പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് ടി.പി. ശ്രീനിവാസനെ കണ്ട് മാപ്പ് പറയണമായിരുന്നു എന്ന പ്രതിപക്ഷ നിലപാടാണ് ശരി. ശ്രീനിവാസനെ അന്ന് മുഖത്തടിച്ചവർ അദ്ദേഹത്തിന്റെ കൊച്ചു മക്കളാകാൻ മാത്രം പ്രായമുള്ളവരായിരുന്നു. മാപ്പ് പറയേണ്ടത് ആ കുട്ടികളല്ല. അവരെ സമരത്തിനിറക്കിയവരാണ്. സാമൂഹ്യ, മാധ്യമ ഭാഷ ആവർത്തിച്ചാൽ കേരളത്തിൽ വരാൻ പോകുന്ന വിദേശ സർവകലാശാലകൾക്ക് പിന്നിൽ ടി.പി. ശ്രീനിവാസനടക്കം കൊണ്ട വെയിലാണ് എന്നത് അദ്ദേഹം മുഖത്ത് ഏറ്റുവാങ്ങിയ അടിയാണ് എന്ന് തിരുത്താം.
ഹരജിപ്പുറത്ത് മറുപടി, വരമ്പത്ത് കൂലി എന്നൊക്കെയുള്ള പ്രയോഗങ്ങൾക്ക് ചേരുംപടി ചേരുന്നതാണ് എസ്.എഫ്.ഐ എന്ന വിദ്യാർഥി സംഘടനയും അവരുടെ മാതൃസംഘടനയും ഇന്ന് നേരിടുന്ന പ്രതിസന്ധി. ഇത്ര വേഗം ഇങ്ങനെ ഒരവസ്ഥ വന്നു ഭവിക്കുമെന്ന് അവരാരും സ്വപ്‌നത്തിൽ പോലും കരുതിയിരിക്കില്ല. നിലപാടുകൾ ഇരുമ്പുലക്കയല്ലെന്ന് ഇ.എം.എസ് പണ്ടെന്നോ പറഞ്ഞു വെച്ചിട്ടുണ്ടെങ്കിലും ഇത്ര വേഗത്തിൽ ഇപ്പറഞ്ഞ ഇരുമ്പുലക്ക വിഴുങ്ങി നയമാറ്റത്തിന്റെ ചുക്കുവെള്ളം കുടിക്കേണ്ടി വരുന്നതിൽ പാർട്ടിയും പാർട്ടിക്കാരുമെല്ലാം കടുത്ത ആശങ്കയിലാണ്. അതവർ പുറത്ത് കാണിക്കുന്നില്ലെന്ന് മാത്രം. എന്തു കാര്യവും അണികളെ പറഞ്ഞ് ബോധ്യപ്പെടുത്താൻ കേഡർ സ്വഭാവമുള്ള സംഘടനക്ക് പണ്ടൊക്കെ നല്ല എളുപ്പമായിരുന്നു. ഇക്കാലത്ത് അതൊന്നും അത്ര കണ്ട് വിജയിക്കില്ല. വിദേശ സർവകലാശാലകൾക്കെതിരെ സി.പി.എം നടത്തിയ സമരങ്ങളുടെ ഏറ്റവും പുതിയ ഐക്കണാണ് കോവളത്ത് എസ്.എഫ്.ഐക്കാരുടെ കരണത്തടിയേറ്റ് നിലത്ത് വീണു കിടന്ന പ്രായം ചെന്ന നയതന്ത്ര ഉദ്യോഗസ്ഥനായ ടി.പി. ശ്രീനിവാസൻ. വിദ്യാഭ്യാസത്തിന്റെ സ്വകാര്യവൽക്കരണത്തിനെതിരെ സി.പി.എം നടത്തിയ പഴയ സമരങ്ങളൊക്കെ ഡിജിറ്റൽ യുഗം ഇത്ര കണ്ട് ശക്തമല്ലാത്ത കാലത്തായതിനാൽ അതിന്റെയൊന്നും ജീവിക്കുന്ന ചിത്രങ്ങൾ പൊതു ഇടത്തിൽ കൂടുതലായി ഉണ്ടാകില്ല. കൂത്തുപറമ്പ് വെടിവെപ്പൊക്കെ ഉദാഹരണം. അത്തരം സമരത്തിൽ ജീവൻ പോകാതെ ഇപ്പോഴും അവശേഷിക്കുന്നത് ചൊക്‌ളിയിലെ മനപ്രത്ത് പുഷ്പനെ പാർട്ടി നേതാക്കൾ ഇടക്കിടെ സന്ദർശിക്കുമ്പോൾ വരുന്ന വാർത്തകളിലൂടെ മാത്രമാണ്. 