Sorry, you need to enable JavaScript to visit this website.

പാർട്ടി നേതൃത്വങ്ങളിൽ സ്ത്രീകൾ വേണം

നമ്മുടെ മിക്കവാറും എല്ലാ പ്രസ്ഥാനങ്ങളേയും നയിക്കുന്നത് പുരുഷന്മാരാണ്, മിക്കവാറും സവർണ പുരുഷന്മാർ. മിക്ക പാർട്ടികളുടേയും ജില്ലാ നേതൃത്വങ്ങളിൽ പോലും സ്ത്രീകൾ എത്തിയിട്ടില്ല. അത്തരം സാഹചര്യത്തിൽ ഇന്നത്തെ അവസ്ഥക്കു മാറ്റം വരുമെന്നു പ്രതീക്ഷിക്കുന്നതിൽ എന്തർത്ഥം? അധികാരത്തെ യഥാർഥത്തിൽ നിയന്ത്രിക്കുന്നത് പാർട്ടികളായതിനാൽ സംവരണവും സ്ത്രീ പ്രാതിനിധ്യവുമടക്കം ഏതൊരു പുരോഗമനാത്മക നടപടിയും ആദ്യം നടപ്പാക്കേണ്ടത് അവിടെയാണ്. അതു ഞങ്ങളുടെ ആഭ്യന്തര കാര്യമാണെന്ന് പറയുന്നതിൽ ഒരു ന്യായവുമില്ല 

 

വളരെ ശ്രദ്ധേയമായ, ഭാവിയിൽ ചരിത്രമാകാൻ പോകുന്ന ഒരു ശ്രദ്ധേയമായ രാഷ്ട്രീയ പരിപാടിയാണ് ഇന്ന് (ഫെബ്രുവരി 17) തിരുവനന്തപുരത്ത് നടക്കുന്നത്. 'തുല്യ പ്രാതിനിധ്യ പ്രസ്ഥാനം കേരളം' കൂട്ടായ്മയുടെ നേതൃത്വത്തിൽ തയ്യാറാക്കിയിരിക്കുന്ന പെൺമെമ്മോറിയൽ അവകാശ പത്രിക രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കൈമാറുന്ന പരിപാടിയാണത്. ഒരു ലക്ഷം പേരാണ് മെമ്മോറിയലിൽ ഒപ്പിട്ടിരിക്കുന്നത്. വരാനിരിക്കുന്ന ലോക്സഭ തെരെഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും 33 ശതമാനം സ്ത്രീകളെ മത്സരിപ്പിക്കാൻ രാഷ്ട്രീയ പാർട്ടികൾ തയ്യാറാവണമെന്നാണ് മെമ്മോറിയലിലെ പ്രധാന ആവശ്യം. രക്തസാക്ഷി മണ്ഡപത്തിൽ നിന്നും എ.കെ.ജി സെന്ററിനും ഇന്ദിരാ ഭവനും മുന്നിലേക്ക് ഒപ്പ് ചുരുൾ നിവർത്തലിനു ശേഷം കെ. അജിതയാണ് മെമ്മോറിയൽ രാഷ്ട്രീയ നേതൃത്വങ്ങൾക്ക് കൈമാറുന്നത്. തുടർന്നു നടക്കുന്ന പൊതു സമ്മേളനം സാറാ ജോസഫ് ഉദ്ഘാടനം ചെയ്യും. 

