ജിദ്ദ - ഏഷ്യന്‍ വംശജയായ വേലക്കാരിക്ക് ഊഷ്മളവും കെങ്കേമവുമായ യാത്രയയപ്പ് നല്‍കി സൗദി കുടുംബം. നീണ്ട 23 വര്‍ഷക്കാലം തങ്ങളുടെ വീട്ടില്‍ സ്തുത്യര്‍ഹമായി ജോലി ചെയ്ത് എല്ലാവരുടെയും സ്‌നേഹാദരങ്ങള്‍ നേടിയ വേലക്കാരിക്ക് ഫൈനല്‍ എക്‌സിറ്റില്‍ സ്വദേശത്തേക്ക് തിരിച്ചുപോകുന്നതിന് തൊട്ടു മുമ്പാണ് കുടുംബം യാത്രയപ്പ് നല്‍കിയത്. കുട്ടികളായിരിക്കെ തങ്ങളെ പരിചരിച്ച വേലക്കാരിയോടുള്ള ഇഷ്ടവും സ്‌നേഹവും പ്രകടിപ്പിച്ച് വീട്ടിലെ മക്കളാണ് യാത്രയയപ്പിന് മുന്‍കൈയെടുത്തത്.
വീട്ടിലെ ഒരു മുറി പ്രത്യേകം അലങ്കരിച്ചാണ് യാത്രയയപ്പ് ചടങ്ങ് സംഘടിപ്പിച്ചത്. കുടുംബാംഗങ്ങള്‍ വിളിച്ചുവരുത്തിയതിനെ തുടര്‍ന്ന് ഈ റൂമിലേക്ക് കടന്നുവന്ന വേലക്കാരി യാത്രയയപ്പ് ചടങ്ങും ഇതിലെ ഒരുക്കങ്ങളും കുടുംബാംഗങ്ങളുടെ സ്‌നേഹവും കണ്ട് ആനന്ദാശ്രുക്കള്‍ പൊഴിച്ചു. തന്റെ പേര് രേഖപ്പെടുത്തിയ കേക്ക് ചടങ്ങില്‍ വെച്ച് വേലക്കാരി കട്ട് ചെയ്ത് എല്ലാവര്‍ക്കും വിതരണം ചെയ്തു. ചടങ്ങില്‍ വെച്ച് വേലക്കാരിക്ക് കുടുംബാംഗങ്ങള്‍ വിലപിടിച്ച സമ്മാനങ്ങള്‍ കൈമാറുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോ കുടുംബാംഗങ്ങള്‍ തന്നെ ചിത്രീകരിച്ച് സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. സൗദി കുടുംബത്തിന്റെ ചെയ്തിയെ സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പ്രശംസിച്ചു.