Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ടിപി വധക്കേസിലെ അപ്പീലുകളില്‍ ഹൈക്കോടതി വിധി ഇന്ന്

കൊച്ചി- ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ വിചാരണക്കോടതി വിധി ചോദ്യം ചെയ്തുകൊണ്ടുള്ള വിവിധ ഹര്‍ജികളില്‍ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. ശിക്ഷാ വിധി ചോദ്യം ചെയ്ത് പ്രതികളും, കേസില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാരും നല്‍കിയ ഹര്‍ജികള്‍ കോടതി പരിഗണിക്കും. സിപിഎം നേതാവ് പി മോഹനനെ വിട്ടയച്ചതിനെതിരെ ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെ കെ രമ നല്‍കിയ അപ്പീലിലും കോടതി വിധി പ്രസ്താവിക്കും.
രാവിലെ 10.15 ന് ജസ്റ്റിസ് എ കെ ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് വിധി പറയും. എഫ്ഐആറില്‍ ഇല്ലാത്ത പലരെയും പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തി. അതിനു പിന്നില്‍ രാഷ്ട്രീയഗൂഢാലോചന നടന്നിട്ടുണ്ട്. അതിനാല്‍ തങ്ങള്‍ക്കെതിരായ ശിക്ഷാ വിധി റദ്ദാക്കണമെന്ന് പ്രതികള്‍ അപ്പീലില്‍ ആവശ്യപ്പെടുന്നു. അതേസമയം ചില പ്രതികള്‍ക്ക് നല്‍കിയ ശിക്ഷ കുറഞ്ഞുപോയെന്നും, പരമാവധി ശിക്ഷ നല്‍കണമെന്നുമാണ് സര്‍ക്കാരിന്റെ അപ്പീലില്‍ ആവശ്യപ്പെടുന്നത്.
സിപിഎമ്മിന്റെ ഉന്നത നേതാക്കള്‍ അറിഞ്ഞു കൊണ്ടുള്ള രാഷ്ട്രീയക്കൊലപാതകമാണ് ടിപി ചന്ദ്രശേഖരന്റേത്. ഇതില്‍ രാഷ്ട്രീയ ഗൂഢാലോചന നടന്നിട്ടുണ്ട്. അതില്‍ ഉള്‍പ്പെട്ടിട്ടുള്ള സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉള്‍പ്പെടെയുള്ളവരെ വിട്ടയച്ചത് റദ്ദാക്കണം. ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ കൂടി വിചാരണ ചെയ്യണമെന്നും കെ കെ രമ ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.
2012 മെയ് 4ന് ആര്‍എംപി സ്ഥാപക നേതാവ് ടി പി ചന്ദ്രശേഖരനെ വടകരയ്ക്കടുത്ത് വള്ളിക്കാട് വച്ച് ഒരു സംഘം ബോംബെറിഞ്ഞ് വീഴ്ത്തിയ ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. സി പി എം വിട്ട് ഒഞ്ചിയത്ത് ആര്‍ എം പി എന്ന പാര്‍ട്ടിയുണ്ടാക്കിയതിന്റെ പക തീര്‍ക്കാന്‍ സി പി എമ്മുകാരായ പ്രതികള്‍ ചന്ദ്രശേഖരനെ വെട്ടി കൊലപ്പെടുത്തിയെന്നാണ് കേസ്.
വിചാരണയ്ക്ക് ശേഷം 2014ല്‍ എം സി അനൂപ്, കിര്‍മാണി മനോജ്, കൊടി സുനി, ടി കെ രജീഷ്, സി പി എം പാനൂര്‍ ഏരിയ കമ്മിറ്റി അംഗമായിരുന്ന പി കെ കുഞ്ഞനന്തന്‍ തുടങ്ങി 11 പ്രതികളെ ജീവപര്യന്തം തടവിനും, കണ്ണൂര്‍ സ്വദേശി ലംബു പ്രദീപിനെ മൂന്നു വര്‍ഷത്തെ തടവിനും ശിക്ഷിച്ചിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെ കുഞ്ഞനന്തന്‍ 2020 ജൂണില്‍ മരിച്ചു. 36 പ്രതികളുണ്ടായിരുന്ന കേസില്‍ സിപിഎം നേതാവ് പി മോഹനന്‍ ഉള്‍പ്പെടെ 24 പേരെ കോടതി വിട്ടയച്ചു.
 

Latest News