ലണ്ടന്‍ -ഇംഗ്ലിഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ കിരീടപ്പോരാട്ടം മാഞ്ചസ്റ്റര്‍ സിറ്റിയും ലിവര്‍പൂളും തമ്മില്‍ നേരിട്ടായിരിക്കില്ലെന്നുറപ്പാക്കി ആഴ്‌സനല്‍. മറുപടിയില്ലാത്ത അഞ്ച് ഗോളിന് അവര്‍ ബേണ്‍ലിയെ തകര്‍ത്തു. ലിവര്‍പൂള്‍ 4-1 ന് ബ്രന്റ്ഫഡിനെ തോല്‍പിച്ചിരുന്നു. 25 കളികളില്‍ ലിവര്‍പൂളിന് അമ്പത്തേഴും ആഴ്‌സനലിന് അമ്പത്തഞ്ചും പോയന്റാണ്. 23 കളിയില്‍ 52 പോയന്റുള്ള മാഞ്ചസ്റ്റര്‍ സിറ്റി ഇന്ന് ചെല്‍സിയെ നേരിടും.
നാലാം മിനിറ്റില്‍ മാര്‍ടിന്‍ ഓഡേഗാഡിലൂടെ ലീഡ് നേടിയ ആഴ്‌സനല്‍ ഇടവേളക്ക് മുമ്പും പിമ്പുമായി ബുകായൊ സാകയിലൂടെ ലീഡുയര്‍ത്തി. ലിയാന്ദ്രൊ ട്രോസാഡും കായ് ഹാവേട്‌സും ഗോള്‍ പട്ടിക തികച്ചു.
മൂന്നു കളിയില്‍ ആഴ്‌സനല്‍ അടിച്ചത് 14 ഗോളാണ്. വെസ്റ്റ്ഹാമിനെ 6-0 നും ലിവര്‍പൂളിനെ 3-1 നും കഴിഞ്ഞ കളികളില്‍ തോല്‍പിച്ചു. ജനുവരിയില്‍ ക്രിസ്റ്റല്‍പാലസിനെ 5-0 ന് തകര്‍ത്തു.
ലിവര്‍പൂള്‍ 4-1 ന് ബ്രന്റ്ഫഡിനെ തകര്‍ത്തു. ഡാര്‍വിന്‍ നൂനസ്, അലക്‌സിസ് മകാലിസ്റ്റര്‍, മുഹമ്മദ് സലാഹ്, കോഡി ഗാക്‌പൊ എന്നിവര്‍ ഗോളുകള്‍ നേടി. അവസാന ഏഴ് കളികളില്‍ ലിവര്‍പൂളിന്റെ ആറാം ജയമാണ് ഇത്.
എന്നാല്‍ കേടിസ് ജോണ്‍സിനും ഡിയോഗൊ ജോടക്കും ഗുരുതര പരിക്കേറ്റത് ലിവര്‍പൂള്‍ ആഘോഷത്തിന്റെ നിറം കെടുത്തി. ജോണ്‍സ് ഊന്നുവടിയിലാണ് സ്‌റ്റേഡിയം വിട്ടത്. നൂനസിനും നേരിയ പരിക്കുണ്ട്. പുതുവര്‍ഷ ദിനത്തിലാണ് സലാഹ് അവസാനം ലിവര്‍പൂളിന് കളിച്ചത്.