ജിദ്ദ-ജോലിയും വരുമാനവുമില്ലാതെ ഏറെനാൾ ഷറഫിയയിലെ തെരുവിൽ കിടന്നിരുന്ന മലയാളി ഒടുവിൽ നാടണഞ്ഞു. മലപ്പുറം കോട്ടക്കൽ സ്വദേശി അബ്ദുൽ റഹീമാണ് കഴിഞ്ഞ ദിവസം നാട്ടിലെത്തിയത്. ഷറഫിയ അൽ റയാൻ ക്ലിനിക്കിന്റെയും റമദാൻ മസ്ജിദിന്റെയും ഇടയിലുള്ള വഴിയിൽ മാസങ്ങളായി അന്തിയുറങ്ങിയിരുന്ന ഇദ്ദേഹത്തിന്റെ കദന കഥ പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം കോഴിക്കോട്ടേക്കുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിലാണ് റഹീം നാട്ടിലേക്ക് എത്തിയത്.
റഹീമിനെ നാട്ടിലേക്ക് എത്തിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി പറയുന്നതായി വണ്ടൂര്‍ മണ്ഡലം കെ.എം.സി.സി വൈസ് പ്രസിഡന്‍റ് ഹാരിസ് മമ്പാട് പറഞ്ഞു.
ഹാരിസിന്റെ കുറിപ്പ്:
അൽഹംദുലില്ലാഹ്, അല്ലാഹുവിന്റെ അപാരമായ അനുഗ്രഹത്താൽ കോട്ടക്കൽ സ്വദേശി അബ്ദുൽ റഹീം നാട്ടിലെത്തി. ഇനി ഷറഫിയയുടെ തെരുവിൽ കിടക്കേണ്ട. സ്വസ്ഥമായി വീട്ടിൽ കിടന്നുറങ്ങാം. അതിനായി സഹകരിച്ച സഹായിച്ച സഹായിച്ച ഒരുപാട് ആളുകൾ ഉണ്ട്. സൗദി നാഷണൽ കെ.എം.സി.സി പ്രസിഡന്റ് കുഞ്ഞി മോൻ കാക്കിയ, മലപ്പുറം ജില്ലാ കെ.എം.സി.സി വൈസ് പ്രസിഡന്റ് കുഞ്ഞി മുഹമ്മദ് എന്ന ചെറി മഞ്ചേരി ഷറഫിയ, ഭക്ഷണം വാങ്ങി കൊടുത്തവർ സാമ്പത്തികമായി സഹായിച്ച അദ്ദേഹത്തിന്റെ കുടുംബങ്ങൾ തുടങ്ങിയവർ. ഈ വാർത്ത കേട്ടപ്പോൾ ജിദ്ദയിലെ മലയാളി സമൂഹം സഹായവുമായി മുന്നോട്ടു വന്നു. കുറെ വിമർശനങ്ങൾ കേൾക്കേണ്ടി വന്നു. അത്തരക്കാരോട് പറയാനുള്ളത് നിങ്ങൾ വിമർശിക്കുക. അത് നിങ്ങൾ ശീലിച്ചതായിരിക്കും. അത് ഒരു പൂച്ചെണ്ടായി കാണാൻ ഞാൻ ആഗ്രഹിക്കുന്നു. 17/02/2024 നുള്ള സ്‌പൈസ് ജെറ്റ് വിമാനത്തിൽ റഹിം നാട്ടിൽ എത്തി. മഞ്ചേരി തുറക്കൽ സ്വദേശി മുസ്തഫ(ദീമാ സൂപ്പർ മാർക്കറ്റ്)യാണ് അബ്ദുൽ റഹീമിന് നാട്ടിലേക്ക് പോകാനുള്ള വഴി ഒരുക്കിയത്.