല്‍കിയ പരാതിയില്‍ പറയുന്നു. എം.എല്‍.എ ഫോണിലൂടെ അശ്ലീല സംഭാഷണം നടത്തിയതിന്റെ ശബ്ദരേഖയും യുവതി തെളിവായി നല്‍കിയിട്ടുണ്ട്.
അതേസമയം, തനിക്കെതിരെ യുവതി പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്നാണ് പി.കെ. ശശി എംഎല്‍എയുടെ പ്രതികരണം. തന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെന്നും അതിന്റെ ഭാഗമായിട്ടായിരിക്കാം ഈ നീക്കങ്ങളെന്നും അദ്ദേഹം പറയുന്നു.
ശശിക്കെതിരെ പരാതി ലഭിച്ചിട്ടില്ലെന്ന് സി.പി.എം പാലക്കാട് ജില്ലാ ഘടകവും അറിയിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ട അറിവേ ഉള്ളുവെന്നും പരാതി കിട്ടാതെ ചര്‍ച്ച ചെയ്യാനാകില്ലെന്നും ജില്ലാ സെക്രട്ടറി സി.കെ. രാജേന്ദ്രന്‍ പറഞ്ഞു.
പീഡന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പി.കെ. ശശിക്കു കാരണം കാണിക്കല്‍ നോട്ടിസ് നല്‍കാന്‍ സി.പി.എം കേന്ദ്രനേതൃത്വം സംസ്ഥാന സെക്രട്ടറിക്കു നിര്‍ദേശം നല്‍കിയതയാണ് വിവരം. പരാതി രണ്ടംഗ സംസ്ഥാന സെക്രട്ടേറിയറ്റ് ഉപസമിതി അന്വേഷിക്കണമെന്നും അംഗങ്ങളില്‍ ഒരാള്‍ വനിതയായിരിക്കണമെന്നുമാണ് നിര്‍ദേശം.
വനിതാ പി.ബി അംഗത്തിനും സംസ്ഥാന സെക്രട്ടറിക്കും സെക്രട്ടറിയേറ്റിലെ ചില നേതാക്കള്‍ക്കും പരാതി നല്‍കിയെങ്കിലും നടപടിയെടുക്കാത്തതിനെ തുടര്‍ന്നാണ് യുവതി കേന്ദ്ര നേതൃത്വത്തെ സമീപിച്ചത്.