രാജ്‌കോട് - രണ്ടാം ഇന്നിംഗ്‌സില്‍ ഇംഗ്ലണ്ടിനെ 40 ഓവറിന് മുമ്പെ 122 റണ്‍സിന് എറിഞ്ഞിട്ട് അഞ്ചു മത്സര പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി. പത്താമന്‍ മാര്‍ക്ക് വുഡ് 15 പന്തില്‍ 33 റണ്‍സടിച്ചതിനാല്‍ മാത്രമാണ് സ്‌കോര്‍ 100 കടന്നത്. 431 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ന്യൂസിലാന്റിനെ 372 റണ്‍സിന് തോല്‍പിച്ചതാണ് ഇതുവരെ റെക്കോര്‍ഡ്. ആദ്യ രണ്ടു ദിവസം ഇംഗ്ലണ്ടിന്റെ ബസ്‌ബോള്‍ മാഹാത്മ്യം കേട്ട ടെസ്റ്റില്‍ ഒടുവിലാവുമ്പോഴേക്കും അവര്‍ ദയനീയമായി കീഴടങ്ങി.
ആദ്യ ഇന്നിംഗ്‌സിലെ ബാറ്റിംഗ് ഹീറോ ബെന്‍ ഡക്കറ്റ് (4) ഏഴാം ഓവറില്‍ റണ്ണൗട്ടായതോടെ ഇംഗ്ലണ്ടിന്റെ മറുപടി താളം തെറ്റി. സഹ ഓപണര്‍ സാക് ക്രോളിയെ (11) ജോ റൂട്ടിനെയും (7) ജോണി ബെയര്‍സ്‌റ്റോയെയും (4) രവീന്ദ്ര ജദേജ പുറത്താക്കിയതോടെ മുന്‍നിര മൂക്കുകുത്തി. സ്‌കോര്‍ ബോര്‍ഡില്‍ 40 എത്തും മുമ്പെ നാല് വിക്കറ്റ് നിലംപൊത്തി.
ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സും (15) വിക്കറ്റ്കീപ്പര്‍ ബെന്‍ ഫോക്‌സും (16) അല്‍പനേരം ചെറുത്തുനിന്നു. സ്റ്റോക്‌സിനെയും റിഹാന്‍ അഹമ്മദിനെയും (0) തുടര്‍ച്ചയായി കുല്‍ദീപ് യാദവ് പുറത്താക്കിയതോടെ വാലറ്റം എത്തി. ടോം ഹാര്‍ട്‌ലിയും (16) വുഡിനെ കൂടാതെ പരാജയം അല്‍പസമയം വൈകിച്ചു.
ജദേജക്ക് അഞ്ചു വിക്കറ്റ് കിട്ടി (12.4-4-41-5). കുല്‍ദീപ് യാദവിന് രണ്ടും (8-2-19-2) അസുഖബാധിതയായ അമ്മയെ കാണാന്‍ പോയി മടങ്ങിയ ആര്‍. അശ്വിന് ഒന്നും (6-3-19-1) വിക്കറ്റ് ലഭിച്ചു.
ജോ റൂട്ടിന്റെ തുടര്‍ച്ചയായ പന്തുകള്‍ യശസ്വി ജയ്‌സ്വാളും (236 പന്തില്‍ 214 നോട്ടൗട്ട്)) റിഹാന്‍ അഹമ്മദിനെ തുടര്‍ച്ചയായി സിക്‌സറിനും ബൗണ്ടറിക്കും സിക്‌സറിനും പായിച്ച് സര്‍ഫറാസ് ഖാനും (72 പന്തില്‍ 68 നോട്ടൗട്ട്) ഇംഗ്ലണ്ട് ബൗളിംഗിനെ പിച്ചിച്ചീന്തിയതോടെ നാലിന് 430 ല്‍ ഇന്ത്യ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ഇംഗ്ലണ്ടിന് മുന്നില്‍ 556 റണ്‍സിന്റെ അസാധ്യ വിജയലക്ഷ്യം. ഒ്ന്നര ദിവസം അതിജീവിക്കുകയാണ് ഫലത്തില്‍ അവര്‍ക്കു മുന്നിലുള്ള വെല്ലുവിളി. ആര്‍. അശ്വിന്‍ ടീമിനൊപ്പം ചേര്‍ന്നതോടെ ഇന്ത്യന്‍ ബൗളിംഗ് പൂര്‍ണ കരുത്തിലാണ്.
ടെസ്റ്റ് ഇന്നിംഗ്‌സില്‍ ഏറ്റവുമധികം സിക്‌സറടിച്ച വസീം അക്രമിന്റെ റെക്കോര്‍ഡിനൊപ്പം ഇന്ത്യന്‍ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍. രാജ്‌കോട് ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്‌സില്‍ 12 സിക്‌സറാണ് യശസ്വി പറത്തിയത്. 14 ബൗണ്ടറിയുമുണ്ട് യശസ്വിയുടെ 213 നോട്ടൗട്ടില്‍. ഏഴ് ടെസ്റ്റിനിടെ രണ്ടാമത്തെ ഇരട്ട ശതകമാണ് നേടിയത്. സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും അര്‍ധ ശതകം പൂര്‍ത്തിയാക്കി. ഇരട്ട സെഞ്ചുറി ഇരട്ട സിക്‌സറോടെ ജയ്‌സ്വാള്‍ ആഘോഷിച്ചതോടെ രാജ്‌കോട് ടെസ്റ്റില്‍ ഇന്ത്യ നാലിന് 400 പിന്നിട്ടു. ലീഡ് 530 പിന്നിട്ടു.
കൈയിലെത്തിയ അര്‍ഹിച്ച സെഞ്ചുറി ശുഭ്മന്‍ ഗില്‍ കളഞ്ഞുകുളിച്ചെങ്കിലും ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക് ഒരു ചുവട് കൂടി മുന്നോട്ടു വെച്ചു. നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആതിഥേയര്‍ നാലിന് 314 ലെത്തിയിരുന്നു.
മൂന്നാം ദിനം 104 ല്‍ നില്‍ക്കെ പുറംവേദന കാരണം വിരമിച്ച യശസ്വി ജയ്‌സ്വാള്‍ തിരികെയെത്തുകയും നിര്‍ത്തിയേടത്തു നിന്ന് തുടങ്ങുകയും ചെയ്തു. റിഹാന്‍ അഹമ്മദിനെയും ജോ റൂട്ടിനെയും ജയ്‌സ്വാള്‍ സിക്‌സറിനുയര്‍ത്തി. ഏഴ് ടെസ്റ്റില്‍ 20 സിക്‌സറാണ് ജയ്‌സ്വാള്‍ അടിച്ചുകൂട്ടിയത്. 149 ലാണ് ലഞ്ചിന് പോയത്.
ടെസ്റ്റ് കരിയറിലെ ആദ്യ സിക്‌സറടിച്ച നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവാണ് (27) പുറത്തായ രണ്ടാമത്തെ ബാറ്റര്‍. കുല്‍ദീപ് സിംഗിളോടാന്‍ വിസമ്മതിച്ചതാണ് ഗില്‍ റണ്ണൗട്ടാവാന്‍ കാരണം. ടെസ്റ്റിലെ ആദ്യ സെഞ്ചുറിക്കായി ഗില്‍ കാത്തിരിപ്പ് തുടരുകയാണ്.