മേഘാലയ x സര്‍വീസസ്
ബുധന്‍ രാവിലെ 7.30
അസം x കേരളം
ബുധന്‍ ഉച്ച 12.00
ഗോവ x അരുണാചല്‍
ബുധന്‍ വൈകു: 4.30
(സൗദി സമയം)
ഇറ്റാനഗര്‍ - റെക്കോര്‍ഡ് തവണ ചാമ്പ്യന്മാരായ ബംഗാള്‍ ഇല്ലാതെ സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ റൗണ്ടിന് ബുധനാഴ്ച അരുണാചല്‍പ്രദേശില്‍ അരങ്ങുണരുന്നു. ഉദ്ഘാടന ദിവസം കേരളമുള്‍പ്പെടെ ആറു ടീമുകള്‍ കളത്തിലിറങ്ങും. കഴിഞ്ഞ തവണ ഫൈനല്‍ റൗണ്ടിലെത്താനാവാതിരുന്ന കേരളം ഇത്തവണ കഷ്ടിച്ചാണ് ഗോവയിലെ പ്രാഥമിക റൗണ്ടില്‍ നിന്ന് കടന്നുകൂടിയത്. അവസാന മത്സരത്തില്‍ ഗോവയോട് തോറ്റിരുന്നു. ആകെ 12 ടീമുകള്‍ രണ്ട് ഗ്രൂപ്പുകളിലായി ഏറ്റുമുട്ടും. നിലവിലെ ചാമ്പ്യന്മാരായ കര്‍ണാടക, ഫൈനലില്‍ തോറ്റ മേഘാലയ, ആതിഥേയരായ അരുണാചല്‍പ്രദേശ് ടീമുകള്‍ക്ക് ഫൈനല്‍ റൗണ്ടില്‍ നേരിട്ട് പ്രവേശനം നല്‍കുകയായിരുന്നു.
ഗോവയും ആതിഥേയരായ അരുണാചല്‍പ്രദേശും സെമിഫൈനലിസ്റ്റുകളായ മേഘാലയയും മുന്‍ ചാമ്പ്യന്മാരായ സര്‍വീസസും അസമും ഉള്‍പെടുന്ന ശക്തമായ ഗ്രൂപ്പിലാണ് കേരളം. ഇറ്റാനഗറിനടുത്ത യൂപിയയിലെ ഗോള്‍ഡന്‍ ജൂബിലി സ്റ്റേഡിയത്തിലാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. ഇത്തവണ ഫഌ്‌ലൈറ്റിലും മത്സരങ്ങളുണ്ട്. മാര്‍ച്ച് ഒമ്പതിനാണ് ഫൈനല്‍. പരിശീലനത്തിനായി മൂന്ന് ഗ്രൗണ്ട് സജ്ജമാക്കിയിട്ടുണ്ട. ഇതാദ്യമായാണ് അരുണാചല്‍പ്രദേശ് ഒരു പ്രധാന ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്.
32 തവണ ചാമ്പ്യന്മാരായ ബംഗാള്‍ ഇത്തവണ പ്രാഥമിക റൗണ്ടിലെ അഞ്ച് കളികളില്‍ എട്ട് പോയന്റ് മാത്രം നേടി ഗ്രൂപ്പില്‍ നാലാം സ്ഥാനത്തായിരുന്നു. 13 പോയന്റുമായി ദല്‍ഹിയാണ് ഈ ഗ്രൂപ്പില്‍ നിന്ന് ഫൈനല്‍ റൗണ്ടിലെത്തിയത്.
ഫൈനല്‍ റൗണ്ട് വലിയ വെല്ലുവിളിയാവുമെന്ന് കേരളാ കോച്ച് സതീവന്‍ ബാലന്‍ കരുതുന്നു. സമുദ്രനിരപ്പില്‍ നിന്ന് ഏറെ മുകളിലാണ് അരുണാചല്‍. അതിനാല്‍ കളിക്കാര്‍ ശ്വാസം കിട്ടാതെ പെട്ടെന്ന് തളരും. കൃത്രിമ പുല്ലുള്ള ഗ്രൗണ്ടിലാണ് കളി. അരുണാചലിലെ ഭക്ഷണരീതികളും ദക്ഷിണേന്ത്യന്‍ ടീമുകള്‍ക്ക് പരിചിതമല്ലാത്തതായിരിക്കും കോച്ച് ചൂണ്ടിക്കാട്ടി. പ്രതിസന്ധികളുമായി എളുപ്പം ഇണങ്ങുകയും ക്ഷമയോടെ പൊരുതകയുമാണ് വേണ്ടതെന്ന് കോച്ച ഓര്‍മിപ്പിച്ചു.