മഡ്രീഡ് - സ്പാനിഷ് ലീഗ് ഫുട്‌ബോളില്‍ അല്‍മീരിയയുടെ ദുരന്ത കഥ തുടരുന്നു. തുടര്‍ച്ചയായ ഇരുപത്തെട്ടാമത്തെ കളിയിലും അല്‍മീരിയക്ക് ജയിക്കാനായില്ല. അവസാന സ്ഥാനത്തുള്ള അല്‍മീരിയ 1-1 ന് ഗ്രനാഡയുമായി സമനില പാലിച്ചു. ഈ സീസണിലെ 25 കളികളിലും അല്‍മീരിയ ജയിച്ചില്ല. കഴിഞ്ഞ സീസണിലെ അവസാന മൂന്നു കളികളിലും അവരെ ജയം കടാക്ഷിച്ചിട്ടില്ല. ഈ സീസണില്‍ 25 കളികളില്‍ പതിനേഴും തോറ്റു. ബാക്കി എട്ടെണ്ണം സമനിലയായി.
പോയന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ള റയല്‍ മഡ്രീഡിനും ഈ റൗണ്ടില്‍ ജയിക്കാനായില്ല. റയൊ വായകാനോ അവരെ 1-1 ന് തളച്ചു. മൂന്നാം മിനിറ്റില്‍ തന്നെ യോസേലുവിലൂടെ ലഭിച്ച ലീഡ് റയല്‍ കളഞ്ഞുകുളിക്കുകയായിരുന്നു. എന്നാല്‍ മഡ്രീഡിലെ തന്നെ ക്ലബ്ബായ വായകാനൊ ഇരുപത്തേഴാം മിനിറ്റില്‍ പെനാല്‍ട്ടിയിലൂടെ ഗോള്‍ മടക്കി. ജിരോണയെക്കാള്‍ ആറ് പോയന്റ് മുന്നിലാണ് ഇപ്പോഴും റയല്‍. ബാഴ്‌സലോണ ഇഞ്ചുറി ടൈമില്‍ റോബര്‍ട് ലെവന്‍ഡോവ്‌സ്‌കി നേടിയ പെനാല്‍ട്ടിയില്‍ സെല്‍റ്റവീഗോയെ 2-1 ന് തോല്‍പിച്ചു. റയലിന് എട്ട് പോയന്റ് പിന്നിലാണ് അവര്‍. അത്‌ലറ്റിക്കൊ മഡ്രീഡ് 5-0 ന് ലാസ് പാല്‍മാസിനെ തരിപ്പണമാക്കി.