ന്യൂദല്‍ഹി - ഹോക്കി ഇന്ത്യക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി ഇന്ത്യന്‍ വനിതാ ഹോക്കി ടീമിന്റെ വിദേശ കോച്ച് യാനെക് ഷോപ്മാന്‍. റൂര്‍ക്കേലയിലെ ബിര്‍സ മുണ്ട സ്റ്റേഡിയത്തില്‍ ഹോക്കി പ്രൊ ലീഗിലെ അവസാന മത്സരത്തില്‍ കരുത്തരായ അമേരിക്കയെ ഇന്ത്യ 2-1 ന് തോല്‍പിച്ച ശേഷമാണ് ഡച്ചുകാരി പൊട്ടിത്തെറിച്ചത്. 2008 ല്‍ ഒളിംപിക് ചാമ്പ്യന്മാരായ നെതര്‍ലാന്റ്‌സ് ടീമിലെ അംഗമാണ് ഷോപ്മാന്‍. 2020 ല്‍ ഇന്ത്യന്‍ വനിതാ ടീമിന്റെ അനലിറ്റിക്കല്‍ കോച്ചായാണ് തുടക്കം. 2021 ലെ ടോക്കിയൊ ഒളിംപിക്‌സിനു ശേഷം ചീഫ് കോച്ചായി ഉയര്‍ത്തി. ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലക പദവി ഏറ്റെടുക്കുന്ന ആദ്യ വനിതയാണ് അവര്‍.
ഹോക്കി ഇന്ത്യയുമായുള്ള ദൈനംദിന ഇടപെടല്‍ വിവരിക്കവെ പലപ്പോഴും നാല്‍പത്താറുകരി വിതുമ്പി. വല്ലാത്ത കഷ്ടപ്പാടാണ്. വനിതകള്‍ ആദരിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്ന സംസ്‌കാരത്തിലാണ് ഞാന്‍ വളര്‍ന്നത്. ആ ഒരു സംസ്‌കാരം ഇവിടെയില്ല. കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയില്‍ പലപ്പോഴും ഒറ്റപ്പെടല്‍ അനുഭവിച്ചു. അസിസ്റ്റന്റ് കോച്ചായ കാലത്ത് പലരും എന്നെ അംഗീകരിക്കുകയോ എന്റെ വാക്കുകള്‍ കേള്‍ക്കുകയോ മറുപടി നല്‍കുകയോ ചെയ്തിരുന്നില്ല. ചീഫ് കോച്ചായപ്പോഴാണ് പെട്ടെന്ന് എനിക്ക് പ്രാധാന്യം കൈവന്നത്. പുരുഷ കോച്ചുമാരോടുള്ള പെരുമാറ്റം എത്ര വ്യത്യസ്തമാണെന്നത് എന്നെ അമ്പരപ്പിച്ചു. ഇതേ മനോഭാവം പെണ്‍കുട്ടികളുടെ ടീമിനോടുമുണ്ട്. അവര്‍ പരാതിപ്പെടാതെ പണിയെടുക്കും. പറയുന്നതൊക്കെ അനുസരിക്കും. എന്നാല്‍ ഞാന്‍ വന്നത് മറ്റൊരു സംസ്‌കാരത്തില്‍ നിന്നാണ്. ജോലി ചെയ്തത് അമേരിക്കയിലാണ്. അവിടെയൊക്കെ ഞങ്ങളുടെ നിലപാടുകള്‍ മാനിക്കപ്പെടുന്നു. എന്നാല്‍ ഈ രാജ്യം സ്ത്രീകള്‍ക്ക് പ്രയാസമാണ്. 2022 ലെ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ വെങ്കലം നേടിയ ശേഷം പരിശീലക പദവി ഒഴിയേണ്ടതായിരുന്നു -ഷോപ്മാന്‍ പറഞ്ഞു.
ഇന്ത്യന്‍ ടീം പാരിസ് ഒളിംപിക്‌സിന് യോഗ്യത നേടാതിരുന്നതോടെ തന്നെ ഷോപ്മാന്റെ സ്ഥാനത്തിന് ഭീഷണിയുയര്‍ന്നിരുന്നു. വ്യക്തിപരമായി പ്രയാസമുണ്ടെങ്കിലും താന്‍ ഇന്ത്യന്‍ കളിക്കാരികളെ സ്‌നേഹിക്കുന്നതായും ടീമിനൊപ്പം തുടരാനാണ് താല്‍പര്യമെന്നും ഷോപ്മാന്‍ പറഞ്ഞു. ഷോപ്മാന്റെ വിമര്‍ശനത്തോട്് ഹോക്കി ഇന്ത്യ പ്രതികരിച്ചിട്ടില്ല.