റിയാദ്- അധിനവേശ ഇസ്രായിൽ സൈന്യം ഫലസ്തീൻ പ്രദേശങ്ങളിൽ തുല്ല്യതയില്ലാത്ത ആക്രമണങ്ങളും ക്രൂരമായ മനുഷ്യക്കുരുതിയും നടത്തി മുന്നോട്ടു പോകുമ്പോഴും സൗദി അറേബ്യ ഇസ്രായിലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കുമോയെന്ന ചർച്ചയിലാണ് പലപ്പോഴും മാധ്യമ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടുന്നതെന്നും ഇതിനു പിന്നിൽ ഗൂഢലക്ഷ്യമുണ്ടെന്നും സൗദി ശൂറാ കൗൺസിൽ അംഗം ഡോ. ഇബ്‌റാഹീം അൽ നഹാസ് പറഞ്ഞു. പാശ്ചാത്യ രാജ്യങ്ങളുടെ അകമഴിഞ്ഞ പിന്തുണയോടെ ഇസ്രായിൽ നടത്തുന്ന കൂട്ടക്കുരുതിയിൽനിന്നു ലോക ശ്രദ്ധ തിരിക്കുന്നതിനും മറച്ചു പിടിക്കുന്നതിനുമാണ് സൗദി-ഇസ്രായിൽ നയന്ത്രബന്ധത്തെ കുറിച്ച് ചർച്ച നടക്കുന്നത്.
പലരുടെയും ചർച്ചകൾ കേട്ടാൽ ഫലസ്തീൻ പ്രശ്‌നത്തിനു പിന്നിൽ സൗദിയാണെന്നാണ് തോന്നിപ്പോകുക. ഇസ്രായിലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിട്ടില്ലാത്ത രാജ്യമാണ് സൗദി. ഫലസ്തീൻ പ്രശ്‌നം പരിഹരിച്ച ശേഷമേ ഇസ്രായിലുമായി നയതന്ത്ര ബന്ധം സ്ഥാപിക്കാൻ സൗദി മുന്നോട്ടു വരികയുള്ളൂവെന്ന് വിദേശകാര്യമന്ത്രാലയം അർത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കിയതാണ്. എന്നിട്ടും സൗദിയാണ് പ്രശ്‌നത്തിനു കാരണമെന്ന ചർച്ചകൾ വിശ്വസിക്കുന്നവർ പോലും അറബ് ലോകത്തുണ്ട്. സമാധാനശ്രമങ്ങൾക്കായുള്ള യുഎൻ പ്രമേയങ്ങൾ നടപ്പിലാക്കുകയും ഫലസ്തീൻ രാഷ്ട്രം അംഗീകരിക്കുകയും ചെയ്യുന്ന ഇസ്രായിൽ നിലനിൽക്കുന്നതിനു തങ്ങൾ എതിരല്ലെന്നും ഡോ. ഇബ്‌റാഹീം അൽ നഹാസ് പറഞ്ഞു.