Sorry, you need to enable JavaScript to visit this website.

കേരള എൻജിനീയേഴ്‌സ് ഫോറം സിൽവർ ജൂബിലി ശ്രദ്ധേയമായി, സദസിനെ കയ്യിലെടുത്ത് ശശി തരൂർ

ജിദ്ദ- രണ്ടര പതിറ്റാണ്ടോളം  ജിദ്ദയുടെ സാംസ്‌കാരിക മണ്ഡലത്തിൽ കേരളത്തിൽ നിന്നുള്ള എൻജിനീയർമാരുടെ കൂട്ടായ്മയായി പ്രവർത്തിച്ചു വരുന്ന കേരള എൻജിനീയേഴ്‌സ് ഫോറം സിൽവർ ജൂബിലി ആഘോഷിച്ചു. ഡോ. ശശി തരൂർ മുഖ്യാതിഥിയായി എത്തിയ പരിപാടിയിൽ ജിദ്ദ ഇന്ത്യൻ കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം വിശിഷ്ടാതിഥി ആയിരുന്നു. ജിദ്ദ  ക്രൗൺ പ്ലാസ ഹോട്ടലിലെ കൺവെൻഷൻ ഹാളിൽ വെള്ളിയാഴ്ചയാണ് പരിപാടി സംഘടിപ്പിച്ചത്. 
 
കെ ഇ എഫ് പ്രസിഡന്റ്  സാബിർ മുഹമ്മദിന്റെ അദ്ധ്യക്ഷതയിൽ ആരംഭിച്ച പരിപാടിയിൽ ശശി തരൂർ മുഖ്യപ്രഭാഷണം നടത്തി. നൂതന  സാങ്കേതിക വിഷയങ്ങളിലേക്ക്   എൻജിനീയർമാരുടെ ശ്രദ്ധതിരിച്ച പ്രഭാഷണത്തിൽ നിലവിലെ വിദ്യാഭ്യാസ രീതികളിലെ ന്യൂനതകളും പഠനത്തോടൊപ്പം തികഞ്ഞ ഒരു പ്രൊഫഷണൽ ആവാൻ വേണ്ടി ആർജ്ജിക്കേണ്ടുന്ന സോഫ്റ്റ്‌സ്‌കിൽസിനെ കുറിച്ചും തികഞ്ഞ  വിദ്യാഭ്യാസ വിചക്ഷണന്റെ ചാരുതയോടെ  അദ്ദേഹം സംസാരിച്ചു. കൂടാതെ പ്രവാസികൾ  വിശിഷ്യാ പ്രൊഫഷണലുകൾ   സാമ്പത്തിക അടിത്തറയോടൊപ്പം തന്നെ വികസിത രാജ്യങ്ങളിൽ നിന്നു അവർ ആർജ്ജിച്ച സാങ്കേതിക പരിജ്ഞാനങ്ങൾ കൂടി പകർന്നു നൽകി നമ്മുടെ സാമൂഹത്തിൽ ചലനങ്ങൾ സൃഷ്ടിക്കാൻ ശ്രമിക്കണമെന്ന് അദ്ദേഹം സദസ്സിനെ ഉത്‌ബോധപ്പെടുത്തി. സദസ്സിന്റെ ചോദ്യങ്ങൾക്കു അദ്ദേഹം  മറുപടി നൽകി. ആയിഷ നാസിയ മുഖാമുഖ സെഷൻ  നിയന്ത്രിച്ചു. 

ശശി തരൂരിനെ വേദിയിൽ ഹാരം അണിയിച്ചു സ്വീകരിച്ചത് ഒരു റോബോട്ട് മനുഷ്യൻ ആയതു കാണികളിൽ കൗതുകം ഉണർത്തി.  കോൺസൽ ജനറൽ മുഹമ്മദ് ഷാഹിദ് ആലം ആശംസ അറിയിച്ചു. ശശി തരൂരിന്റെ വാക്കുകൾക്കു പിന്തുണ നൽകിയ അദ്ദേഹം ജിദ്ദയിൽ കെ ഇ എഫ് പോലെയുള്ള പ്രൊഫഷണൽ സംഘടനകളുടെ പ്രവർത്തനത്തിൽ അഭിമാനവും രേഖപ്പെടുത്തി.