നിയമനിർമാണ സഭകളിൽ സ്ത്രീകൾക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കുക, സ്ത്രീ സംവരണം വൈകിപ്പിക്കുന്ന കേന്ദ്രനയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുമാണ് പെൺ മെമ്മോറിയൽ പ്രധാനമായും മുന്നോട്ടുവെക്കുന്നത്. ഏറെ കാത്തിരിപ്പിനു ശേഷം 2023 സെപ്റ്റംബർ 29 ന് ലോകസഭയിലും സംസ്ഥാന നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സീറ്റുകൾ സംവരണം ചെയ്തു കൊണ്ടുള്ള ബിൽ നിയമമായി എന്നതു ശരിയാണ്. എന്നാൽ, ഈ നിയമത്തിന്റെ ഗുണഫലം അടുത്തെങ്ങും സ്ത്രീകൾക്ക് ലഭിക്കരുത് എന്ന ഗൂഢലക്ഷ്യത്തോടെ, അതിവിചിത്രമായ വൃവസ്ഥകൾക്കു വിധേയമായാണ് നിയമം നിലവിൽ വന്നിട്ടുള്ളത്. 2021 ൽ നടക്കേണ്ടിയിരുന്ന, എപ്പോഴാണ് നടത്തുക എന്ന് ഇനിയും നിശ്ചയിച്ചിട്ടില്ലാത്ത ജനസംഖ്യാ കണക്കെടുപ്പിനും (സെൻസസ്) തുടർന്നു നടത്തുന്ന മണ്ഡല പുനർനിർണയത്തിനും ശേഷമാണ് നിയമം നടപ്പാക്കുക എന്നാണ് വ്യവസ്ഥ ചെയ്തിട്ടുള്ളത്. എട്ടോ പത്തോ വർഷം വേണ്ടിവരും ആ പ്രക്രിയ പൂർത്തീകരിക്കാൻ. നിയമപരമായി സ്ത്രീകൾക്ക് അവകാശപ്പെട്ട മൂന്നിലൊന്ന് പ്രാതിനിധ്യം അനാവശ്യവും അന്യായവുമായ ഒരു വ്യവസ്ഥ ഏർപ്പെടുത്തി അടുത്ത ഒരു ദശവർഷക്കാലത്തേക്ക് നിഷേധിക്കുകയാവും ഇതിന്റെ ഫലം. രാജ്യം കാത്തിരുന്ന വിപ്ലവകരമായ ഒരു രാഷ്ട്രീയ തീരുമാനത്തിന്റെ ക്രെഡിറ്റ് കൈക്കലാക്കുകയും അതുവഴി 2024 ലെ പാർലമെന്റ് തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാൻ ശ്രമിക്കുകയും അതേസമയം സ്ത്രീകൾ രാഷ്ട്രീയാധികാരത്തിൽ എത്തുന്നത് സൂത്രത്തിൽ ഒഴിവാക്കുകയും ചെയ്യുക എന്ന ബി.ജെ.പിയുടെ നീചതന്ത്രമാണ് ഈ വിചിത്രമായ നിയമനിർമാണത്തിനു പിന്നിൽ.

തൊഴിലിനും വിദ്യാഭ്യാസത്തിനും രാഷ്ട്രീയ പ്രാതിനിധ്യത്തിനും വേണ്ടിയുള്ള സമരങ്ങളുടെ ചരിത്രം കൂടിയാണ് കേരളീയ ആധുനികതയുടേത്. എന്നാൽ, ലിബറൽ ജനാധിപത്യങ്ങളിൽ സാധ്യമായ തുല്യ പ്രാതിനിധ്യമോ താരതമ്യേന മെച്ചപ്പെട്ട പാർലമെന്ററി പങ്കാളിത്തമോ പോലും നേടിയെടുക്കാൻ മലയാളി സ്ത്രീകൾക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. കേരളത്തേക്കാൾ പിന്നോക്കമെന്നു കരുതപ്പെടുന്ന സംസ്ഥാനങ്ങളിലെ നിയസഭകളിലെയും അവിടെ നിന്നുള്ള ലോക്സഭ /രാജ്യസഭ അംഗങ്ങളുടെയും അത്ര പ്രാതിനിധ്യം പോലും കേരളത്തിലെ സ്ത്രീകൾക്കില്ല. കേരള നിയമസഭയിലെ സ്ത്രീ പ്രാതിനിധ്യം 8.5 % മാത്രമാണ്. ലോക്സഭയിൽ പ്രാതിനിധ്യം 5 % മാത്രവും. രാജ്യസഭയിലേക്ക് സ്വാതന്ത്രാനന്തരം നാല് സ്ത്രീകൾ മാത്രമാണ് കേരളത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ടത്. ഇപ്പോൾ ഉള്ളത് ഒൻപതിൽ ഒന്നു മാത്രം. 

