കരിപ്പൂര്‍- മുജാഹിദ് പത്താം സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുക്കുവാനായി എത്തിയ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ സംഗമം നവ്യാനുഭൂതിയായി.
അസം, ബീഹാര്‍, പശ്ചിമ ബംഗാള്‍, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ്, ആന്ധ്രപ്രദേശ്, തെലുങ്കാന, തമിഴ്‌നാട് തുടങ്ങിയ കേരളത്തിന് പുറത്തെ സംസ്ഥാനത്തുള്ളവരാണ് സമ്മേളനത്തോടനുബന്ധിച്ച് കേരള ഹജ് ഹൗസില്‍ ഒത്തുചേര്‍ന്നത്.
കേരളത്തിലെ വിവിധ ജില്ലകളില്‍ ജോലി ചെയ്യുന്ന പള്ളി, മദ്രസാ ജീവനക്കാര്‍, കല്‍പണിക്കാര്‍, ചുമട്ട് തൊഴിലാളികള്‍, മേസ്തിരിമാര്‍, ആശാരിമാര്‍, ഹോട്ടല്‍ തൊഴിലാളികള്‍ തുടങ്ങിയ നൂറിലധികംപേരാണ് സംഗമത്തില്‍ പങ്കെടുത്തത്. തങ്ങളുടെ പ്രദേശത്തെ ഇസ്ലാഹി പ്രബോധന പ്രവര്‍ത്തനത്തിന് പുത്തന്‍ രൂപവും ഭാവവും നല്‍കുന്നതിനുള്ള പുതുവഴികളെക്കുറിച്ച് സംഗമം സമഗ്രമായി ചര്‍ച്ച ചെയ്തു.
പുതിയ കാലഘട്ടത്തില്‍ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം മനസിലാക്കി പ്രദേശത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സ്ഥാപിക്കാനും കുട്ടികളെ സ്‌ക്കൂളിലേക്കയച്ച് വിദ്യാഭ്യാസം നേടാനും അതിലൂടെ മുന്നേറ്റമുണ്ടാക്കാനും സംഗമം ആഹ്വാനം ചെയ്തു.
പശ്ചിമ ബംഗാളിലെ മാല്‍ഡ ഗവ. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. നസിബര്‍ റഹ്മാന്‍ സംഗമം ഉദ്ഘാടനം ചെയ്തു. സി എച്ച് ഖാലിദ് അദ്ധ്യക്ഷത വഹിച്ചു. പശ്ചിമ ബംഗാള്‍ കേംബ്രിഡ്ജ് ഇന്റര്‍നാഷണല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഹാജി മുഹമ്മദ് അസീസു റഹ്മാന്‍ മുഖ്യാതിഥിയായിരുന്നു.
മൗലാനാ മന്‍സൂര്‍ സാഖിബ് തൈമി ബീഹാര്‍ (ഖുര്‍ആനിന്റെ മാനവിക ദര്‍ശനം), മൗലാനാ തജമ്മുല്‍ ഹഖ് സലഫി ബംഗാള്‍ (മുസ്ലിം ഉമ്മത്ത്: വെല്ലുവിളികളും പരിഹാരവും), മൗലാനാ ഹുസൈന്‍ മന്‍ബഇ തമിഴ്‌നാട് (മുഹമ്മദ് നബി (സ) അതുല്യ മാതൃക), ഡോ. അമീനുള്ള മദീനി അറാറിയ (വിശുദ്ധ ഖുര്‍ആന്‍ ജീവിത വെളിച്ചം), ഡോ. അന്‍വര്‍ സാദത്ത് (കേരള നവോത്ഥാന മാതൃക ഇതര സംസ്ഥാനങ്ങളിലേക്ക്) എന്നിവര്‍ വിവിധ വിഷയങ്ങളവതരിപ്പിച്ച് സംസാരിച്ചു.
ഐ യു എം എല്‍ ദേശീയ സെക്രട്ടറി സി കെ സുബൈര്‍ അതിഥികളെ സമ്മേളന ഉപഹാരം നല്‍കി ആദരിച്ചു. സയ്യിദ് അക്രം ഖിറാഅത്ത് നടത്തി. സിഫോക്കസ് ഇന്ത്യ ചെയര്‍മാന്‍ ഡോ. യഹ്യാഖാന്‍, അബ്ദുല്‍ റഷീദ് കെ പി, അബ്ദുറഹ്മാന്‍ സലഫി, മുഹമ്മദ് ഹലീം, മുഹമ്മദ് അന്‍സാരി വെട്ടിച്ചിറ, അബ്ദുല്‍ മജീദ് പുളിക്കല്‍ എന്നിവര്‍ പ്രസംഗിച്ചു.