ഹായില്‍-നിയന്ത്രിത മരുന്ന് കൈവശം വച്ചതിന് പിടിയിലായി സൗദി ജയിലില്‍ കഴിഞ്ഞിരുന്ന മലയാളി 60 ദിവസത്തെ ജയില്‍ വാസത്തിനു ശേഷം മോചിതനായി. തന്റെ കൈവശം ഉണ്ടായിരുന്നത് നാട്ടിലെ ഡോക്ട്ടറുടെ നിര്‍ദേശ പ്രകാരം കഴിച്ചിരുന്ന മരുന്നാണെന്ന് ലാബ് പരിശോധനയില്‍ തെളിയുകയും അതു പബ്ലിക് പ്രോസിക്യൂട്ടറിന് ബോധ്യപ്പെടുകയും ചെയ്തതോടെയാണ് പാലക്കാട് സ്വദേശിയായ പ്രഭാകരന്‍ ഇസാക്ക് മോചിതനായത്. തബൂക്കില്‍ വലിയ വാഹനങ്ങളുടെ മെക്കാനിക്കായി ജോലി ചെയ്യുന്ന ഇദ്ദേഹം ലീവ് കഴിഞ്ഞ് ജോലിസ്ഥലത്തേക്ക് പോകും വഴിയാണ് ഇദ്ദേഹത്തിന്റെ ലഗേജ് പരിശോധിച്ചപ്പോള്‍ മരുന്നുകള്‍ പിടികൂടിയത്. നാര്‍കോട്ടിക് വിഭാഗത്തിന്റെ സ്‌പെഷ്യല്‍ സ്‌ക്വാഡ് ബസില്‍ നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന്റെ കൈവശം നാട്ടില്‍ നിന്ന് കൊണ്ടുവന്ന മരുന്ന് കണ്ടെത്തുകയായിരുന്നു. വേദന നിവാരണത്തിന് ഉപയോഗിക്കുന്ന മരുന്നാണിതെന്ന് അന്വേഷണ സംഘം മുന്‍പാകെ ഇദ്ദേഹം പറഞ്ഞുവെങ്കിലും അതു തെളിയിക്കുന്നതിനാവശ്യമായ മതിയായ രേഖകള്‍ കൈവശം ഇല്ലാതിരുന്നതിനാല്‍ അറസ്റ്റ് ചെയ്യപ്പെടുകയായിരുന്നു.ഇദ്ദേഹത്തിന്റെ മോചനത്തിന് ഹായില്‍ കെഎംസിസി വെല്‍ഫെയര്‍ വിഭാഗം നേതാവ് പി എ സിദ്ദീഖ് മട്ടന്നൂര്‍ ഇദ്ദേഹത്തിന്റെ മോചനത്തിന് ശ്രമിക്കുകയും ഇന്ത്യന്‍ എംബസിയുടെ അനുമതി പത്രത്തോടുകൂടി അധികാരികളുമായി ബന്ധപ്പെട്ട് മോചനം നടത്തുകയുണ്ടായി. നാട്ടില്‍ നിന്നും വരുന്ന പ്രവാസികള്‍ ഡോക്ടറുടെ നിര്‍ദ്ദേശങ്ങളും പ്രിസ്‌ക്രിപ്ഷന്‍ ലെറ്ററും കയ്യില്‍ കരുതണമെന്ന് ഹായില്‍ കെഎംസിസി വെല്‍ഫയര്‍ വിഭാഗം നേതാവ് പി എ സിദ്ദീഖ് മട്ടന്നൂര്‍ പ്രവാസികളോടായി അഭ്യര്‍ത്ഥിച്ചു