Sorry, you need to enable JavaScript to visit this website.

അംല ബ്ലോക്കത്തോണ്‍, പെര്‍ഫെട്ക് പട്ടേല്‍, ഇന്ത്യയുടെ വന്‍ വിജയങ്ങള്‍

രാജ്‌കോട് - രാജ്‌കോട് ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ ഇന്ത്യ തോല്‍പിച്ചത് അമ്പരപ്പിക്കുംവിധം വലിയ വിജയമാര്‍ജിനായ 434 റണ്‍സിനാണ്. ഇന്ത്യയുടെ റെക്കോര്‍ഡ് വിജയമാണ് ഇത്. ഇതാ സമാനമായ അഞ്ച് വിജയങ്ങള്‍.

2021 ല്‍ ന്യൂസിലാന്റിനെതിരെ
മുംബൈ ടെസ്റ്റില്‍ 325 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഓപണര്‍ മായാങ്ക് അഗര്‍വാളിന്റെ 150 റണ്‍സിന്റെ സഹായത്തില്‍ 325 ലെത്തിയ ഇന്ത്യക്കെതിരെ 62 ന് ന്യൂസിലാന്റ് ഓളൗട്ടായി. ഇന്ത്യ വീണ്ടും ബാറ്റ് ചെയ്യുകയും അഗര്‍വാളിന്റെ (62) സഹായത്തോടെ സന്ദര്‍ശകര്‍ക്ക് 540 റണ്‍സിന്റെ ലക്ഷ്യം മുന്നോട്ടുവെക്കുകയും ചെയ്തു. ന്യസിലാന്റ് 167 ന് പുറത്തായി. ആര്‍. അശ്വിനും ജയന്ത് യാദവുമായിരുന്നു പ്രധാന അന്തകര്‍. ന്യൂസിലാന്റ് സ്പിന്നര്‍ അജാസ് പട്ടേല്‍ ഇന്നിംഗ്‌സിലെ 10 വിക്കറ്റും സ്വന്തമാക്കി ചരിത്രം സൃഷ്ടിച്ചെങ്കിലും മാന്‍ ഓഫ് ദ മാച്ച് ബഹുമതി കിട്ടിയത് അഗര്‍വാളിനാണ്. 

2015 ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ
എല്ലാ പന്തും ഹാശിം അംലയും എബി ഡിവിലിയേഴ്‌സും പ്രതിരോധിക്കാന്‍ ശ്രമിച്ച ന്യൂദല്‍ഹി ടെസ്റ്റ് ബ്ലോക്കത്തോണ്‍ എന്നാണ് അറിയപ്പെട്ടത്. രണ്ട് ഇന്നിംഗ്‌സിലും അജിന്‍ക്യ രഹാനെ സെഞ്ചുറി നേടി (127, 100). ഇന്ത്യ 334, അഞ്ചിന് 267 എന്നിങ്ങനെയാണ് സ്‌കോര്‍ ചെയ്തത്. അഞ്ച് സീസണില്‍ 481 റണ്‍സ് ഈ പിച്ചില്‍ നേടുക അസാധ്യമാണെന്ന് മനസ്സിലാക്കിയാണ് ഹാശിമും (244 പന്തില്‍ 25) ഡിവിലിയേഴ്‌സും (297 പന്തില്‍ 43) ബ്ലോക്കിംഗ് തുടങ്ങിയത്. ഈ കൂട്ടുകെട്ട് 232 പന്ത് നേരിട്ട് 44 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. ഇരുവരും പുറത്തായതോടെ ദക്ഷിണാഫ്രിക്ക തോറ്റു. 

2016 ല്‍ ന്യൂസിലാന്റിനെതിരെ 
അശ്വിന്‍ 13 വിക്കറ്റെടുത്ത ഇന്‍ഡോര്‍ ടെസ്റ്റില്‍ ന്യൂസിലാന്റിന് പൊരുതാന്‍ പോലുമായില്ല. വിരാട് കോലിയും (211) രഹാനയും (188) തമ്മിലുള്ള കൂട്ടുകെട്ടില്‍ ഇന്ത്യ അഞ്ചിന് 557 ല്‍ ഡിക്ലയര്‍ ചെയ്തു. ന്യൂസിലാന്റ് 299 നും 153 നും ഓളൗട്ടായി. 

2008 ല്‍ ഓസ്‌ട്രേലിയക്കെതിരെ
സൗരവ് ഗാംഗുലിയും (102) സചിന്‍ ടെണ്ടുല്‍ക്കറും (88) ഒന്നാന്തരമായി ബാറ്റ് ചെയ്ത മൊഹാലി ടെസ്റ്റില്‍ രണ്ട് ഇന്നിംഗ്‌സിലും ടീമിനെ മുന്നില്‍ നിന്ന് നയിച്ചത് മഹേന്ദ്ര ധോണിയാണ് (92, 68 നോട്ടൗട്ട്). രണ്ടാം ഇന്നിംഗ്‌സ് മൂന്നിന് 313 ല്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്തു. ഓസ്‌ട്രേലിയക്ക് ലക്ഷ്യം 516 റണ്‍സ്. ഹര്‍ഭജന്‍ സിംഗും സഹീര്‍ ഖാനും അവരെ 195 ന് മടക്കിക്കെട്ടി. 
 

Latest News