കോഴിക്കോട്- വയനാട്ടില്‍ പ്രതിഷേധിച്ച ജനങ്ങള്‍ക്കെതിരെ കേസെടുത്തത് സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ നയത്തിന്റെ ഭാഗമാണെന്ന് കെ. പി. സി. സി വര്‍ക്കിംഗ് പ്രസിഡന്റ് ടി. സിദ്ദീഖ് എം. എല്‍. എ. പരാതിയില്ലെന്ന് തങ്ങള്‍ വ്യക്തമാക്കിയിട്ടും ജനങ്ങളെ അടിച്ചമര്‍ത്താന്‍ എം. എല്‍. എമാരെ ഉപകരണമാക്കുകയായിരുന്നു.
പരാതിയില്ലെന്ന് പറഞ്ഞ കേസില്‍ ആര്‍ക്കാണ് നൊന്തതെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കണം. പുല്‍പ്പള്ളിയിലും മാനന്തവാടിയിലും നടന്നത് സ്വാഭാവിക പ്രതിഷേധം മാത്രമാണ്. പുല്‍പള്ളില്‍ കേസെടുത്തതിന് പിന്നില്‍ വനംമന്ത്രിയ്ക്ക് സന്ദര്‍ശിക്കാന്‍ ജനങ്ങളെ ഭീതിപ്പെടുത്തുകയെന്ന ലക്ഷ്യം കൂടി ഉണ്ട്. മലയോര ജനതയ്ക്കുമേല്‍ ചുമത്തിയ മുഴുവന്‍ കേസുകളും ഒഴിവാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വയനാട്ടില്‍ ഏതു നേരത്തും വന്യജീവികള്‍ ആക്രമിക്കും എന്ന സ്ഥിതിയാണുള്ളത്. ഉപസമിതിയുടെ സന്ദര്‍ശനം കണ്ണില്‍ പൊടിയിടല്‍ തന്ത്രം മാത്രമാണ്. വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീട് സന്ദര്‍ശിക്കാത്ത വനംമന്ത്രിയ്ക്ക് കൂട്ടിരിപ്പായാണ് മന്ത്രിസഭാ ഉപസമിതി വയനാട് സന്ദര്‍ശിക്കുന്നത്. മുഖ്യമന്ത്രി വയനാട് സന്ദര്‍ശിക്കണം. വയനാട്ടില്‍ ചര്‍ച്ചയല്ല വേണ്ടത്. നടപടി നടപ്പാക്കുകയാണ് വേണ്ടത്. വനം മന്ത്രിയെ വയനാടിന്റെ ചുമതലയില്‍ നിന്ന് മാറ്റണമെന്നും സിദ്ദീഖ് മാധ്യമങ്ങളോട് പറഞ്ഞു.