1994 ൽ കൂത്തുപറമ്പിലുണ്ടായ വെടിവെപ്പിലായിരുന്നു പുഷ്പന്റെ നട്ടെല്ലിന് വെടിയേറ്റത്. വിദ്യാഭ്യാസ മേഖലയുടെ സ്വകാര്യവൽക്കരണത്തിനെതിരെ നടന്ന സമരത്തിന്റെ ആവേശമത്രയും അന്ന് പാർട്ടിയുടെ മുഖ്യ ശത്രുവായി മാറിയിരുന്ന മന്ത്രി എം.വി. രാഘവനെതിരെ തിരിഞ്ഞപ്പോൾ സമരത്തിൽ വെടിയേറ്റ പുഷ്പൻ ജീവിതത്തിനും മരണത്തിനും ഇടയിലായിപ്പോയി. അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ അന്ന് വെടിയേറ്റ് മരിച്ചിരുന്നു. ഇതൊക്കെ ഇപ്പോൾ ഏതാണ്ട് ഓർമയുടെ മറുപുറത്താണ്. ശ്രീനിവാസൻ എപ്പിസോഡ് അങ്ങനെയല്ല. എല്ലാം ഇപ്പോഴും ലൈവ്.
മുൻ നയതന്ത്രജ്ഞൻ ടി.പി. ശ്രീനിവാസനെ സി.പി.എം വിദ്യാർഥി പ്രവർത്തകർ മർദിച്ചത് 2016 ജനുവരിയിലായിരുന്നു. ജനുവരി 29, 30 ന് കോവളത്ത് നടന്ന ആഗോള വിദ്യാഭ്യാസ ഉച്ചകോടിയുടെ വേദിയിലായിരുന്നു മര്യാദ കെട്ട ഈ സമര രീതി. കേരളത്തിൽ വിദേശ സർവകലാശാല കാമ്പസ് ആരംഭിക്കുന്നതിന്റെ സാധ്യതകൾ ആരായുന്നതിനായി വിദേശ പ്രതിനിധികളെയും ഉൾക്കൊള്ളിച്ചായിരുന്നു ഉച്ചകോടി. ഇപ്പറഞ്ഞ ഉച്ചകോടിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ടായിരുന്നു. ദുബായ് മാതൃകയിൽ കേരളത്തിൽ വിദേശ സർവകലാശാലകൾക്ക് സൗകര്യമൊരുക്കലായിരുന്നു ലക്ഷ്യം. മാതൃക യു.എ.ഇ കൂടിയാകുമ്പോൾ അക്കാലത്ത് എസ്.എഫ്.ഐ സമരത്തിനൊക്കെ ഇത്തിരി ഉശിരു കൂടുമായിരുന്നു. പോലീസ് നോക്കിനിൽക്കേയായിരുന്നു ശ്രീനിവാസൻ ആക്രമിക്കപ്പെട്ടത്. സി.പി.എം അന്ന് പ്രതിപക്ഷത്തായിരുന്നു. അതു കാരണം ഇത്തരം സമരങ്ങൾക്ക് അവർ നിരന്തരം വഴിയും വെളിച്ചവുമായി നിന്നു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാനായ ടി .പി. ശ്രീനിവാസനായിരുന്നു അന്ന് എസ്.എഫ്.ഐയുടെ കൺമുന്നിലെ ഏറ്റവും വലിയ വർഗശത്രു. ഒരു കൂട്ടം പോലീസുകാർ നോക്കിനിൽക്കേയായിരുന്നു ഉന്നത വിദ്യാഭ്യാസത്തിന്റെ വാണിജ്യവൽക്കരണം ത്വരിതപ്പെടുത്തുന്ന'താണ് പുതിയ നീക്കം എന്ന് ആരോപിച്ച് സി.പി.എമ്മിന്റെ വിദ്യാർഥി വിഭാഗത്തിന്റെ ആവേശപൂർവമുള്ള സമര മുന്നേറ്റം. ഉച്ചകോടി നടക്കുന്ന കോവളത്തെ ഹോട്ടലിന് മുന്നിൽ എസ്.എഫ്.ഐ വക അന്ന് കുത്തിയിരിപ്പ് സമരം നടന്നു വരികയായിരുന്നു.
