അബുദാബി- റോഡുകളില്‍ വാഹനങ്ങളുടെ ഒഴുക്ക് നിരീക്ഷിക്കുകയെന്ന ലക്ഷ്യത്തോടെ വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ തിരിച്ചറിയുന്നതിനുള്ള പുതിയ സാങ്കേതിക വിദ്യ അബുദാബി റോഡുകളിലെ റഡാറുകളില്‍ ഏര്‍പ്പെടുത്തി. ഓട്ടോമാറ്റിക് നമ്പര്‍ പ്ലേറ്റ് റക്കഗ്നിഷന്‍ (എ.എന്‍.പി.ആര്‍) ഏര്‍പ്പെടുത്തിയതായി അബുദാബി പോലീസ് ഇന്‍സ്റ്റാഗ്രാമില്‍ അറിയിച്ചു.
ഓരോ പ്രദേശത്തേയും വാഹനങ്ങളുടെ എണ്ണം കൃത്യമായി ലഭിക്കാന്‍ പുതിയ സാങ്കേതിക വിദ്യ സഹായിക്കും.
ക്യാമറ ഫ്‌ളാഷ് ലൈറ്റുകള്‍ സ്പീഡ് പരിധി ലംഘിക്കുന്നവരെ കണ്ടെത്താന്‍ മാത്രമല്ലെന്ന് പോലീസ് വിശദീകരിച്ചു. പരാതികള്‍ നല്‍കുന്നതിനു മുമ്പ് സ്മാര്‍ട്ട് ആപ്ലിക്കേഷനിലോ ട്രാഫിക് പോലീസ് വെബ്‌സൈറ്റിലേ സ്പീഡ് ലംഘനം രേഖപ്പെടുത്തിയിട്ടുണ്ടോ എന്ന് പരിശോധിക്കണം. പുതുതായി ഏര്‍പ്പെടുത്തിയ വേഗപരിധി പൂര്‍ണമായും പാലിക്കണമെന്നും പോലീസ് അഭ്യര്‍ഥിച്ചു.
അബുദാബിയില്‍ അപകടങ്ങള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത ഒരു റോഡില്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 17 സൗരോര്‍ജ റഡാറുകള്‍ സ്ഥാപിച്ചിരുന്നു. ട്രാഫിക് സുരക്ഷ വര്‍ധിപ്പിക്കാനും അപകടങ്ങള്‍ കുറക്കുന്നതിനുമാണ് പുതിയ റഡാറുകള്‍ സ്ഥാപിച്ചിരിക്കുന്നതെന്ന് അബുദാബി പോലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍സ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ അല്‍ ഖല്‍ഫാന്‍ അല്‍ ദാഹിരി പറഞ്ഞു.