ബാലാവകാശങ്ങൾ പുതുക്കി നിശ്ചയിക്കാനൊരുങ്ങി സൗദി സാമൂഹ്യ ക്ഷേമ വകുപ്പ്
കരട് ഭേദഗതി വൈകാതെ പ്രാബല്യത്തിൽ
ജിദ്ദ- സൗദിയിൽ സ്വദേശികളും വിദേശികളുമായ കുട്ടികളുടെ വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങൾ സംബന്ധിച്ച് പരിഷ്‌കരിച്ച തീരുമാനങ്ങളുമായി മാനവശേഷി വികസന സാമൂഹ്യ ക്ഷേമ മന്ത്രാലയം. ഇഖാമ കാലാവധി തീരുന്നതുൾപ്പെടെയുള്ള കാരണങ്ങൾ വിദേശ ജോലിക്കാരുടെ മക്കളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നതിനു കാരണമല്ലെന്ന് വ്യക്തമാക്കുന്നതടക്കം 18 വയസ്സിനു താഴെയുള്ള കുട്ടികളുടെ അവകാശങ്ങളിൽ പുതുതായി നിരവധി വ്യവസ്ഥകൾ ചേർത്തു പരിഷ്‌കരിച്ച കരട് ഭേദഗതി വൈകാതെ പ്രാബല്യത്തിൽ വരും.
18 വയസ്സു വരെയുള്ള കുട്ടിയുടെ സംരക്ഷണം, പരിചരണം, വിദ്യാഭ്യാസം എന്നിവയെ ബാധിക്കുന്ന എല്ലാ കാര്യങ്ങളും ഭേദഗതികളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കുട്ടികളെ ദുരുപയോഗം ചെയ്യുന്നതും അവഗണിക്കുന്നതും മനഃപൂർവം ശാരീരിക, മാനസിക പീഡനങ്ങളേൽപിക്കുന്നതും ശിക്ഷ കിട്ടാവുന്ന കുറ്റങ്ങളായിരിക്കും. കുട്ടികളുടെ മാനസികവും ആരോഗ്യപരവുമായ വികാസത്തെ ദോഷകരമായി ബാധിക്കുകയോ അപമാനമുണ്ടാക്കുന്നതോ ആയ വാക്കുകളും പ്രവൃത്തികളും ബാലപീഡനമായി നിർവചിച്ചിട്ടുമുണ്ട്. ആരോഗ്യം, മാനസികം, വിദ്യാഭ്യാസം, ബൗദ്ധികം, സാമൂഹികം, സാംസ്‌കാരികം, സുരക്ഷ തുടങ്ങിയ കുട്ടിയുടെ അടിസ്ഥാന ആവശ്യങ്ങൾ ലഭ്യമാക്കാതിരിക്കുന്നതെല്ലാം ബാല അവഗണനയുടെ നിർവചനത്തിൽ വരും.
മാതാപിതാക്കളുടെ മരണം, ജയിൽവാസം, വിവാഹമോചനം എന്നിവ കാരണമായി അവരുടെയോ, അടുത്ത ബന്ധുക്കളുടെയോ സംരക്ഷണം നഷ്ടപ്പെടുന്നവരും മാതാപിതാക്കൾ ഉപേക്ഷിക്കുന്നവരുമായ കുട്ടികളുടെ രക്ഷാകർതൃത്വം, പരിചരണം എന്നിവയെല്ലാം അടിസ്ഥാനാവകാശങ്ങളായി നിശ്ചയിച്ചിട്ടുണ്ട്. കരട് ഭേദഗതി പ്രകാരം ഒരു കുട്ടിയെയും വിദ്യാഭ്യാസം തുടരുന്നതിൽ നിന്ന് കുട്ടിയുടെ പൗരത്വമോ ഇഖാമ കാലാവധിയോ തടയാൻ പാടില്ല. രോഗപ്രതിരോധ കുത്തിവെയ്പുകൾ നൽകുന്നതുൾപ്പെടെയുള്ള ആരോഗ്യ പരിചരണവും അടിസ്ഥാനാവകാശമായാണ് നിശ്ചയിച്ചിട്ടുള്ളത്.
ഇതാണ് ഗാസ, മരണത്തിന്റെ താടിയെല്ലിൽനിന്ന് അവർ ജീവിതത്തെ തിരിച്ചുപിടിക്കുന്നു