രാജ്‌കോട് - ഇന്ത്യന്‍ ഓപണര്‍ യശസ്വി ജയ്‌സ്വാള്‍ ഏഴ് ടെസ്റ്റിനിടെ രണ്ടാമത്തെ ഇരട്ട ശതകം നേടി. സര്‍ഫറാസ് ഖാന്‍ അരങ്ങേറ്റ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സിലും അര്‍ധ ശതകം പൂര്‍ത്തിയാക്കി. ഇരട്ട സെഞ്ചുറി ഇരട്ട സിക്‌സറോടെ ജയ്‌സ്വാള്‍ ആഘോഷിച്ചതോടെ രാജ്‌കോട് ടെസ്റ്റില്‍ ഇന്ത്യ നാലിന് 400 പിന്നിട്ടു. ലീഡ് 530 പിന്നിട്ടു.
കൈയിലെത്തിയ അര്‍ഹിച്ച സെഞ്ചുറി ശുഭ്മന്‍ ഗില്‍ കളഞ്ഞുകുളിച്ചെങ്കിലും ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ വിജയത്തിലേക്ക് ഒരു ചുവട് കൂടി മുന്നോട്ടു വെച്ചു. നാലാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ആതിഥേയര്‍ നാലിന് 314 ലെത്തിയിരുന്നു.
മൂന്നാം ദിനം 104 ല്‍ നില്‍ക്കെ പുറംവേദന കാരണം വിരമിച്ച യശസ്വി ജയ്‌സ്വാള്‍ തിരികെയെത്തുകയും നിര്‍ത്തിയേടത്തു നിന്ന് തുടങ്ങുകയും ചെയ്തു. റിഹാന്‍ അഹമ്മദിനെയും ജോ റൂട്ടിനെയും ജയ്‌സ്വാള്‍ സിക്‌സറിനുയര്‍ത്തി. ഏഴ് ടെസ്റ്റില്‍ 20 സിക്‌സറാണ് ജയ്‌സ്വാള്‍ അടിച്ചുകൂട്ടിയത്. 149 ലാണ് ലഞ്ചിന് പോയത്.
ടെസ്റ്റ് കരിയറിലെ ആദ്യ സിക്‌സറടിച്ച നൈറ്റ് വാച്ച്മാന്‍ കുല്‍ദീപ് യാദവാണ് (27) പുറത്തായ രണ്ടാമത്തെ ബാറ്റര്‍. കുല്‍ദീപ് സിംഗിളോടാന്‍ വിസമ്മതിച്ചതാണ് ഗില്‍ റണ്ണൗട്ടാവാന്‍ കാരണം. ടെസ്റ്റിലെ ആദ്യ സെഞ്ചുറിക്കായി ഗില്‍ കാത്തിരിപ്പ് തുടരുകയാണ്.