രണ്ടു വർഷമായി നടന്നു വരുന്ന എൻജിനീയേഴ്‌സ് സൂപ്പർ ലീഗ് ചാമ്പ്യൻഷിപ്പിന്റെ അവസാന റൗണ്ട് മത്സരങ്ങൾ കെ.ബി.സി മാതൃകയിൽ  കെ.ഇ.എഫ്  സ്ഥാപകരിൽ  ഒരാളായ ഇക്ബാൽ പൊക്കുന്നു ഹോസ്റ്റ് സീറ്റിലും നാല് ടീമുകളുടെ പ്രതിനിധികൾ  ഹോട്ട് സീറ്റിലും നിലയുറപ്പിച്ച  ശക്തമായ പോരാട്ടത്തിന് പരിപാടി സാക്ഷ്യം വഹിച്ചു.  ജേതാക്കൾ ആയ റോഷൻ മുസ്തഫ നയിച്ച റെഡ് ടീമിന്  ശശി തരൂർ ചാമ്പ്യൻഷിപ് ട്രോഫി കൈമാറി. റിഷാദ് അലവി നയിച്ച യെല്ലോ ടീം റണ്ണർ അപ്പ് ആയി. റോഷൻ മുസ്തഫ, ഇപ്‌സിത സാബിർ, സാഹിൽ സാജിദ്  എന്നിവരെ  വിവിധ വിഭാഗങ്ങിലെ മികച്ച കളിക്കാരായി തിരഞ്ഞെടുത്തു   
സുവനീർ  ചടങ്ങിൽ  ശശി തരൂർ  മുഹമ്മദ് ഷാഹിദ് ആലത്തിനു നൽകി പ്രകാശനം നിർവഹിച്ചു.  സെഫുവാൻ നിയന്ത്രിച്ച സെക്ഷനിൽ ആദിൽ, റഫീഖ് എന്നിവർ എഡിറ്റോറിയൽ ബോർഡിനെ പ്രതിനിധീകരിച്ചു സംസാരിച്ചു.

വിവിധ മേഖലകളിൽ പ്രാഗത്ഭ്യം തെളിയിച്ച  കെ ഇ എഫ് അംഗങ്ങൾക്കുള്ള എക്‌സലൻസ് അവാർഡുകൾ വിതരണം ചെയ്തു. എൻജിനിയറിംഗ് സാങ്കേതിക രംഗത്തെ അവാർഡ് ഡോ. ഷാഹിറ ഹുസ്‌നുവിനും   ലൈഫ് ടൈം അച്ചീവ്മന്റ് അവാർഡ് ഡോ. ശ്രീരാമകുമാറിനും കമ്മ്യൂണിറ്റി  ഇമ്പാക്ട്   അവാർഡ് ഷിംന ഷാക്കിറിനും വ്യവസായസംരംഭത്തെ മികവിനുള്ള അവാർഡ് ഷാഹിദ് മലയലിനും വിദ്യാഭ്യാസ രംഗത്തെ മികവിനുള്ള അവാർഡ് അസീം അൻസാറും കരസ്ഥമാക്കി. സഫുവാൻ പെരിഞ്ചീരിമാട്ടിൽ  പ്രസിഡന്റായും  ആദിൽ  പി കെ സെക്രട്ടറിയായും  അബ്ദുൽ മജീദ് ട്രഷററായും പതിനഞ്ചാംഗ ഭരണസമിതി നിലവിൽ വന്നു. ഗ്രൂവ് ടൗൺ ഓർക്കസ്ട്രയുടെ സംഗീത നിശയും ഒരുക്കിയിരുന്നു. പ്രോഗ്രാം കൺവീനർ റോഷൻ മുസ്തഫ പരിപാടികൾ കോർത്തിണക്കി. ജുനൈദ, ഹാരിസ്, അജ്മൽ, ഫാത്തിമ, ജബ്‌ന എന്നിവർ ആയിരുന്നു അവതാരകർ. ചടങ്ങിനൊടുവിൽ ശശി തരൂരിനെ പരമ്പരാഗത അറബി വസ്ത്രം അണിയിച്ചു ആദരിച്ചു. ശശി തരൂരിനും  മുഹമ്മദ് ഷാഹിദ് ആലത്തിനുമുള്ള മൊമെന്റോകൾ  കൈമാറി. കെ ഇ എഫ് ജനറൽ സെക്രട്ടറി  സിയാദ് കൊറ്റായിനന്ദി പ്രകാശനം ചെയ്തു.
 

Latest News