ഇക്കഴിഞ്ഞ ഫെബ്രുവരി 5 ന് മുൻ എസ്.എഫ്.ഐ നേതാവു കൂടിയായ കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച ബജറ്റിൽ വിദേശ സർവകലാശാലയുമായി ബന്ധപ്പെട്ട് വന്ന വാക്കും വരികളും ഇങ്ങനെ- ''തുല്യതയുടെയും സുതാര്യതയുടെയും തത്വങ്ങൾ അടിസ്ഥാനമാക്കിക്കൊണ്ട് പുതിയ യു.ജി.സി മാർഗനിർദേശങ്ങൾ അനുസരിച്ച് കേരളത്തിൽ വിദേശ സർവകലാശാല കാമ്പസുകൾ സ്ഥാപിക്കുന്നതിനുള്ള അവസരങ്ങൾ പരിശോധിക്കും. ആവശ്യമായ എല്ലാ അംഗീകാരങ്ങൾക്കുമുള്ള ഏക ജാലക ക്ലിയറൻസ്, സ്റ്റാമ്പ് ഡ്യൂട്ടി, ട്രാൻസ്ഫർ ഡ്യൂട്ടി, അല്ലെങ്കിൽ രജിസ്‌ട്രേഷൻ ചാർജുകളിൽ ഇളവ്, വൈദ്യുതിക്കും വെള്ളത്തിനുമുള്ള സബ്ഡിഡി നിരക്കുകൾ, നികുതി ഇളവുകൾ, മൂലധനത്തിനു മേലുള്ള നിക്ഷേപ സബ്‌സിഡി എന്നിങ്ങനെയുള്ള ഘടകങ്ങൾ ഈ നിക്ഷേപ സബ്‌സിഡിയുടെ ഭാഗമായിരിക്കും. സ്വകാര്യ സർവകലാശാല ആരംഭിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കും.''
സി.പി.എമ്മിന്റെ മുൻനിലപാടുകളെല്ലാം അക്ഷരം പ്രതി റദ്ദാക്കിക്കളയുന്ന വാക്കുകളാണ് ധനകാര്യ മന്ത്രിയിലൂടെ പുറത്ത് വന്നത്.
പ്രഖ്യാപനം നടത്തുന്നതിന് മുമ്പ് ടി.പി. ശ്രീനിവാസനെ കണ്ട് മാപ്പ് പറയണമായിരുന്നു എന്ന പ്രതിപക്ഷ നിലപാടാണ് ശരി. ശ്രീനിവാസനെ അന്ന് മുഖത്തടിച്ചവർ അദ്ദേഹത്തിന്റെ കൊച്ചു മക്കളാകാൻ മാത്രം പ്രായമുള്ളവരായിരുന്നു. മാപ്പ് പറയേണ്ടത് ആ കുട്ടികളല്ല. അവരെ സമരത്തിനിറക്കിയവരാണ്. സാമൂഹ്യ മാധ്യമ ഭാഷ ആവർത്തിച്ചാൽ കേരളത്തിൽ വരാൻ പോകുന്ന വിദേശ സർവകലാശാലകൾക്ക് പിന്നിൽ ടി.പി. ശ്രീനിവാസനടക്കം കൊണ്ട വെയിലാണ് എന്നത് അദ്ദേഹം മുഖത്ത് ഏറ്റുവാങ്ങിയ അടിയാണ് എന്ന് തിരുത്താം.