ജിദ്ദ - ബില്ലടക്കാത്തതിന്റെ പേരിൽ പൊതുപരീക്ഷാ കാലത്ത് വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചാൽ ഉപയോക്താക്കൾക്ക് ഇലക്ട്രിസിറ്റി കമ്പനി 500 റിയാൽ തോതിൽ നഷ്ടപരിഹാരം നൽകാൻ ബാധ്യസ്ഥമാണെന്ന് വാട്ടർ ആന്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി വ്യക്തമാക്കി. ബില്ലടക്കാത്തതിന്റെ പേരിൽ പൊതുപരീക്ഷാ കാലത്ത് ഗാർഹിക ഉപയോക്താക്കളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്നതിനെതിരെ അതോറിറ്റി ഇലക്ട്രിസിറ്റി കമ്പനിക്ക് മുന്നറിയിപ്പ് നൽകി.
ബില്ലടക്കാത്തതിന്റെ പേരിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകളും അംഗീകൃത നടപടികളും ഇലക്ട്രിസിറ്റി കമ്പനി പാലിക്കൽ നിർബന്ധമാണ്. ഇത്തരം വ്യവസ്ഥകളും നടപടികളും പാലിക്കാതിരിക്കൽ, നിരോധിത സമയങ്ങളിലും സന്ദർഭങ്ങളിലും വൈദ്യുതി കണക്ഷൻ വിച്ഛേദിക്കൽ, ഇൻവോയ്‌സിൽ നിർണയിച്ച തീയതിക്കു മുമ്പായി കണക്ഷൻ വിച്ഛേദിക്കൽ, അബദ്ധത്തിൽ മീറ്റർ മാറി കണക്ഷൻ വിച്ഛേദിക്കൽ എന്നീ സാഹചര്യങ്ങളിൽ എത്രയും വേഗത്തിൽ കണക്ഷൻ പുനഃസ്ഥാപിക്കലും ഉപയോക്താക്കൾക്ക് 500 റിയാൽ തോതിൽ നഷ്ടപരിഹാരം നൽകലും നിർബന്ധമാണെന്ന് വാട്ടർ ആന്റ് ഇലക് ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റി പുറത്തിറക്കിയ ഗ്യാരണ്ടീഡ് സ്റ്റാൻഡേർഡ്‌സ് ഗൈഡ് വ്യക്തമാക്കി.