ബ്രസ്സല്‍സ് - ബെല്‍ജിയം ഫുട്‌ബോള്‍ ലീഗില്‍ ആന്‍ഡര്‍ലെറ്റിന് വേണ്ടി നേടിയ ഗോള്‍ തോര്‍ഗന്‍ ഹസാഡ് ആഘോഷിച്ച രീതി ആരാധാകരെ ആശയക്കുഴപ്പത്തിലാക്കി. പക്ഷി പറക്കുന്ന രീതിയാണ് ഹസാഡ് അനുകരിച്ചത്. ആരാധകര്‍ കാര്യമറിയാതെ അമ്പരന്നു. സിന്‍ഡ് ട്രൂയ്ഡന്‍സിനെതിരായ കളിയില്‍ 49ാം മിനിറ്റിലാണ് തോര്‍ഗന്‍ ഹെഡറിലൂടെ ആന്‍ഡര്‍ലെറ്റിന്റെ ഗോള്‍ നേടിയത്. ആന്‍ഡര്‍ലെറ്റ് 4-1 ന് ജയിച്ചു. സെപ്റ്റംബറില്‍ ബൊറൂസിയ ഡോര്‍ട്മുണ്ടില്‍ നിന്നാണ് മുപ്പതുകാരന്‍ ആന്‍ഡര്‍ലെറ്റിലെത്തിയത്.
വീട്ടില്‍ മൂന്ന് തത്തകളുണ്ടായിരുന്നുവെന്നും അതിലൊന്ന് ചത്തപ്പോള്‍ മക്കളുടെ ആവശ്യപ്രകാരമാണ് ഗോളാഘോഷത്തില്‍ അതിനെ അനുസ്മരിച്ചതെന്നും മുപ്പതുകാരന്‍ വെളിപ്പെടുത്തി. ടോട്ടോ എന്നാണ് തത്തയുടെ പേര്. ഡോര്‍ട്മുണ്ടിലായിരിക്കെ രക്ഷിച്ചു കൊണ്ടുവന്നതാണ്. മക്കളാണ് ഗോളുകള്‍ എങ്ങനെ ആഘോഷിക്കണമെന്ന് നിര്‍ദേശിക്കുന്നതെന്നും തോര്‍ഗന്‍ വെളിപ്പെടുത്തി. മുന്‍ ചെല്‍സി, റയല്‍ മഡ്രീഡ് താരം ഈഡന്‍ ഹസാഡിന്റെ സഹോദരനാണ് തോര്‍ഗന്‍. ബെല്‍ജിയന്‍ ലീഗില്‍ ഇപ്പോള്‍ രണ്ടാം സ്ഥാനത്താണ് ആന്‍ഡര്‍ലെറ്റ്.