ഈ സാഹചര്യത്തിലാണ് വരുന്ന ലോകസഭ തെരെഞ്ഞെടുപ്പിൽ കേരളത്തിൽ നിന്ന് 33% സ്ത്രീകളെയെങ്കിലും മത്സരിപ്പിക്കണമെന്ന് തുല്യ പ്രാതിനിധ്യ പ്രസ്ഥാനം കേരളത്തിലെ രാഷ്ട്രീയ നേതൃത്വങ്ങളോട് ആവശ്യപ്പെടുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഭരണഘടനാ ഭേദഗതിയിലൂടെ 33% സീറ്റുകൾ സ്ത്രീകൾക്ക് സംവരണം ചെയ്തപ്പോൾ 50% പ്രാതിനിധ്യം സംവരണം ചെയ്തു കൊണ്ട് മാതൃക കാട്ടിയ സംസ്ഥാനമാണ് കേരളം. എന്നാൽ നിയമസഭ- ലോക്സഭ- രാജ്യസഭ സ്ത്രീപ്രാതിനിധ്യത്തിന്റെ കാര്യത്തിൽ അങ്ങിനെയല്ല. 2014 ലെ ലോക്സഭ തെരെഞ്ഞെടുപ്പിൽ തൃണമൂൽ കോൺസ് 28% സീറ്റും 2019 ൽ 40% സീറ്റും സ്ത്രീകൾക്ക് നൽകി. അവരുടെ 22 സ്ഥാനാർത്ഥികൾ വിജയിച്ചതിൽ സ്ത്രീകൾ ഒൻപത് പേരുണ്ട്; 53% വിജയം. (17 സ്ത്രീകളെ മത്സരിപ്പിച്ചതിൽ ഒൻപത് പേർ വിജയിച്ചു). 2019 ൽ ഒഡീഷയിൽ ബിജു ജനതാദൾ 21 സീറ്റിൽ ഏഴ് സീറ്റ് സ്ത്രീകൾക്ക് നൽകി; കൃത്യം 33%. അവരുടെ ഏഴ് സ്ത്രീ സ്ഥാനാർഥികളിൽ 5 പേർ വിജയിച്ചു; വിജയശതമാനം 71. എന്നാൽ, എല്ലാറ്റിലും ഒന്നാം സ്ഥാനത്തെന്ന് അഹങ്കരിക്കുന്ന കേരളത്തിലെ എൽ.ഡി.എഫ്-യു.ഡി.എഫ് മുന്നണികൾ രണ്ട് സീറ്റുകൾ (10%) വീതം മാത്രമാണ് സ്ത്രീകൾക്ക് നൽകിയത്. ഒരാൾ മാത്രം വിജയിച്ചു. ഇന്ത്യയിലെ എത്രയോ സംസ്ഥാനങ്ങളിൽ വനിതാ മുഖ്യമന്ത്രിമാരുണ്ടായിട്ടും കേരളത്തിൽ അതുണ്ടായിട്ടില്ല. രണ്ടു തവണയെങ്കിലും ആ സാധ്യതയെ അട്ടിമറിക്കുന്നതിന് കേരളം സാക്ഷിയാകുകയും ചെയ്തു. ഇന്നോളം മന്ത്രിസഭയിലെ സ്ത്രീ പ്രാതിനിധ്യവും തുലോം തുച്ഛം തന്നെ. ഈ സാഹചര്യമാണ് വിവിധ മേഖലയിലുമുള്ള ഒരു ലക്ഷം പേരുടെ ഒപ്പുകൾ ശേഖരിച്ച് 2024 ഫെബ്രുവരി 17 ന് ശനിയാഴ്ച തിരുവനന്തപുരത്ത് മുഖ്യ രാഷ്ട്രീയ നേതൃത്വങ്ങൾക്കും മുന്നണി കൺവീനർമാർക്കും പെൺ മെമ്മോറിയൽ എന്ന നിലയിൽ കൈമാറാനുള്ള തീരുമാനത്തിന്റെ പിറകിലുള്ള പ്രേരണയെന്ന് സംഘാടകർ പറയുന്നു. 


