Sorry, you need to enable JavaScript to visit this website.

ഇ-മെയിൽ ഭരണത്തെ ചോദ്യം ചെയ്ത് ബി.ജെ.പി; വിശ്വസിക്കാവുന്ന ആരും സി.പി.എമ്മിൽ ഇല്ലേ?

കോഴിക്കോട്- മുഖ്യമന്ത്രി പിണറായി വിജയൻ അമേരിക്കയിൽ ചികിത്സക്ക് പോയ സാഹചര്യത്തിൽ ചുമതല മറ്റാരെയും ഏൽപിക്കാത്തത് ഗുരുതരമായ ഭരണഘടനാ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ അഡ്വ. പി.എസ്.ശ്രീധരൻപിള്ള പറഞ്ഞു.
പ്രളയക്കെടുതിയിലകപ്പെട്ട കേരളം നിലവിൽ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. മുഖ്യമന്ത്രി എന്ന നിലയിൽ വിവേചനാധികാരം ഉപയോഗിച്ച് തീരുമാനമെടുക്കേണ്ട നിരവധി സാഹചര്യമുണ്ടാകും. ഈ സമയത്ത് ഇ-മെയിൽ ഭരണത്തിന് ഭരണഘടനയിൽ വകുപ്പില്ലെന്നും ശ്രീധരൻപിള്ള കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
കാബിനറ്റ് വിളിക്കാതെ അടിയന്തര ഘട്ടങ്ങളിൽ മുഖ്യമന്ത്രി എന്ന നിലയിൽ തീരുമാനമെടുക്കേണ്ടി വരും. കേന്ദ്ര സർക്കാരിന് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യേണ്ട കാര്യങ്ങളിൽ ആരെ ബന്ധപ്പെടണമെന്നും വ്യക്തമല്ല. സഹപ്രവർത്തകരിൽ ഒരാളെയെങ്കിലും ചുമതല ഏൽപ്പിക്കുന്നതിനുള്ള തടസ്സമെന്താണെന്നും നൂറു ശതമാനം വിശ്വസിക്കാവുന്ന ഒരാളും മന്ത്രിസഭയിൽ ഇല്ലാത്ത വിധം സിപിഎമ്മും ഇടതുപക്ഷവും കടുത്ത ആന്തരിക പ്രശ്‌നത്തിലാണോയെന്നും അദ്ദേഹം ചോദ്യമുന്നയിച്ചു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിന്റെ വിനിയോഗം സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാക്കണം. സർവകക്ഷി സംഘടനകളുടെയോ ജുഡീഷ്യൽ സമിതിയുടെയോ മേൽനോട്ടത്തിലായിരിക്കണം ധന വിനിയോഗം. 
ദുരിതാശ്വാസ തുക പ്രത്യേക ഫണ്ടായി മാറ്റിവെക്കണം. എന്നാൽ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ കക്ഷി രാഷ്ട്രീയം കലർത്തുവാൻ ശ്രമിക്കുകയാണ് സി.പി.എം. ഇക്കാര്യത്തിൽ സ്റ്റാലിനിസ്റ്റ് സമീപനമാണ് പാർട്ടി സ്വീകരിക്കുന്നത്. സുനാമി, ഓഖി ഫണ്ടുകൾ വകമാറി ചെലവഴിച്ച അനുഭവമാണ് കേരളത്തിനുള്ളത്. യു.ഡി.എഫും എൽ.ഡി.എഫും ഇക്കാര്യത്തിൽ പ്രതിക്കൂട്ടിലാണ്. ദുരിതാശ്വാസ ഫണ്ട് സമാഹരണത്തിലും ചെലവഴിക്കുന്നതിലും ഗുരുതരമായ വീഴ്ചയാണുണ്ടായത്. 
എത്ര തമസ്‌കരിക്കാൻ ശ്രമിച്ചാലും സേവാ ഭാരതിയുടെ പ്രവർത്തനം ജനമനസ്സിലുണ്ടാകും. കുറ്റകരമായ മൗനം പാലിച്ചവർ സേവന പ്രവർത്തനത്തിന് ഇറങ്ങിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഉമ്മൻചാണ്ടി ആദ്യമായാണ് കുട്ടനാട്ടിൽ എത്തുന്നത്. എ.ഐ.സി.സിയുടെ മലയാളിയല്ലാത്ത ഒരു നേതാവും രണ്ടാഴ്ച തിരിഞ്ഞു നോക്കിയില്ല. രണ്ടാഴ്ച കഴിഞ്ഞതിനു ശേഷമാണ് അഖിലേന്ത്യാ അധ്യക്ഷൻ എത്തിയത്. പ്രതിപക്ഷ നേതാവ് പത്രസമ്മേളനം നടത്തുന്നതിനപ്പുറം എന്തു ചെയ്തു എന്ന് വ്യക്തമാക്കണം. പ്രളയത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വിളിച്ചുകൂട്ടിയ പ്രത്യേക നിയസഭാ സമ്മേളനം പോലും പൂർണ പരാജയമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കുട്ടനാടിനെ കരകയറ്റാൻ ദുരിതാശ്വാസ പ്രവർത്തനം സംസ്ഥാന സർക്കാർ ദുരഭിമാനം വെടിഞ്ഞ് പട്ടാളത്തെ ഏൽപിക്കണം. ഇപ്പോൾ ചെയ്യുന്നതുപോലെ വെള്ളം പമ്പ് ചെയ്താൽ രണ്ടര മാസമെടുക്കും വീടുകളിൽനിന്ന് വെള്ളം ഇറങ്ങുവാൻ. പട്ടാളത്തെ ഏൽച്ചാൽ മൂന്നു നാല് ദിവസംകൊണ്ട് അവർ വെള്ളം പമ്പുചെയ്ത് ഒഴിവാക്കിത്തരും. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാർ ശ്രമങ്ങൾ നടത്തുകയാണെങ്കിൽ ബി.ജെ.പി സംസ്ഥാന ഘടകവും വേണ്ട രീതിയിൽ സമ്മർദം ചെലുത്തും. 
സർക്കാരിന്റെ ഗുരുതരമായ വീഴ്ചകൾക്കെതിരെ ബി.ജെ.പി പ്രക്ഷോഭം നടത്തും. ആറിന് നടക്കുന്ന കോർ കമ്മറ്റി യോഗം വിശദാംശങ്ങൾ തീരുമാനിക്കും. വാർത്താ സമ്മേളനത്തിൽ ടി.പി.ജയചന്ദ്രൻ, പി. ജിജേന്ദ്രൻ, പി.ഹരിദാസൻ, സി.അമർനാഥ് എന്നിവർ പങ്കെടുത്തു.
 

Latest News