Sorry, you need to enable JavaScript to visit this website.

മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ രൂക്ഷത കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തും -ഗവര്‍ണര്‍

മാനന്തവാടി-വയനാട്ടിലെ മനുഷ്യ-വന്യജീവി സംഘര്‍ഷത്തിന്റെ രൂക്ഷത കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. മാനന്തവാടി ബിഷ്പ്സ് ഹൗസില്‍ അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വന്യജീവി ആക്രമണത്തില്‍ മരിച്ച പയ്യമ്പള്ളി പനച്ചിയില്‍ അജീഷ്, പാക്കം വെള്ളച്ചാലില്‍ പോള്‍, കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലുള്ള  പാക്കം കരേരിക്കുന്ന് കാട്ടുനായ്ക്ക കോളനിയിലെ ശരത്ത്, കടുവ ആക്രമണത്തില്‍ കൊല്ലപ്പെട്ട മുടക്കൊല്ലി സ്വദേശി പ്രജീഷ് എന്നിവരുടെ വീട് സന്ദര്‍ശിച്ചശേഷമായിരുന്നു അവലോകന യോഗം.  
വന്യജീവി സംഘര്‍ഷവുമായി ബന്ധപ്പെട്ട് ജനങ്ങളുടെ  ആശങ്ക പരിഹരിക്കുന്നതിന് നടപടി സ്വീകരിക്കാന്‍ സര്‍ക്കാരുകളോട് ആവശ്യപ്പെടും. ഭരണകൂടം ജനതയ്ക്ക് ഒപ്പമാണ്. പൊതുജനങ്ങള്‍ സംയമനത്തോടെ കാര്യങ്ങള്‍ കൈകാര്യം ചെയ്യണം. അക്രമം ഒന്നിനും പരിഹാരമല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. മാനന്തവാടി രൂപത ബിഷപ് മാര്‍ ജോസ് പൊരുന്നേടം, സഹായ മെത്രാന്‍ മാര്‍ അലക്സ് താരാമംഗലം, മലബാര്‍ ഭദ്രാസനാധിപന്‍ ഡോ.ഗീവര്‍ഗീസ് മാര്‍ സ്തേഫാനോസ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവലോകനയോഗം.

 

Latest News