ഏറ്റവും രസകരമായ കാര്യം എന്തെന്നു വെച്ചാൽ സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാർട്ടികളുടെ പ്രധാന നേതാക്കൾ മെമ്മോറിയലിൽ ഒപ്പുവെച്ചിട്ടുണ്ട് എന്നതാണ്. യെച്ചൂരിയും ബേബിയുമൊക്കെ ഒപ്പുവെച്ച നിവേദനമാണ് എ.കെ.ജി സെന്ററിലെത്തുക. സുധാകരനും സതീശനുമൊക്കെ ഒപ്പിട്ട നിവേദനം ഇന്ദിരാ ഭവനിലുമെത്തുന്നു. ബിനോയ് വിശ്വമും മെമ്മോറിയിൽ ഒപ്പുവെച്ചിട്ടുണ്ട്. നിവേദനത്തിലെ ആവശ്യങ്ങളെ പിന്തുണക്കുന്നവരാണല്ലോ ഒപ്പുവെക്കുക. എങ്കിൽ ഇത്രയും പ്രധാന നേതാക്കൾ ഒപ്പുവെച്ച നിവേദനത്തെ തള്ളാൻ പാർട്ടികൾക്കാവുമോ? അപ്പോൾ അതിലെ ഏറ്റവും പ്രധാന ആവശ്യം അംഗീകരിക്കപ്പെടേണ്ടതല്ലേ? എന്നാൽ തുല്യ പ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ പ്രധാന പ്രവർത്തകർ പോലും അതു പ്രതീക്ഷിക്കുന്നുണ്ടെന്നു തോന്നുന്നില്ല. ആ ദിശയിലുള്ള ഒരു നീക്കം പോലും ഒരു പാർട്ടിയിലും നടക്കുന്നതായി വാർത്തയില്ല. യു.ഡി.എഫ് ഏറക്കുറെ കഴിഞ്ഞ തവണ വിജയിപ്പിച്ചവരെ തന്നെയായിരിക്കും മത്സരിപ്പിക്കുക എന്നു വ്യക്തമാക്കി കഴിഞ്ഞു. എങ്കിൽ അതിലുള്ളത് ഒരു വനിത മാത്രം. രമ്യ ഹരിദാസ്. ഷാനിമോൾ ഉസ്മാൻ മത്സരിച്ചുതോറ്റ ആലപ്പുഴ മാത്രമാണ് ബാക്കിയുള്ളത്. അവിടേക്കും സ്ത്രീകളെ പരിഗണിക്കുന്നതായി വാർത്തയില്ല. എൽ.ഡി.എഫിന് കഴിഞ്ഞ തവണ ലഭിച്ചത് ഒറ്റ സീറ്റായതിനാൽ സിറ്റിംഗ് എം.പി എന്ന ബാധ്യതയില്ല. വേണമെങ്കിൽ കൂടുതൽ വനിതകളെ മത്സരിപ്പിക്കാനാവും. എന്നാലത് രണ്ടോ മൂന്നോ സീറ്റിലൊതുങ്ങുമെന്നാണ് സുചന. ജയിക്കാനിടയില്ലാത്ത ബി.ജെ.പിയും ചിലപ്പോൾ രണ്ടോ മൂന്നോ സീറ്റ് സ്ത്രീകൾക്ക് നൽകുമായിരിക്കും. 

