ദുബായ്- ദുബായില്‍ ഗോള്‍ഡന്‍ വിസ നേടാന്‍ യൂറോപ്യന്‍മാര്‍ക്ക് വമ്പിച്ച താല്‍പര്യം. 10 വര്‍ഷത്തെ റെസിഡന്‍സി ലഭിക്കുന്നതിന് വേണ്ടി മാത്രമാണ് ചിലര്‍ ദുബായില്‍ വസ്തു വാങ്ങുന്നതെന്ന് റിയല്‍ എസ്റ്റേറ്റ് വ്യവസായികള്‍ പറയുന്നു.
സ്വിറ്റ്സര്‍ലന്‍ഡ്, ജര്‍മ്മനി, ഫ്രാന്‍സ്, യു.കെ, മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍നിന്നുള്ള നിക്ഷേപകര്‍ യു.എ.ഇ വാഗ്ദാനം ചെയ്യുന്ന നികുതി രഹിത വരുമാനം, സുരക്ഷ എന്നിവയില്‍ ആകൃഷ്ടരായി വലിയ നിക്ഷേപമാണ് ഇവിടെ നടത്തുന്നത്. സമാധാനപൂര്‍വമായ അന്തരീക്ഷത്തില്‍ സ്വസ്ഥതയുള്ള ആധുനിക ജീവിതം കെട്ടിപ്പടുക്കാമെന്നതും അവരെ ആകര്‍ഷിക്കുന്നു.
പ്രോപ്പര്‍ട്ടി മാര്‍ക്കറ്റുകളിലെ നിക്ഷേപത്തില്‍ നിന്നുള്ള ഉയര്‍ന്ന വരുമാനത്തില്‍ നിന്നു കൂടുതല്‍ നേട്ടമുണ്ടാക്കാന്‍ അവര്‍ക്ക് താല്‍പര്യമുണ്ടെന്നും വ്യവസായികള്‍ പറഞ്ഞു.
തൊഴില്‍ വിസ ആവശ്യമില്ലാതെ തന്നെ കുടുംബാംഗങ്ങളെയും വീട്ടുജോലിക്കാരെയും സ്‌പോണ്‍സര്‍ ചെയ്യാന്‍ കഴിയുമെന്നതിനാല്‍ ഗോള്‍ഡന്‍ വിസക്ക് യൂറോപ്യന്‍ പൗരന്മാര്‍ വലിയ താല്‍പര്യം കാണിക്കുന്നു. ടൂറിസ്റ്റ് വിസയിലേതിനേക്കാള്‍ കൂടുതല്‍ സമയം അവര്‍ക്ക് യു.എ.ഇയില്‍ ചെലവഴിക്കാനാകും. ഗോള്‍ഡന്‍ വിസ ഉടമകള്‍ എന്ന നിലയില്‍, അവര്‍ക്ക് ബാങ്ക് അക്കൗണ്ടുകള്‍ തുറക്കാനും ഇവിടെ താമസക്കാരായി പ്രവര്‍ത്തിക്കാനും കഴിയും- റിയല്‍ എസ്റ്റേറ്റ് വൃത്തങ്ങള്‍ പറഞ്ഞു.