തൃശൂരില്‍- അപകടത്തില്‍ പരിക്കേറ്റ ഹനാനൊപ്പം ഫെയ്‌സ്ബുക്ക് ലൈവില്‍ പ്രത്യക്ഷപ്പെട്ട യുവാവിനെതിരെ സമൂഹ മാധ്യമങ്ങളില്‍ വ്യാപക പ്രതിഷേധം. കൊടുങ്ങല്ലൂര്‍ മോഡേണ്‍ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ വെച്ചാണ് കൊടുങ്ങല്ലൂര്‍ മേത്തല സ്വദേശി രാജേഷ് രാമന്‍ ലൈവ് സംപ്രേഷണം ചെയ്തത്. വേദനകൊണ്ട് പിടയുന്ന ഹനാന്റെ ദൃശ്യങ്ങളാണ് യുവാവ് ഫെയ്‌സ്ബുക്ക് ലൈവിലൂടെ പുറത്തുവിട്ടത്. സംസാരിക്കാന്‍ പാടുപെടുന്ന ഹനാനോട് അപകടത്തെ കുറിച്ച് വിവരിക്കാനും വിഡിയോയില്‍ ഇയാള്‍ ആവശ്യപ്പെടുന്നുണ്ട്.
സ്വകാര്യ സ്ഥാപനത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ലൈവ് നല്‍കിയത്. അപകടത്തിലായ ഹനാന്റെ എക്‌സ്‌ക്ലൂസീവ് ദൃശ്യങ്ങളാണ് ഇതെന്നും ഹനാന്റെ അടുക്കല്‍ ആദ്യമായി എത്തുന്നത് തങ്ങളാണെന്നും യുവാവ് വിശദീകരിച്ചു. തനിക്ക് ഒരു കാല്‍ അനക്കാനാകുന്നില്ലെന്ന വസ്തുത കരഞ്ഞുപറയുന്ന ഹനാനെ ദൃശ്യങ്ങളില്‍ കാണാം. പ്രാഥമിക ചികില്‍സ നടക്കുന്നതിനിടയിലാണ് ഇയാള്‍ ഹനാനെ സമീപിച്ചത്. ഹനാന് നിസ്സരപരിക്കുകളേയുള്ളൂവെന്നും പറയുന്നുണ്ട്. അപകടത്തില്‍ നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ ഹനാന് അടിയന്തര ശസ്ത്രക്രിയ നടത്താന്‍ ഒരുങ്ങുന്നതിനിടെയാണ് വിവാദം.
അതിനിടെ, എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റിയ ഹനാന്റെ ചികിത്സാചെലവ് ആശുപത്രിയുടെ സഹകരണത്തോടെ സര്‍ക്കാര്‍ വഹിക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. മന്ത്രി ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് ചികിത്സയെ കുറിച്ച് അന്വേഷിച്ചിരുന്നു.