Sorry, you need to enable JavaScript to visit this website.

കണ്ണൂരില്‍ ഗവര്‍ണ്ണര്‍ക്കെതിരെ എസ് എഫ് ഐയുടെ കരിങ്കൊടി, വാഹനത്തില്‍ നിന്ന് പുറത്തിറങ്ങി ഗവര്‍ണ്ണര്‍

കണ്ണൂര്‍ - കണ്ണൂരില്‍ ഗവര്‍ണര്‍ക്കെതിരെ എസ് എഫ് ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയതിനെ തുടര്‍ന്ന് വാഹനത്തില്‍ നിന്നും പുറത്തിറങ്ങിയ ഗവര്‍ണര്‍ എസ് എഫ് ഐ പ്രവര്‍ത്തകരെ വെല്ലുവിളിച്ചു. ഒടുവില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ അനുനയിപ്പിച്ച് കാറില്‍ കയറ്റുകയായിരുന്നു. വയനാട്ടില്‍ വന്യജീവി ആക്രമണത്തില്‍ മരണപ്പെട്ടവരുടെ വീടുകള്‍ സന്ദര്‍ശിച്ച് മടങ്ങും വഴി മട്ടന്നൂരില്‍ വച്ചാണ് ഗവര്‍ണര്‍ക്ക് നേരെ പ്രതിഷേധമുണ്ടായത്.  എസ് എഫ് ഐക്കാര്‍ എവിടെ പ്രതിഷേധിച്ചാലും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങുമെന്നും ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

വയനാട് സന്ദര്‍ശനം പൂര്‍ത്തിയാക്കി ഗവര്‍ണര്‍ റോഡ് മാര്‍ഗം മട്ടന്നൂര്‍ വിമാനത്താവളത്തിലേക്ക് പോകുകയായിരുന്നു. ഇതിനിടെയായിരുന്നു എസ് എഫ് ഐയുടെ കരിങ്കൊടി പ്രതിഷേധം. ഗവര്‍ണറുടെ വരവ് മുന്‍കൂട്ടി അറിയാമായിരുന്ന പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു. പ്രതിഷേധക്കാര്‍ ഗവര്‍ണറുടെ വാഹനത്തിന് മുന്നില്‍ വരെ എത്തി. തുടര്‍ന്ന് ഗവര്‍ണറുടെ വാഹനവ്യൂഹം തടസ്സപ്പെട്ടു. പിന്നാലെ ഗവര്‍ണര്‍ തന്നെ വാഹനം നിര്‍ത്തിച്ച് കാറില്‍ നിന്നും പുറത്തിറങ്ങി. നിങ്ങള്‍ എവിടെയെല്ലാം പ്രതിഷേധിച്ചാലും അവിടെയെല്ലാം താന്‍ പുറത്തിറങ്ങുമെന്ന് ഗവര്‍ണര്‍ എസ് എഫ് ഐകാരോട് പറഞ്ഞു. സി ആര്‍ പിഎഫും പൊലീസും ചേര്‍ന്ന് ഗവര്‍ണറെ വലയം ചെയ്ത് വാഹനത്തിലേക്ക് തിരികെ കയറ്റുകയായിരുന്നു.

 

Latest News