Sorry, you need to enable JavaScript to visit this website.

നീറ്റ്: ഇന്ത്യക്ക് പുറത്തെ പരീക്ഷ സെന്ററുകൾ പുനഃസ്ഥാപിക്കണം -പ്രവാസി മിത്ര മാസ് പെറ്റീഷൻ അയക്കുന്നു

മനാമ - ഗൾഫ് രാജ്യങ്ങളിൽ ഉൾപ്പെടെ ഇന്ത്യക്ക് പുറത്തുള്ള വിദേശ രാഷ്ട്രങ്ങളിൽ നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ ഒഴിവാക്കി നീറ്റ് പരീക്ഷ നടത്താനുള്ള നാഷണൽ ടെസ്റ്റിങ് ഏജൻസി തീരുമാനം പുനഃ പരിശോധിക്കുകയും ഇന്ത്യൻ പ്രവാസി വിദ്യാർഥികളുടെ സൗകര്യാർഥം ഇന്ത്യക്ക് പുറത്തും നീറ്റ് പരീക്ഷ എഴുതാനുള്ള സെന്ററുകൾ പുനസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പ്രവാസി മിത്രയുടെ നേതത്വത്തിൽ മാസ് പെറ്റീഷൻ അയക്കുന്നു. വിദേശ രാജ്യങ്ങളിലുള്ള നീറ്റ് സെന്ററുകൾ നിർത്തലാക്കിയ സാഹചര്യത്തിൽ കുട്ടികൾ പരീക്ഷ എഴുതുന്നതിനായി തനിയെ യാത്ര ചെയ്യേണ്ടി വരുന്നതും വലിയ തോതിലുള്ള വിമാന ടിക്കറ്റ് നിരക്കും പ്രവാസി രക്ഷിതാക്കൾക്ക് പ്രയാസം ഉണ്ടാക്കുന്ന സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത് എന്ന് പ്രവാസി മിത്ര പ്രസിഡൻറ് വഫ ഷാഹുൽ അഭിപ്രായപ്പെട്ടു. 
രാജ്യത്തിന്റെ പുരോഗതിയിലും സർവ്വതോൻമുഖമായ വളർച്ചയിലും പ്രവാസി വിദ്യാർഥികളുടെ പങ്ക് നിഷേധിക്കുന്നതിന് തുല്യമാണ് നീറ്റ് പരീക്ഷാ കേന്ദ്രങ്ങൾ വിലക്കിയതിലൂടെ സംജാതമായിരിക്കുന്നത് എന്നും അവർ പറഞ്ഞു. 

രാജ്യത്തിന്റെ സാമ്പത്തിക പുരോഗതിയിൽ നല്ലൊരു പങ്ക് വഹിക്കുന്ന പ്രവാസി സമൂഹത്തിന്റെ പുതു തലമുറക്ക് വിദേശ സെന്ററുകൾ വിലക്കുന്നത് തികച്ചും അപലപനീയവും സാമൂഹിക നീതിക്ക് നിരക്കാത്തതുമാണ് എന്ന് പ്രവാസി മിത്ര വൈസ് പ്രസിഡന്റ് ലിഖിത ലക്ഷ്മൺ പറഞ്ഞു. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് പ്രവാസി മിത്രയുടെ നേതൃത്വത്തിൽ നടക്കുന്ന മാസ് പെറ്റീഷൻ ഇമെയിൽ അയച്ച് ഇന്ദുലേഖ ഉദ്ഘാടനം ചെയ്തു. പ്രവാസി മിത്ര പ്രസിഡന്റ് വഫ ഷാഹുൽ, വൈസ് പ്രസിഡൻറ് ലിഖിത ലക്ഷ്മൺ, സെക്രട്ടറിമാരായ സബീന ഖാദർ, ഷിജിന ആഷിക്, ആബിദ തുടങ്ങിയവർ പങ്കെടുത്തു
 

Latest News