കോഴിക്കോട്- താമരശ്ശേരി പോലീസ് സ്റ്റേഷനു സമീപത്തെ റന ഗോള്‍ഡില്‍ നിന്ന് കവര്‍ന്ന 79 ഗ്രാം സ്വര്‍ണം കൂടി കണ്ടെടുത്തു. കവര്‍ച്ച നടത്തിയ സംഘത്തിലെ രണ്ടു പേരുമായി പോലീസ് നടത്തിയ തെളിവെടുപ്പിലാണ് 79 ഗ്രാം സ്വര്‍ണം കൂടി കണ്ടെടുത്തത്.
പ്രതികളായ താമരശ്ശേരി പൂനൂര്‍ പാലം തലക്കല്‍ നിസാര്‍ (25), കോഴിക്കോട് ഒളവണ്ണ കൂത്താട്ടുപാറ നസീറ മന്‍സില്‍ മുഹമ്മദ് നിഹാല്‍ എന്നിവരുമായാണ് തെളിവെടുപ്പ് നടത്തിയത്.
വയനാട്, എറണാകുളം എന്നിവിടങ്ങളിലെ തെളിവെടുപ്പില്‍ പാലാരിവട്ടം, ഇടപ്പള്ളി, അയ്യപ്പന്‍കാവ്, ചിറ്റൂര്‍, വടുതല എന്നിവിടങ്ങളിലെ ജ്വല്ലറികളില്‍ വിറ്റ 26 ഗ്രാം സ്വര്‍ണ്ണവും മുഹമ്മദ് നിഹാല്‍ താമസിച്ച എറണാകുളത്തുള്ള വാടക വീട്ടില്‍ നിന്ന് 6.625 പവന്‍ സ്വര്‍ണ്ണവുമാണ് കണ്ടെടുത്തത്.
മുഖ്യപ്രതി നവാഫിനെയും കൊണ്ട് പോലീസ് നടത്തിയ തെളിവെടുപ്പില്‍ 22.375 പവന്‍ സ്വര്‍ണം കണ്ടെടുത്തിരുന്നു. ഇതോടെ കവര്‍ച്ച ചെയ്ത 50 പവനില്‍ 36 പവന്‍ കിട്ടി.