Sorry, you need to enable JavaScript to visit this website.

ദുരൂഹതയുടെ ചുരുളഴിയുന്നില്ല; കാലിഫോര്‍ണിയയിലെ കൂട്ടമരണത്തിന് പിന്നിലെന്ത്?

കൊല്ലം - കാലിഫോര്‍ണിയയില്‍ മലയാളി കുടുംബം മരണപ്പെട്ടതില്‍ ദുരൂഹത ഒഴിയുന്നില്ല. ഇക്കഴിഞ്ഞ 12നാണ് കാലിഫോര്‍ണിയ സാന്‍ മാറ്റിയോയില്‍ കൊല്ലം പട്ടത്താനം ആനന്ദ് സുജിത്ത് ഹെന്റി (42), ഭാര്യ ആലിസ് പ്രിയങ്ക (40), ഇരട്ട കുട്ടികളായ നോവ, നെയ്തന്‍ (4), എന്നിവരെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വിഷവാതകം ശ്വസിച്ചതാണ് ഇവരുടെ മരണകാരണമെന്നാണ് ആദ്യം പുറത്ത് വന്ന വാര്‍ത്ത. എന്നാല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് തീര്‍ത്തും വിപരീതമായ വസ്തുതകളാണ്.
ഒമ്പത് വര്‍ഷം മുമ്പാണ് ആനന്ദും ആലിസും കേരളത്തില്‍നിന്ന് യു.എസിലേക്ക് പോയത്. ഗൂഗിള്‍, മെറ്റ എന്നിവിടങ്ങളില്‍ സോഫ്റ്റവെയര്‍ എന്‍ജിനിയറായി ജോലി ചെയ്തിരുന്ന വ്യക്തിയാണ് ആനന്ദ്. ഭാര്യയും ടെക്കി തന്നെയാണ്. കുറച്ച് നാള്‍ മുമ്പാണ് ആനന്ദ് ജോലി രാജിവച്ച് സ്വന്തമായി ലോജ്ടിസ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. ഭാര്യ ആലിസ് സില്ലോയെന്ന കമ്പനിയില്‍ ഡേറ്റ സയന്‍സ് മാനേജറായി ജോലി ചെയ്യുകയായിരുന്നു. 2016 ല്‍ ഹെന്റി വിവാഹ മോചനത്തിനായി കേസ് നല്‍കിയെങ്കിലും പിന്നീട് അതുമായി മുന്നോട്ട് പോയിരുന്നില്ല.
ചൊവ്വാഴ്ച രാവിലെ 9.15നാണ് പോലീസുകാര്‍ മരണം നടന്ന വീട്ടിലെത്തുന്നത്. പലതവണ കതകില്‍ മുട്ടിയെങ്കിലും ആരും തുറന്നില്ല. പരിസരം വീക്ഷിച്ച പോലീസ് തുറന്ന് കിടന്ന ജനല്‍ വഴിയാണ് വീടിനകത്ത് പ്രവേശിച്ചത്. ആനന്ദിനേയും ആലിസിനേയും കുളിമുറിയിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇവരുടെ ദേഹത്ത് വെടിയേറ്റുണ്ടായ മുറിവുകളുണ്ടായിരുന്നു. കുട്ടികള്‍ രണ്ട് പേരുടേയും മൃതദേഹം കിടപ്പ് മുറിയിലായിരുന്നു. നാല് പേരുടേയും മരണകാരണം വ്യക്തമല്ല. കുളിമുറിയില്‍നിന്ന് പിസ്റ്റള്‍ കണ്ടെത്തിയിട്ടുണ്ട്. പുറത്തുനിന്ന് വീട്ടില്‍ അജ്ഞാതര്‍ അതിക്രമിച്ചെത്തിയതിന്റെ അടയാളങ്ങളോ, സംഘര്‍ഷം നടന്നതിന് തെളിവുകളോ ഇല്ല. കുട്ടികളെ ശ്വാസം മുട്ടിച്ചോ മരുന്ന് നല്‍കിയോ ആകാം കൊലപ്പെടുത്തിയിരിക്കുകയെന്നാണ് പ്രാഥമിക നിഗമനം. ഇവര്‍ സാന്‍ മാറ്റിയോയിലെ വിവിധ വീടുകളിലായി വാടകയ്ക്ക് താമസിച്ചിട്ടുണ്ട്. അവിടെ നിന്നെല്ലാം പോലീസിന് പലപ്പോഴായി സഹായം അഭ്യര്‍ത്ഥിച്ചുകൊണ്ടുള്ള ഫോണ്‍കോളുകള്‍ ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇവരെ മരണത്തിലേക്ക് നയിച്ചതെന്തെന്നുള്ള കാരണം ഇപ്പോഴും അവ്യക്തമാണ്.

 

Latest News