Sorry, you need to enable JavaScript to visit this website.

വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലണം: ശ്രേയാംസ് കുമാര്‍

കോഴിക്കോട്- അപകടകാരികളായ വന്യമൃഗങ്ങളെ വെടിവച്ചുകൊല്ലാനുള്ള നിയമം അവശ്യഘട്ടത്തില്‍ ഉപയോഗിക്കണമെന്ന് ആര്‍. ജെ. ഡി സംസ്ഥാന പ്രസിഡന്റ് എം. വി. ശ്രേയാംസ്‌കുമാര്‍.

വയനാടന്‍ കാടുകള്‍ക്ക് ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലും അധികമാണ് കടുവകളുടെ എണ്ണം. ഇവയെ കടുവകള്‍ കുറഞ്ഞ കാടുകളിലേക്ക് മാറ്റാനാവശ്യമായ പദ്ധതി കേന്ദ്രവുമായി സഹകരിച്ച് തയ്യാറാക്കണം. മനുഷ്യരും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷം ഒഴിവാക്കാന്‍ ശാസ്ത്രീയ രീതി അവലംബിക്കണം. 

വന്യജീവി ആക്രമണത്തിനിരകളാകുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിലെ കാലതാമസം ഒഴിവാക്കണം. വന്യജീവികളെ നേരിടാനുള്ള ആധുനിക സംവിധാനം വനം വകുപ്പിനില്ല. പ്രാദേശിക സഹകരണത്തോടെ ഫെന്‍സിംഗ് നടപ്പാക്കണം. 36 വര്‍ഷത്തിനുള്ളില്‍ 118 പേര്‍ വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മനുഷ്യര്‍ മരിക്കുമ്പോള്‍ സര്‍വകക്ഷി യോഗം ചേരും. ഇതിലെ തീരുമാനമൊന്നും നടപ്പാകുന്നില്ല.

വന്യജീവികളുമായി ബന്ധപ്പെട്ട നിരവധി ഗവേഷണങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അവയൊന്നും വെളിച്ചം കാണാറില്ല. വന്യജീവികളെ നേരിടാന്‍ തയ്യാറാക്കിയ മാസ്റ്റര്‍പ്ലാന്‍ ഇതുവരെ നടപ്പായിട്ടില്ല. വയനാട്ടില്‍ ജനം കഴിയുന്നത് ഭീതിജനകമായ സാഹചര്യത്തിലാണ്. 

വയനാട്ടില്‍ 26 തദ്ദേശ സ്ഥാപനങ്ങളാണുള്ളത്. ഇതില്‍ 20 ഇടത്തും വന്യജീവി ആക്രമണം രൂക്ഷമാണെന്നതാണ് യാഥാര്‍ഥ്യം. വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ വീടുകള്‍ വനംമന്ത്രി സന്ദര്‍ശിക്കേണ്ടതായിരുന്നുവെന്നും ശ്രേയാംസ്‌കുമാര്‍ പറഞ്ഞു.

Latest News