നിയമപരമായി നടപ്പാക്കാതെ വനിതകൾക്ക് മൂന്നിലൊന്നു സീറ്റെങ്കിലും നൽാനുള്ള ആർജ്ജവം നമ്മുടെ പാർട്ടികൾക്കില്ല എന്നതു തന്നെയാണ് വസ്തുത. തദ്ദേശ സ്ഥാപനങ്ങളിൽ അതാണല്ലോ നടന്നത്. ലോക്‌സഭയിലേക്കും നിയമസഭയിലേക്കും സംവരണം ഉള്ളതിനാലാണല്ലോ പട്ടികജാതി - വർഗ വിഭാഗങ്ങൾക്ക് അവസരം നൽകുന്നത്. അവരെ ജനറൽ സീറ്റിൽ മത്സരിപ്പിക്കാൻ ഈ പാർട്ടികൾ തയ്യാറല്ലല്ലോ. 
നമ്മുടെ മിക്കവാറും എല്ലാ പ്രസ്ഥാനങ്ങളേയും നയിക്കുന്നത് പുരുഷന്മാരാണ്, മിക്കവാറും സവർണ പുരുഷന്മാർ. മിക്ക പാർട്ടികളുടേയും ജില്ലാ നേതൃത്വങ്ങളിൽ പോലും സ്ത്രീകൾ എത്തിയിട്ടില്ല. അത്തരം സാഹചര്യത്തിൽ ഇന്നത്തെ അവസ്ഥക്കു മാറ്റം വരുമെന്നു പ്രതീക്ഷിക്കുന്നതിൽ എന്തർത്ഥം? അധികാരത്തെ യഥാർഥത്തിൽ നിയന്ത്രിക്കുന്നത് പാർട്ടികളായതിനാൽ സംവരണവും സ്ത്രീ പ്രാതിനിധ്യവുമടക്കം ഏതൊരു പുരോഗമനാത്മക നടപടിയും ആദ്യം നടപ്പാക്കേണ്ടത് അവിടെയാണ്. അതു ഞങ്ങളുടെ ആഭ്യന്തര കാര്യമാണെന്ന് പറയുന്നതിൽ ഒരു ന്യായവുമില്ല. വിവരാവകാശ നിയമത്തെ പോലും നിഷേധിക്കാൻ അവർ ഈ വാദം ഉന്നയിക്കുന്നതു കേട്ടു. ജനാധിപത്യത്തിൽ പരമാധികാരം ജനങ്ങൾക്കാണ്. അവർക്ക് അറിയാൻ പാടില്ലാത്ത, അവർക്ക് അഭിപ്രായം പറയാൻ പാടില്ലാത്ത ഒന്നും ഒരു പാർട്ടിക്കുമില്ല, ഉണ്ടാകാൻ പാടില്ല. അതിനാൽ തന്നെ പാർട്ടികളുടെ നേതൃത്വങ്ങളും താക്കോൽ സ്ഥാനങ്ങളിലുമെല്ലാം സ്ത്രീകളെ (തീർച്ചയായും ദളിതരേയും) കൊണ്ടുവരുക എന്ന ആവശ്യവും ഉയരേണ്ടതുണ്ട്. അല്ലാത്ത പക്ഷം പെൺമെമ്മോറിയലിൽ ഉന്നയിക്കുന്ന ആവശ്യങ്ങൾ അംഗീകരിക്കപ്പെടുമെന്നു പ്രതീക്ഷിക്കാനാകില്ല. കേരളത്തിൽ മുഖ്യമന്ത്രിയാകാൻ കഴിവുള്ള സ്ത്രീകളില്ല എന്നു തുറന്നു പറഞ്ഞ ജി. സുധാകരന്റെ നിലപാട് തന്നെയാണ് മിക്കവാറും പാർട്ടിനേതാക്കളുടേത് എന്നതാണ് വസ്തുത. മുഖ്യമന്ത്രിയാക്കണമെന്ന് പലരും ആവശ്യപ്പെടുന്ന കെ.കെ. ശൈലജപോലും വനിതാ മുഖ്യമന്ത്രി അനിവാര്യമല്ല എന്നു പ്രസ്താവിച്ചതും ഈ മെമ്മോറിയൽ സമർപ്പണ വേളയിൽ ഓർക്കണം. 


ജാതിമത വ്യത്യാസമില്ലാതെ എല്ലാവരെയും സമഭാവനയോടെ കാണാനുള്ള മനഃസ്ഥിതിതന്നെയായിരുന്നു അദ്ദേഹത്തിന്റെ ഏറ്റവും വലിയ ഗുണം. പുരോഗമനം വാതോരാതെ മൈക്കിന് മുമ്പിൽ വിളിച്ചുകൂവുന്ന പലർക്കുമിതില്ലെന്നോർക്കണം. ഇവിടെയാണ് ശശികുമാർ വർമ്മയേപ്പോലെയുള്ളവർ വേറിട്ടുനിൽക്കുന്നത്. വലതു കൈ കൊടുക്കുന്നത് ഇടതു കൈ അറിയരുതെന്ന നിലപാടുകാരനായിരുന്നു. ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം ചെയ്തിരുന്നത് നേരിട്ടറിയാം

Latest News