നിലമ്പൂർ- സെറിബ്രൽ പൾസി ബാധിച്ചു നന്നേ ചെറുപ്പത്തിൽ വീൽചെയറിൽ കഴിയേണ്ടിവന്ന ഷംലയുടെ സ്വപ്‌നങ്ങൾക്കു പ്രവാസി കൂട്ടായ്മയിലൂടെ സാക്ഷാത്കാരം. നിലമ്പൂർ രാമംകുത്ത് പാലപ്പുറത്ത് പരേതനായ മുഹമ്മദ് കോയയുടെ മകൾ ഷംല(25)ക്കാണ് ഓട്ടോമാറ്റിക് വീൽചെയർ ലഭിച്ചു ജീവിതത്തിനു പുതിയൊരു താളംകൈവന്നത്. നിലവിലെ വീൽചെയർ മറ്റാരെങ്കിലും ഉരുട്ടി കൊടുക്കേണ്ടതിനാൽ ഷംലയുടെ കൂടെ എപ്പോഴും ഒരാൾ വേണമായിരുന്നു. എന്നാൽ പുതിയതു ചാർജ് ചെയ്ത് ആവശ്യാനുസരണം ഷംലക്ക് തന്നെ കൊണ്ടു നടക്കാം. ഇതിനായി ചെറിയ റിമോട്ടു ഉപയോഗിച്ചാൽ മതി. ഏതാണ്ടു രണ്ടു ലക്ഷത്തോളം രൂപ ചെലവിൽ ജിദ്ദയിലെ കെ.എം.സി.സി പ്രവർത്തകരാണ് പുതിയ വീൽ ചെയർ സമ്മാനിക്കുന്നത്. അതോടൊപ്പം വളാഞ്ചേരി വികെഎം സ്‌പെഷൽ ഫിസിയോതെറാപ്പി സ്‌കൂളിൽ ജൻശിക്ഷൺ സൻസ്ഥാൻ തുടങ്ങുന്ന പുതിയ പ്രൊജക്ടിൽ ഇൻസ്ട്രക്ടറുടെ ജോലിയും ലഭിച്ചിട്ടുണ്ട്. ഇന്നു വീൽചെയർ ലഭിക്കുമെന്നാണ് വിവരം. ബുധനാഴ്ച തന്നെ പുതിയ ജോലിയിലും പ്രവേശിക്കും. വളാഞ്ചേരി സെന്ററിലെ ഫിസിയോതെറാപ്പിസ്റ്റ് ഡോ. സിനിൽദാസാണ് ഷംലക്ക് പുതിയ ജോലി ലഭിക്കാൻ കാരണമായത്. ജോലിയിൽ പ്രവേശിക്കാൻ ഓട്ടോമാറ്റിക് വീൽചെയർ അത്യാവശ്യവുമായിരുന്നു. ജോലിയിൽ കയറുന്നതോടെ ഷംലയുടെ താമസവും വളാഞ്ചേരിയിലേക്കു മാറ്റും. എന്നാൽ വീട് വിട്ടു ആദ്യമായാണ് ഒറ്റക്ക് താമസിക്കുന്നതെന്ന ആശങ്ക വീട്ടുകാർക്കുമുണ്ട്. കൂടെ മുറിയിലുള്ളവർ എല്ലാ കാര്യത്തിനും സഹായിക്കാമെന്നേറ്റതാണ് ഏകആശ്വാസം. രണ്ടാം വയസിൽ ഷംലയെ ജീവിതം തളർത്തിയെങ്കിലും തോറ്റു കൊടുക്കാൻ തയാറായിരുന്നില്ല. രാമംകുത്ത് സ്‌കൂളിലും ചക്കാലക്കുത്ത് എൻ.എസ്.എസ് സ്‌കൂളിലുമായി ഹയർ സെക്കൻഡറി 72 ശതമാനം മാർക്കോടെ പൂർത്തിയാക്കിയതിനു ശേഷം മമ്പാട് എം.ഇ.എസ് കോളജിൽ നിന്നാണ് ബി.എ. സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദം നേടിയത്. സംസാരം ഇപ്പോഴും വ്യക്തമല്ല. ഏതു പ്രതിസന്ധികളെയും തരണം ചെയ്യാമെന്ന ഉറച്ച വിശ്വാസമാണ് ഷംലക്കെന്നും കൂട്ടായുള്ളത്. ഒരു വർഷം മുമ്പു പിതാവ് മരിച്ച ഷംലയുടെ വീട്ടിൽ മാതാവും സഹോദര ഭാര്യയുമാണുള്ളത്. സഹോദരൻ വിദേശത്താണ്. ഒരു ഇളയ സഹോദരിയുമുണ്ട്.