കരിപ്പൂര്‍- ഏറെ പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്നുപോകുന്ന മുസ്ലിം സമുദായത്തിന് വേദസംഹിതകളില്‍ നിന്നുള്ള വെള്ളിവെളിച്ചത്തിലധിഷ്ഠിതമായ പുതിയൊരു ദിശാബോധത്തിന്റെ പന്ഥാവ് തുറന്നിട്ടു കൊണ്ട് നാലു ദിവസം നീണ്ടു നിന്ന മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തിന് കരിപ്പൂരിലെ വെളിച്ചം നഗറില്‍ സമാപനം കുറിച്ചു.
വൈകിട്ട് നാലിന് നടന്ന അവസാന സെഷനായ സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടന പ്രസംഗത്തില്‍ നവോത്ഥാന പ്രസ്ഥാനങ്ങള്‍ വെറും മതംസഘടനകളായി ഒതുങ്ങികൂടരുതെന്നും
അങ്ങനെയായാല്‍ അത് സമൂഹത്തില്‍
യാഥാസ്ഥികത വളരാന്‍ കാരണമാകുമെന്നും പിണറായി വിജയന്‍ പറഞ്ഞു.
നവോഥാന പ്രസ്ഥാനങ്ങള്‍ക്ക് ആര് നേതൃത്വം നല്‍കിയാലും അത് എല്ലാ വിഭാഗങ്ങളെയും സ്വാധീനിച്ചതായി കാണാനാകും. മുസ്ലിംങ്ങള്‍ക്കിടയില്‍ നവോഥാന ആശയം പ്രചരിപ്പിച്ചതില്‍ നദ്‌വത്തുല്‍ മുജാഹിദിന്റെ പ്രവര്‍ത്തനം വിസ്മരിക്കാനാവില്ല. മുസ്ലിം നവോഥാനത്തിന് നേതൃത്വം നല്‍കിയവരെ ഈ ഏറെ സ്മരിക്കേണ്ട സമയമാണിപ്പോള്‍.
വിദ്യാഭ്യാസം സാര്‍വത്രികമാക്കുന്നതിലും നവോഥാന പ്രസ്ഥാനങ്ങള്‍ വലിയ ഊന്നലാണ് നല്‍കിയതെന്നും അദേഹം പറഞ്ഞു. രാജ്യത്തിന്റെ ചരിത്രം മതനിരപേക്ഷമാണെന്നും എന്നാലതില്‍ വര്‍ഗീയത കലര്‍ത്തുവാനുള്ള ശ്രമത്തെ കരുതിയിരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ചരിത്രത്തെ വെട്ടിമാറ്റുകയും വികലമാക്കുകയും ചെയ്യുന്ന രീതിയാണ് കേന്ദ്രം ഭരിക്കുന്നവര്‍ സ്വീകരിക്കുന്നത്. മതനിരപേക്ഷമായ രാജ്യ ചരിത്രത്തില്‍ വര്‍ഗീയതക്കൊരു സ്ഥാനവുമില്ലെന്ന് നാം തിരിച്ചറിയണം. വെള്ളക്കാരെ മാത്രമല്ല അവരുടെ ഭാഷയെ പോലും അകറ്റിയവരാണ് പൂര്‍വികരായ മുസ്ലിംകള്‍.
രാജ്യത്തെ സാമ്രാജ്യത്തെ ശക്തികള്‍ക്കെതിരെ പോരാടിയ മുസ്ലിം പോരാളികളെയും നാം ഓര്‍ക്കേണ്ടതുണ്ട്. വാരിയംകുന്നത്ത് കുഞ്ഞഹമദ് ഹാജിയും ആലി മുസ്ലിയാരും ശക്തമായ ചെറുത്ത് നില്‍പ്പാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.
ഇതെല്ലാം ചരിത്രമാണ് എന്നാലതിനെയെല്ലാം മാറ്റി മറിക്കുവാനുള്ള ആസൂത്രിതശ്രമമാണ് നടക്കുന്നതെന്ന തിരിച്ചറിവ് നാം കൈവിടരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ. എന്‍. എം മര്‍ക്കസുദഅ്വ സെക്രട്ടറി ഡോ. ഇ. കെ അഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. പ്രതിപക്ഷ ഉപനേതാവ് പി. കെ കുഞ്ഞാലിക്കുട്ടി, ഡോ. ശശി തരൂര്‍ എം. പി, ഡോ. എം. പി അബ്ദുസമദ് സമദാനി എം. പി, ഫലസ്തീന്‍ എംബസി പൊളിറ്റിക്കല്‍ ആന്റ് മീഡിയ കോണ്‍സല്‍ ഡോ. അബ്ദുറാസിഖ് അബൂജസല്‍, അറബ് ലീഗ് അംബസിഡര്‍ ഡോ. മാസിന്‍ അല്‍ മസൂദി, മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം. പി അഹമ്മദ്, വി. പി മുഹമ്മദലി പ്രസംഗിച്ചു.
സെക്രട്ടറി എന്‍. എം അബ്ദുല്‍ ജലീല്‍ സ്വാഗതം പറഞ്ഞു. കെ. എന്‍. എം മര്‍ക്കസുദഅ്‌വ ജനറല്‍ സെക്രട്ടറി സി. പി ഉമ്മര്‍ സുല്ലമി മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ഭാവി പ്രവര്‍ത്തന നയരേഖ സെക്രട്ടറി പ്രൊഫ. കെ. പി സക്കരിയ അവതരിപ്പിച്ചു.
സെക്രട്ടറി അബ്ദുലത്തീഫ് കരുമ്പിലാക്കല്‍ നന്ദിയും പറഞ്ഞു.