തിരുവനന്തപുരം - കുളത്തിൽ വീണ് നാലു വയസ്സുകാരൻ മരിച്ചു. തിരുവനന്തപുരം ജില്ലയിലെ കല്ലറ ഇരുളൂർ രതീഷ് ഭവനിൽ സതിരാജിന്റ മകൻ ആദിത്യനാ(4)ണ് മരിച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. വീടിന് സമീപത്തെ മീൻകുളത്തിലാണ് മൃതദേഹം കണ്ടെത്തിയത്. ഈ കുളത്തിൽ വച്ച് തുണി അലക്കിയ ശേഷം അമ്മയും മകനും വീട്ടിലേക്ക് മടങ്ങിയപ്പോൾ വഴിയിൽ വച്ച് കുട്ടി വീണ്ടും തിരിച്ചുപോയെന്നാണ് പറയുന്നത്. തുണി വിരിച്ച ശേഷം കുട്ടിയെ കാണാതെ വന്നതോടെ അമ്മ തിരഞ്ഞപ്പോഴാണ് കുട്ടിയെ കുളത്തിൽ കണ്ടത്. അമ്മയുടെ നിലവിളി കേട്ട് പ്രദേശവാസികൾ ഓടിയെത്തി കുട്ടിയെ ഉടനെ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.
പ്രാഥമിക ചികിത്സയ്ക്കുശേഷം ഗോകുലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കേസെടുത്തതായി വെഞ്ഞാറമൂട് പോലീസ് പറഞ്ഞു.