റിയാദ്- മൊബൈല്‍ ഫോണ്‍ മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കാത്ത സ്ഥാപനങ്ങള്‍ കണ്ടെത്താന്‍ റെയ്ഡ് തുടരുമെന്ന് സൗദി തൊഴില്‍ സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. വാണിജ്യ കേന്ദ്രങ്ങളിലും ഷോപ്പുകളിലുമായി ഈ വര്‍ഷം ഓഗസ്റ്റ് 11 വരെ 48,701 പരിശോധനകളാണ് നടത്തിയതെന്ന് മന്ത്രാലയ വക്താവ് ഖാലിദ് അബല്‍ഖൈല്‍ പറഞ്ഞു.
റെയ്ഡുകളില്‍ കണ്ടെത്തിയ 2088 നിയമലംഘനങ്ങളില്‍ 1640 എണ്ണം സ്വദേശിവല്‍ക്കരണം പാലിക്കാത്തതാണ്. 448 എണ്ണം മറ്റു തൊഴില്‍ നിയമങ്ങള്‍ പാലിച്ചില്ല.
ടെലിക്കമ്മ്യൂണിക്കേഷന്‍ മേഖലയിലെ നിയമലംഘനങ്ങള്‍ 19911 നമ്പറിലോ സ്മാര്‍ട്ട് ഫോണ്‍ ആപ്പ് വഴിയോ അറിയിക്കണമെന്ന് തൊഴില്‍ മന്ത്രാലയ വക്താവ് ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
സെല്‍ഫോണ്‍ മേഖലയിലെ തൊഴില്‍ സ്ഥിരതയും വരുമാന സാധ്യതയും സൗദി യുവാക്കള്‍ക്കും യുവതികള്‍ക്കും ലഭ്യമാക്കാനാണ് ഈ മേഖല പൂര്‍ണമായും സൗദിവല്‍ക്കരിച്ചത്. ഇതിനു പുറമെ ബിനാമി ബിസിനസിനു തടയിടാനും സാമൂഹിക സുരക്ഷാ സാമ്പത്തിക പ്രശ്‌നങ്ങള്‍ കുറയ്ക്കുന്നതിനും സ്വദേശിവല്‍ക്കരണം ലക്ഷ്യമിടുന്നുവെന്ന് അദ്ദേഹം പറഞ്ഞു.