ലണ്ടന്‍ - ഡിംബര്‍ 16 ന് ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോള്‍ മത്സരത്തിനിടെ ഗ്രൗണ്ടില്‍ ഹൃദയാഘാതമുണ്ടായ ലൂടന്‍ ക്യാപ്റ്റന്‍ ടോം ലോക്കിയര്‍ക്ക് ഇത് അക്ഷരാര്‍ഥത്തില്‍ രണ്ടാം ജന്മം. ബോണ്‍മൗത്തിനെതിരായ കളിക്കിടെ ഹൃദയാഘാതമുണ്ടായപ്പോള്‍ രണ്ട് മിനിറ്റ് 40 സെക്കന്റാണ് ഇരുപത്തൊമ്പതുകാരന്റെ ഹൃദയം നിലച്ചത്.
അഞ്ചു ദിവസത്തോളം ആശുപത്രിയില്‍ കഴിഞ്ഞ ശേഷം ഡീഫ്രൈബിലേറ്റര്‍ ഘടിപ്പിച്ചാണ് ലോക്കിയര്‍ പുതുജീവിതം തുടങ്ങിയത്. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍ഷിപ് പ്ലേഓഫ് ഫൈനലിലും ലോക്കിയര്‍ ഇതുപോലെ നിലംപതിച്ചിരുന്നു.
എന്നാല്‍ ബോണ്‍മൗത്തിനെതിരെ ഇറങ്ങുന്ന ദിവസം നല്ല ആവേശത്തിലായിരുന്നു താനെന്ന വെയ്ല്‍സ് താരം പറഞ്ഞു. മധ്യവര വരെ പന്തുമായി ഓടിയ ശേഷം തിരിച്ച് പിന്‍നിരയിലേക്ക് വരുമ്പോഴാണ് കണ്ണില്‍ ഇരുട്ട് മൂടിയത്. ശരിയാവുമെന്ന് തോന്നി. പിന്നെ കണ്ണ് തുറക്കുമ്പോള്‍ കാണുന്നത് ചുറ്റും ഡോക്ടര്‍മാരെയാണ്. മേയില്‍ ഇതുപോലെ സംഭവിച്ചപ്പോള്‍ സ്വപ്‌നത്തില്‍ നിന്ന് ഉണരുന്നതു പോലെയാണ് തോന്നിയത്. ഇത്തവണ തീര്‍ത്തും വ്യത്യസ്തമായിരുന്നു. ശൂന്യതയില്‍ നിന്ന് ഉണരുന്നതു പോലെയാണ് തോന്നിയത്. സംസാരിക്കാനോ ചലിക്കാനോ സാധിച്ചില്ല. മരിക്കുകയാണെന്ന് തോന്നി. ഏഴു മാസം ഗര്‍ഭിണിയായ ജീവിതപങ്കാളി ഗ്രൗണ്ടില്‍ ആ കാഴ്ചകള്‍ കാണുന്നുണ്ടായിരുന്നു. റേഡിയോയില്‍ അമ്മ കമന്ററി കേള്‍ക്കുന്നുണ്ടായിരുന്നു. ചായ ഉണ്ടാക്കാന്‍ അടുക്കളയിലേക്ക് പോയ സമയത്തായിരുന്നു സംഭവം. സഹോദരന്‍ റേഡിയൊ ഓഫ് ചെയ്തു -ലോക്കിയര്‍ പറഞ്ഞു.
കഴിഞ്ഞ മാസമാണ് ലോക്കിയര്‍ കളിക്കളത്തില്‍ തിരിച്ചെത്തിയത്.