തിരുവനന്തപുരം- സെക്രട്ടേറിയറ്റിലെ മൂപ്പുകുറഞ്ഞ സെക്രട്ടറിമാരുടെ കാറിൽ നിന്ന് ബോർഡ് അഴിപ്പിക്കാൻ സർക്കാർ. ഐ.എ.എസുകാരല്ലാത്തവർ സർക്കാർ ബോർഡ് വെച്ച് വിലസേണ്ടതില്ലെന്നാണ് മുതിർന്ന ഐസഎ.എസുകാരുടെയും അഭിപ്രായം. സിവിൽ സർവീസുകാർ മാത്രം അങ്ങനെ പോയാൽ മതിയെന്ന നിലപാടാണ് ഇതിന് കാരണം.
ഡപ്യൂട്ടി സെക്രട്ടറി മുതൽ മുകളിലേക്കുള്ള ഉദ്യോഗസ്ഥർ സ്വകാര്യ വാഹനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നത് ഒഴിവാക്കാനാണ് തീരുമാനം. ഡപ്യൂട്ടി സെക്രട്ടറി മുതൽ സ്‌പെഷൽ സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥർക്ക് സ്വന്തം കാറുകളിൽ ഔദ്യോഗിക പദവി വ്യക്തമാക്കുന്ന ബോർഡുകൾ നിലവിൽവെക്കാം. ഇതാണ് ഇനി വേണ്ടെന്ന് വെക്കുന്നത്. കേരള മോട്ടർ വെഹിക്കിൾ റൂൾസ് 92 (എ) ഭേദഗതി ചെയ്ത് തീരുമാനം നടപ്പാക്കും. സർക്കാർ വാഹനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിനു രീതികളും പരിഷ്‌കരിക്കും.
ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന്റെ തീരുമാനം അനുസരിച്ച് ഇതു സംബന്ധിച്ച് വിജ്ഞാപനം വൈകാതെ പുറത്തിറങ്ങും. ഡപ്യൂട്ടി സെക്രട്ടറി മുതൽ സ്‌പെഷൽ സെക്രട്ടറിവരെയുള്ള ഉദ്യോഗസ്ഥർ വ്യത്യസ്ത രീതിയിൽ ബോർഡുകൾ സ്ഥാപിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് തീരുമാനം. ഡെപ്യൂട്ടി സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, അഡിഷനൽ സെക്രട്ടറി, സ്‌പെഷൽ സെക്രട്ടറി എന്നിവരുടെ സ്വകാര്യ വാഹനങ്ങളിൽ തസ്തികയുടെ പേര് സൂചിപ്പിക്കുന്ന ബോർഡ് സ്ഥാപിക്കാൻ സർക്കാർ നേരത്തെ അനുവാദം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ബോർഡുകൾ സ്ഥാപിച്ചായിരുന്നു ഉദ്യോഗസ്ഥരുടെ സഞ്ചാരം. ചിലർ സ്ഥാനപേരിനോടൊപ്പം' കേരള ഗവൺമെന്റ്', ഗവൺമെന്റ് ഓഫ് കേരള', 'കേരള സെക്രട്ടേറിയറ്റ്' തുടങ്ങിയ വാക്കുകൾ അധികമായി ചേർത്തു. ഇതു സംബന്ധിച്ച പരാതികൾ ലഭിച്ചതിനെ തുടർന്നാണ് ചീഫ് സെക്രട്ടറി യോഗം വിളിച്ചത്. ഇനി മുതൽ സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥരുടെ സ്വകാര്യ വാഹനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കേണ്ടതില്ലെന്നാണ് തീരുമാനം കൈക്കൊള്ളുകയായിരുന്നു. ഗതാഗത മന്ത്രി ഫയൽ കണ്ടശേഷം വിജ്ഞാപനമായി പുറത്തിറങ്ങും. മന്ത്രി കെബി ഗണേശ് കുമാറും തീരുമാനത്തിന് അനുകൂലമാണ്. സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥർ ഈ തീരുമാനത്തിന് എതിരാണ്. പക്ഷേ നിലവിലെ സാഹചര്യത്തിൽ ആരും പ്രതിഷേധിക്കാനിടയില്ല.
ഇതിനൊപ്പം സർക്കാർ വാഹനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്ന നിലവിലെ രീതികളിലും പരിഷ്‌കരണം വരും. സർക്കാർ വാഹനങ്ങളിൽ ബോർഡുകൾ സ്ഥാപിക്കുന്നതിനെ സംബന്ധിച്ച് കേരള മോട്ടർ വാഹന ചട്ടങ്ങളിലെ 92 (എ) വകുപ്പിലാണ് പറയുന്നത്. സർക്കാർ വകുപ്പുകളുടെ വാഹനങ്ങളിൽ വകുപ്പുകളുടെ പേരാണ് എഴുതേണ്ടത്. പകരം പലരും 'കേരള സ്റ്റേറ്റ്', 'കേരള സർക്കാർ', 'ഗവൺമെന്റ് ഓഫ് കേരള' എന്നീ രീതികളിൽ ബോർഡുകൾ സ്ഥാപിക്കുന്നുണ്ട്.കേരള സ്റ്റേറ്റ് എന്നു നിയമപ്രകാരം ഉപയോഗിക്കാൻ കഴിയുന്നത് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെ വാഹനങ്ങളിലാണ്. വിജ്ഞാപനത്തിൽ ഇക്കാര്യങ്ങൾ വിശദമായി വ്യക്തമാക്കും. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് സർക്കാർ തീരുമാനം. പരിശോധനകൾക്ക് പൊലീസിനും മോട്ടോർ വാഹന വകുപ്പിനും നിർദ്ദേശം നൽകും. അതിവേഗം വിജ്ഞാപനം പുറത്തിറക്കാനാണ് ആലോചന.